Please login to post comment

തീപ്പെട്ടി

  • admin trycle
  • May 25, 2020
  • 0 comment(s)

തീപ്പെട്ടി

 

മനുഷ്യകുലത്തിന്‍റെ വളര്‍ച്ചയിൽ നിര്‍ണ്ണായകമായൊരു ഘടകമാണ് തീയുടെ കണ്ടുപിടുത്തം. തീയുണ്ടാക്കാന്‍ നമ്മുക്ക് എന്താണ് ആവശ്യമായിട്ടുള്ളത്?? ഓക്സിജന്‍, ഇന്ധനം, കത്തിക്കാന്‍ ഉപയോഗിക്കുന്ന വസ്തു എന്നിവയൊക്കെയാണ് ആവശ്യം. തീയുണ്ടാക്കാന്‍ വേണ്ട അവശ്യവസ്തുക്കളുടെ എണ്ണത്തിലും പ്രവൃത്തിയുടെ പിന്നിൽ ഉള്ള സിദ്ധാന്തത്തിന്റെ കാര്യത്തിലും മറ്റും വളരെ ലളിതമാണെങ്കിലും, പ്രായോഗികമായി തീ രൂപപ്പെടുത്തിയെടുക്കുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതായി വന്നിട്ടുണ്ട്. തീ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിലെ വലിയൊരു നാഴികക്കല്ലായിരുന്നു തീപ്പെട്ടിയുടെ കണ്ടുപിടിത്തം.

 

അപായരഹിതമായ മട്ടിൽ വളരെ പെട്ടെന്ന് തീ ഉണ്ടാക്കൽ സാദ്ധ്യമാക്കുന്ന ഒരു ഉപകരണമാണ് തീപ്പെട്ടി. കാർഡ്ബോർഡ് അല്ലെങ്കിൽ നേർത്ത മരം കൊണ്ട് നിർമ്മിച്ചതും തീപ്പെട്ടി കോലുകൾ സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്തതുമായ ഒരു ബോക്സാണ് തീപ്പെട്ടി. തീ ഉണ്ടാക്കാനുള്ള പെട്ടി എന്ന അർത്ഥത്തിൽ ഇത് തീപ്പെട്ടി എന്ന് മലയാളത്തിൽ അറിയപ്പെട്ടുപോന്നു. ഘർഷണത്തിന്റെ സഹായത്തോടെ രണ്ട് രാസവസ്തുക്കൾ തമ്മിലുള്ള പ്രതിപ്രവർത്തനം സാദ്ധ്യമാക്കിക്കൊണ്ടാണ് തീപ്പെട്ടികൾ പ്രവർത്തിക്കുന്നത്. പല രസായനികളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാദ്ധ്യതകൾ നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ്സും സൾഫറുമൊക്കെ ആദ്യകാലത്ത് ഉപയോഗിച്ചു നോക്കിയിരുന്നു. എന്നാൽ ഇവയിൽ പലതും അനിയന്ത്രിതവും അപ്രതീക്ഷിതവുമായി തീ പിടിക്കുന്നവയും വിഷമയവും ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള അപകടരഹിതങ്ങളായ തീപ്പെട്ടികൾ (safety matches) നിലവിൽ വരുന്നത്. 

 

ഇന്ന് കാണുന്ന രീതിയില്‍ വളരെ എളുപ്പവും ലളിതവുമായ രീതിയില്‍ ആവശ്യാനുസരണം തീയുണ്ടാക്കാന്‍ കഴിയുന്ന രീതിയിലേക്ക് എത്തിയത് വളരെ ആകസ്മികമായാണ്. എ.ഡി 950 മുതല്‍ പഴക്കമുള്ള രേഖകളില്‍ തീ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും. 1680-ല്‍ റോബര്‍ട്ട് ബോയ്ല്‍ എന്ന ശാസ്ത്രജ്ഞന്‍ സള്‍ഫറും, ഫോസഫറസും കൂടി ഉരസുമ്പോള്‍ തീ ഉണ്ടാകുന്നു എന്ന് കണ്ടെത്തി. 1805-ല്‍ ഫ്രഞ്ച് രസതന്ത്രജ്ഞനായ ജീന്‍ ചാന്‍സെല്‍ പഞ്ചസാര, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫ്യൂറിക് ആസിഡ് എന്നിവയിലേക്ക് ഒരു മരക്കഷ്ണം ഇട്ട് വലിയതോതില്‍ തീ ഉണ്ടാക്കി. ഇത് ചെറിയ രീതിയിലുള്ള സ്ഫോടനത്തിനു സമാനവും, അപകടകരവും, ചെലവേറിയതുമായിരുന്നു. ഇവയെല്ലാം തന്നെ രാസപ്രവര്‍ത്തനങ്ങളായിരുന്നതിനാല്‍ എല്ലാ സമയവും നിര്‍മ്മിക്കുവാന്‍ പ്രാപ്യമായിരുന്നില്ല. പോരാത്തതിന് ഇവ ഫലം കാണുന്നതിന് ശരിയായ അളവില്‍ നിശ്ചിതസമയത്തിനുള്ളില്‍ ഇവയെല്ലാം ചേര്‍ക്കേണ്ടതായി വരുന്നു എന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനെയെല്ലാം പരിഹരിച്ചുകൊണ്ട് കൃത്യമായ ഘര്‍ഷണം കൊണ്ട് തീയുണ്ടാക്കാനുള്ള വിദ്യ ആദ്യമായി 1826-ല്‍ ജോണ്‍ വാക്കര്‍ അവതരിപ്പിച്ചു.

