Please login to post comment

അക്ബർ ചക്രവർത്തി

  • admin trycle
  • Aug 8, 2020
  • 0 comment(s)



ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാരിൽ ഏറ്റവും ശക്തനും മഹാനുമായ വ്യക്തിയായിരുന്നു അക്ബർ ചക്രവർത്തി. 1556 മുതൽ 1605 വരെ ഭരണം നടത്തിയ അദ്ദേഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും മുഗൾ അധികാരം വ്യാപിപ്പിച്ചു. ലോകചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചക്രവര്‍ത്തിമാരില്‍ ഒരാളായാണ് ബ്രിട്ടാനിക്ക അക്ബറിനെ ചിത്രീകരിക്കുന്നത്. പിതാവ് ഹുമായുണിന്റെ മരണത്തെ തുടർന്ന് 14–ാം വയസ്സിലാണ് അക്ബർ ചക്രവർത്തിപദത്തിലെത്തിയത്.

1542 ൽ ഇപ്പോൾ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉമർക്കോട്ടിലാണ് അക്ബർ പിറന്നത്. അബുല്‍ഫത്ത് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബര്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1530-ല്‍ സിംഹാസനത്തിലേറിയ ഹുമയൂണിന് 1540-ല്‍ നടന്ന യുദ്ധത്തില്‍ ഷേര്‍ഷായോടു തോറ്റ്, ദില്ലിയും ആഗ്രയും ഉപേക്ഷിച്ച് ഓടേണ്ടിവന്നു. ഷേർഷായോട് പരാജയപ്പെട്ട് പലായനം ചെയ്ത ഹുമായൂണിന്റെ ഈ പ്രവാസകാലത്താണ് അക്ബർ ജനിച്ചത്. പിന്നീട് ഖണ്ഡഹാര്‍, കാബൂള്‍, പഞ്ചാബ്, ദില്ലി, ആഗ്ര തുടങ്ങിയ പ്രദേശങ്ങള്‍ ഹുമയൂൺ തിരിച്ചുപിടിച്ചിരുന്നു. അക്ബറിനെ പതിമൂന്നാം വയസ്സിൽ പഞ്ചാബ് മേഖലയുടെ ഗവർണറാക്കി. ഹുമയൂണിന്റെ പെട്ടെന്നുള്ള മരണത്തോടെ മുഗള്‍സാമ്രാജ്യം വീണ്ടും അരക്ഷിതാവസ്ഥയിലായിത്തീര്‍ന്നു. പതിനാലാമത്തെ വയസ്സിലാണ്‌ അക്ബർ ചക്രവർത്തിയായി സ്ഥാനമേറ്റത്. തന്റെ ചക്രവർത്തിപദം അന്വർഥമാക്കുന്നതിന് അക്ബറിന് ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കേണ്ടിയിരുന്നു.

ഭരണം ഏറ്റെടുത്ത അക്ബറിന് ആദ്യം നേരിടേണ്ടിവന്നത് ആദിര്‍ഷാ സൂറിന്റെ മന്ത്രിയായിരുന്ന ഹിമുവിനെ ആയിരുന്നു. 1556 നവംബർ 5 ന് നടന്ന രണ്ടാം പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ അക്ബർ ശത്രുവിനെ വധിക്കുകയും ഡല്‍ഹിയും ആഗ്രയും തന്റെ അധീനതയിൽ ആക്കുകയും ചെയ്തു. സിക്കന്ദര്‍ സൂറിനെ തോല്പിച്ചതോടെ പഞ്ചാബ് മുഴുവന്‍ അക്ബറിന്റെ അധീനതയിലായി. അക്ബറിന്റെ ഒരു വലിയ വിജയം 1561-ല്‍ മാള്‍വ കീഴടക്കിയതാണ്. യുദ്ധത്തടവുകാരെ അടിമകളാക്കുന്നതിനെ ഇദ്ദേഹം കര്‍ശനമായി തടഞ്ഞത് ഈ യുദ്ധത്തോടെയാണ്. സുശക്തമായ ഭരണസംവിധാനത്തിന് പ്രബലമായ കോട്ടകൾ നേടിയെടുക്കേണ്ടത് ആവശ്യമാണെന്ന് അക്ബർ ചക്രവർത്തിക്കു ബോധ്യമായി. തുടർന്ന് 1568 ൽ ചരിത്രപ്രാധാന്യമുള്ള ചിറ്റോർ (ഇപ്പോൾ ചിറ്റൂർഗഡ്) കോട്ട അദ്ദേഹം പിടിച്ചടക്കി. അക്ബർ കോട്ടയിൽ പ്രവേശിച്ചപ്പോൾ കണ്ടത് രജപുത്രസ്ത്രീകൾ സതി അനുഷ്ഠിച്ച ചിതയുടെ അവശിഷ്ടങ്ങളാണ്. ചിത്തോറിന്റെ പതനത്തിനുശേഷം രൺഥംഭോർ കോട്ടയും കലിഞ്ജാർ കോട്ടയും അക്ബർ കീഴടക്കി. 1573 ൽ ഗുജറാത്തും 1576 ൽ ബംഗാളും അക്ബർ മുഗൾ സാമ്രാജ്യത്തോട് ചേർത്തു. പിന്നീട് 1586 ൽ കശ്മീർ പ്രദേശം, 1591 ൽ സിന്ധ്, 1595 ൽ കന്ദഹാർ (അഫ്ഗാനിസ്ഥാൻ), 1600 ൽ അഹമ്മദ്‌നഗര്‍, 1601 ൽ അസിര്‍ഘര്‍ എന്നിവകൂടി അക്ബർ തന്റെ സാമ്രാജ്യത്തോട് ചേർത്തു.

