Please login to post comment

അയ്യങ്കാളി

  • admin trycle
  • Apr 18, 2020
  • 0 comment(s)

അയ്യങ്കാളി

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളുടെ നിരയില്‍ മുന്‍പന്തിയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. 1863 ആഗസ്റ്റ് 28-ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലെ പ്ലാവറത്തറ കുടിയിൽ അയ്യന്റെയും മാലയുടെയും മകനായി പുലയ കുടുംബത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. കുട്ടിക്കാലത്ത് കാളി എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്, കേരളത്തിലെ അന്നത്തെ ജാതി വ്യവസ്ഥകൾ മൂലം പ്രാഥമിക വിദ്യാഭ്യാസം പോലും ഈ മഹാന് ലഭിച്ചിട്ടില്ല. ആദ്യകാലത്ത് കുട്ടികളുടെ നേതാവായ അയ്യങ്കാളി പിന്നീട് ജന്മി-കുടിയാന്‍ ബന്ധത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് ആദ്യമായി സാമൂഹ്യ ഇടപെടല്‍ നടത്തിയത്.

വസ്ത്രം ധരിക്കാനോ റോഡിലൂടെ നടക്കാനോ വിദ്യാഭ്യാസം നേടാനോ എന്തിനേറെ ഒരു മനുഷ്യരായിപ്പോലും പിന്നാക്കവിഭാഗക്കാരെ പരിഗണിക്കാത്ത സാഹചര്യത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. ഈ സാഹചര്യമാണ് അദ്ദേഹത്തിലെ പോരാട്ടവീര്യത്തെ ഉണര്‍ത്തുന്നതും കാളിയെ അയ്യങ്കാളിയാക്കിയതും. ജന്മിമാര്‍ക്ക് പാടത്ത് കൃഷി ചെയ്യിക്കാനുള്ള ഒരുപകരണം മാത്രമായിരുന്ന പിന്നാക്കവിഭാഗക്കാര്‍ക്ക് അന്ന് പൊതുസ്ഥലങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ഇവർ രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ട് പരിശോധിക്കില്ല, മാത്രമല്ല ഗുളികകള്‍ എറിഞ്ഞുകൊടുക്കും. നീചമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ അയ്യങ്കാളി ശബ്ദമുയര്‍ത്തി. ആദ്യകാലത്ത് സ്വന്തം സമുദായത്തില്‍ നിന്ന് പോലും കടുത്ത എതിര്‍പ്പ് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്ന അദ്ദേഹം പിന്നീട് യുവാക്കളെ സംഘടിപ്പിക്കുകയും അവരെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.

അക്കാലത്തെ ജന്മിമാരുടെ വാഹനമായ വില്ലുവണ്ടി സമൂഹത്തിലെ മുന്തിയ വാഹനവും അതിലുള്ള യാത്ര അന്യജാതിക്കാര്‍ക്ക് നിഷിദ്ധവുമായിരുന്നു. ഇതിനെതിരെ 1893-ല്‍ വെങ്ങാനൂരിലെ പൊതുവഴിയിലൂടെ മണികെട്ടിയ വില്ലുവണ്ടിയില്‍ യാത്രചെയ്ത് അയ്യങ്കാളി ചരിത്രം സൃഷ്ടിച്ചു. പിന്നീട് അയ്യങ്കാളി സുഹൃത്തുക്കളുമായി പൊതുനിരത്തിലൂടെ വഴിനടക്കല്‍ സമരം പ്രഖ്യാപിച്ചു. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. എന്നാൽ ഇത് അദ്ദേഹത്തെ സ്വന്തം സമുദായത്തിലെയും മറ്റ് പിന്നാക്ക വിഭാഗത്തിലെയും ജനങ്ങൾക്കിടയിൽ ശക്തനായ നേതാവാക്കി മാറ്റി. സഞ്ചാര സ്വാതന്ത്ര്യത്തിനായി പരിശ്രമിച്ച അയ്യങ്കാളി കര്‍ഷകസമരങ്ങള്‍ക്കും നേതൃത്വം നല്‍കി. ആഴ്ചയില്‍ ഒരു ദിവസം അവധിയനുവധിക്കുക, പണിസമയം ചുരുക്കുക, കൂലി നിശ്ചയിക്കുക, പഠിക്കാനുള്ള അവസരം നല്‍കുക, പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ അവസരം നല്‍കുക എന്നതൊക്കെയായിരുന്നു അയ്യങ്കാളി മുന്നോട്ട് വച്ച ആവശ്യങ്ങള്‍. തൊഴിലാളികളുടെ ആവശ്യങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി.