 

അദ്ദേഹം ഒരു ചെറു വടി ഉപയോഗിച്ച് പൊട്ടാസ്യം ക്ലോറേറ്റ്, ആന്റിമണി സൾഫൈഡ്, മറ്റ് ചേരുവകൾ എന്നിവയുടെ മിശ്രിതം ഇളക്കുകയായിരുന്നു. കുറച്ചു സമയം അനക്കാതെ വച്ചപ്പോൾ ഈ മിശ്രിതത്തിന്റെ ഒരു ഭാഗം ഇളക്കുന്ന വടിയുടെ അറ്റത്ത് ഉണങ്ങി പിടിച്ചു. വാക്കർ ഉണങ്ങിയ ഭാഗം കളയാൻ വേണ്ടി കല്ല് തറയിൽ ഉരച്ചപ്പോൾ, വടിയുടെ അറ്റത്തു തീ ഉണ്ടായി. ഇത് വലിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു. ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ തീയുണ്ടാക്കുനുള്ള വാക്കറുടെ വിദ്യ വ്യാവസായികമായി വളരെ മുന്നേറ്റം നടത്തി. 1827-ല്‍ വാക്കര്‍ ഈ കണ്ടുപിടുത്തത്തിന്‍റെ ആദ്യത്തെ വ്യാവസായിക ഉത്പന്നമായ ഫ്രിക്ഷന്‍ ലൈറ്റ് വിറ്റു. ഇന്നത്തെ തീപ്പെട്ടിക്കൊള്ളിയുടെ ആദ്യ രൂപം കാർഡ്ബോർഡ് കൊണ്ടായിരുന്നു നിര്‍മ്മിച്ചിട്ടുള്ളത്. പിന്നീടത് മുറിച്ച തടിക്കഷ്ണങ്ങളിലേക്ക് മാറി. ക്രമേണ ഇവയുടെ വലുപ്പം ചെറുതാക്കി ഒന്നിലധികം കൊള്ളികൾ അടങ്ങുന്ന പെട്ടികളിലാക്കി വില്പന നടത്താന്‍ ആരംഭിച്ചു. ഉരസിക്കത്തിക്കുന്നതിന് പെട്ടികളില്‍ സാന്‍ഡ്പേപ്പറും ഉള്‍പ്പെടുത്തിയിരുന്നു. തന്‍റെ ഈ കണ്ടുപിടുത്തത്തിന് പേറ്റന്‍റ് നല്‍കാന്‍ അദ്ദേഹം തീരുമാനിക്കും മുമ്പുതന്നെ ലണ്ടനിലെ സാമുവല്‍ ജോണ്‍സ് വാക്കറുടെ ഫ്രിക്ഷന്‍ ലൈറ്റിന്‍റെ തനിപകര്‍പ്പ് 1829-ല്‍ ലൂസിഫേഴ്സ് എന്ന പേരില്‍ അവതരിപ്പിച്ചു.

 

രസകരമായ വസ്തുത: ആദ്യത്തെ പരമ്പരാഗത, ഘർഷണം അടിസ്ഥാനമാക്കിയുള്ള തീപ്പെട്ടിക്ക് മുമ്പാണ് സിഗരറ്റ് ലൈറ്റർ കണ്ടുപിടിച്ചത്. 1823 ൽ ഹൈഡ്രജനും പ്ലാറ്റിനവും ഉപയോഗിച്ച് ലൈറ്റർ കണ്ടുപിടിച്ചു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...