49 വർഷം സമർത്ഥമായി രാജ്യം ഭരിച്ച അക്ബറിന് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. എന്നാൽ തന്റെ ഭരണകാലത്ത് വിവിധഭാഷകളിലായി 24,000 പുസ്തകങ്ങളുള്ള സ്വന്തം ഗ്രന്ഥശാല സ്ഥാപിച്ച അദ്ദേഹം സാഹിത്യമടക്കം കലകളെ പോഷിപ്പിക്കാൻ യത്നിക്കുകയും ചെയ്തു. ഇന്ത്യയിൽ ചിട്ടയായ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം സംഘടിപ്പിച്ചതിന്റെ ബഹുമതിയും അക്ബറിനാണ്. തന്റെ എല്ലാ പ്രജകളോടും ഒരുപോലെ പെരുമാറിയ അദ്ദേഹം തന്റെ സാമ്രാജ്യത്തിലുടനീളം ധാരാളം സ്കൂളുകളും കോളേജുകളും തുറന്നു. വിദ്യാർത്ഥികളുടെ വ്യക്തിഗത ആവശ്യങ്ങളും ജീവിതത്തിന്റെ പ്രായോഗിക ആവശ്യങ്ങളും അടിസ്ഥാനമാക്കി കുറച്ച് പാഠ്യപദ്ധതികളും അദ്ദേഹം അവതരിപ്പിച്ചു. അക്ബറിന്റെ വിദ്യാഭ്യാസ നയങ്ങൾ അദ്ദേഹത്തിന്റെ പിൻഗാമികളായ ജഹാൻഗീറും ഷാ ജഹാനും തുടർന്നു.

ഇദ്ദേഹത്തിന്റെ വാസ്തുശില്പങ്ങൾ ഹിന്ദു-പേർഷ്യൻ രീതികളുടെ സമ്മേളന രംഗങ്ങളുമായിരുന്നു. 1569-ൽ നിർമിതമായ ഹുമയൂണിന്റെ ശവകുടീരം, ആഗ്ര, ലാഹോർ, അലഹബാദ് എന്നിവിടങ്ങളിലെ കോട്ടകൾ, ഫത്തേപൂർ സിക്രിയിലെ ഹർമ്മ്യങ്ങൾ എന്നിവ ചക്രവർത്തിയുടെ കലാഭിരുചിയുടെ പ്രതീകങ്ങളാണ്. രോഗ ബാധിതനായി അവശനായ അക്ബർ ചക്രവർത്തി 1605 ഒക്ടോബർ 25 ന് രാത്രി ആഗ്രയിൽ വെച്ച് അന്തരിച്ചു. സിക്കന്തരയിൽ അദ്ദേഹം തന്നെ തുടങ്ങിവച്ച ശവകുടീരത്തിൽ മതാനുഷ്ഠാനങ്ങളോടെ ചക്രവർത്തിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടു. ഔറംഗസീബിനോടുള്ള പ്രതികാരത്തിന്റെ ഭാഗമായി 1661-ൽ ജാട്ടുവംശജർ ഈ ശവകുടീരം കൊള്ളയടിക്കുകയും ഭൗതികാവശിഷ്ടം നശിപ്പിക്കുകയും ചെയ്തു.











( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...