1904-ല്‍ അദ്ദേഹം സ്വന്തമായി ഒരു നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു. 1905-ല്‍ തന്നെ വന്നുകണ്ട അയ്യങ്കാളിയോട് ശ്രീനാരായണഗുരു പറഞ്ഞു, ' പ്രവര്‍ത്തിക്കൂ, പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സംഘടന വേണം. ഒരു സംഘടനയുണ്ടാക്കി ആളുകളെ കാര്യങ്ങളും ബോധ്യപ്പെടുത്തി അവരുടെ ആവശ്യം നേടിക്കൊടുക്കൂ. നിശ്ചയമായും അയ്യങ്കാളി വിജയിക്കും.' ഇത് അയ്യങ്കാളിക്ക് കൂടുതൽ ഊർജ്ജം നൽകി. 1907-ല്‍ സാധുജന പരിപാലന യോഗം സ്ഥാപിച്ചതോടെ അദ്ദേഹം ദളിതരുടെ ശക്തനായ നേതാവായി മാറി. വിദ്യാഭ്യാസത്തിലൂടെ സമൂഹ സ്വാതന്ത്ര്യത്തിലേക്ക് എത്തണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അയ്യങ്കാളിയുടെ ശ്രമഫലമായി 1910-ന് തിരുവിതാംകൂര്‍ മഹാരാജാവ് അയിത്തജാതിക്കാര്‍ക്ക് സ്കൂള്‍പ്രവേശനം അനുവദിച്ചു. തുടര്‍ന്ന് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുകയും അത് കലാപത്തിന് വഴിതെളിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി സര്‍ക്കാര്‍ പിന്നാക്കവിഭാഗത്തിനായി ഒരു സ്കൂള്‍ ആരംഭിച്ചു. 1912-ല്‍ അയ്യങ്കാളി തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

വസ്ത്രധാരണസങ്കല്പങ്ങളിൽ ജാതിപരമായ ഉച്ചനീചത്വം തലയുയർത്തി നിന്നിരുന്ന കാലത്ത്, അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങൾക്ക് നേരെ മാടമ്പികൾ അക്രമം അഴിച്ചുവിട്ടു. വൈകാതെ പ്രത്യാക്രമണങ്ങളും ആരംഭിക്കുകയും തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി മാറുകയും ചെയ്തു. ഇതോടെ പിന്നാക്ക വിഭാഗങ്ങളോട് കൊല്ലത്തെ പീരങ്കി മൈതാനത്ത് സമ്മേളിക്കാൻ അയ്യങ്കാളി ആഹ്വാനം ചെയ്തു. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ സമ്മേളനത്തിൽ വെച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യങ്കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

സാധുജനങ്ങള്‍ക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരില്‍ ഒരു കുടുംബകോടതിയും അദ്ദേഹം സ്ഥാപിച്ചു. അയ്യന്‍കാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1937 ജനുവരി 15-ാം തീയതി മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചു. ആ കൂടിക്കാഴ്ചയില്‍ വച്ച് ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ്‌ എന്ന് വിശേഷിപ്പിച്ചു.1938-ല്‍ സാധുജന പരിപാലന സംഘം പുലയമഹാസഭ എന്നായി മാറി. ജീവിതാന്ത്യം വരെ കര്‍മ്മനിരതനായ അയ്യങ്കാളി 1941 ജൂണ്‍ 18-ന് രോഗബാധിതനായി അന്തരിച്ചു. കവടിയാറില്‍ സ്ഥിതിചെയ്യുന്ന അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്തത് ഇന്ദിരാഗാന്ധിയാണ്.













( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...