Please login to post comment

ആന്‍ ഫ്രാങ്ക്

  • admin trycle
  • Apr 9, 2020
  • 0 comment(s)

ആന്‍ ഫ്രാങ്ക്

 

രണ്ടാംലോകമഹായുദ്ധകാലത്തെ കെടുതികളെക്കുറിച്ച് എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകശ്രദ്ധ നേടിയ പെണ്‍കുട്ടിയാണ് അന്‍ലീസ് മേരി ഫ്രാങ്ക് എന്ന ആന്‍ ഫ്രാങ്ക്. അവള്‍ കുറിച്ചിട്ട ആ വരികളില്‍ നിന്നാണ് ലോകം അവളെയും അവള്‍ അനുഭവിച്ച കൊടും ഭീകതരയെയും പറ്റി അറിഞ്ഞത്. രണ്ടാംലോകമഹായുദ്ധകാലത്തെ ജൂതരുടെ ജീവിതത്തെ അത്രമേല്‍ തീവ്രമായിട്ടാണ് അവൾ അടയാളപ്പെടുത്തിയത്.

 

1929 ജൂണ്‍ 12 ന് ജര്‍മനിയിലെ ഒരു ജൂത കുടുംബത്തിലാണ് ആന്‍ ഫ്രാങ്ക് ജനിച്ചത്. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാർഗറ്റ് ഫ്രാങ്കായിരുന്നു ഏക സഹോദരി. ജര്‍മ്മനിയില്‍ നാസികള്‍ ജൂതന്മാർക്കെതിരെ വംശശുദ്ധിയുടെ പേരില്‍ അക്രമം ആരംഭിക്കുകയും, ജൂതരെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ ആനിന്റെ കുടുംബം ഹോളണ്ടിലേക്ക് പലായനം ചെയ്തു. ഓട്ടോ ഫ്രാങ്ക് ഭാര്യയും രണ്ട് പെൺമക്കളുമായി ആംസ്റ്റര്‍ഡാമില്‍ സ്ഥിരതാമസമാക്കുകയും വ്യവസായം ആരംഭിക്കുകയും ചെയ്തു. 1941-ല്‍ ജര്‍മ്മന്‍ പട്ടാളം ഹോളണ്ടില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ പബ്ലിക്സ്കൂളില്‍ നിന്നും ആന്‍ഫ്രാങ്കിന് ഒരു യഹൂദസ്കൂളിലേക്ക് മാറേണ്ടി വന്നു. 1942 ജൂണ്‍ 12ന്, തന്‍റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ വെള്ളയും ചുവപ്പും നിറങ്ങളോടുകൂടിയ ഒരു ഡയറി ആനിന് സമ്മാനമായി കിട്ടി. ആ ദിവസം മുതല്‍ ആന്‍ ഡയറി എഴുതിത്തുടങ്ങി. 'കിറ്റി' എന്ന ഓമന പേരിട്ട് വിളിച്ച ആ ഡയറിയായിരുന്നു ആന്‍ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്ത്. "മറ്റൊരാളില്‍ ഇതുവരെ സാധിക്കാത്ത തരത്തില്‍ നിന്നില്‍ പരിപൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കാമെന്ന് എനിക്ക് തോന്നുന്നു. നീ എനിക്ക് ഒരു താങ്ങും തണലുമായിരിക്കുമെന്നും കരുതുന്നു" ആന്‍ കുറിച്ചു.

 

വൈകാതെ നാസികൾ ഹോളണ്ടിലെ ജൂതന്മാരെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെമ്പറുകളില്‍ നിഷ്‌കരുണം കൊലചെയ്യാൻ തുടങ്ങി. അതോടെ ആനും കുടുംബവും ഒളിവിൽ പോയി. വിശ്വസ്തരായ ഏതാനും ആളുകളുടെ സഹായത്തില്‍ ഏകദേശം രണ്ടു വര്‍ഷം പുറം ലോകത്തിനു ഒരു സൂചനയും കൊടുക്കാതെ അവർ ജീവിച്ചു. ഒളിവില്‍ കഴിഞ്ഞ കാലത്തും ആന്‍ ഫ്രാങ്ക് തന്റെ ഡയറി എഴുത്ത് തുടർന്നു. തന്റെ സ്വപനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ദേഷ്യവുമെല്ലാം ആന്‍ പങ്കു വച്ചത് കിറ്റിയോടയിരുന്നു. അവസാനമായി ഡയറിയില്‍ ആന്‍ കുറിപ്പുകള്‍ എഴുതിയത് 1944 ആഗസ്റ്റ് ഒന്നിനാണ്. 1945 ൽ ബെര്‍ഗന്‍-ബെല്‍സന്‍ കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് ആനും സഹോദരി മാര്‍ഗട്ടും ടൈഫസ് ബാധയേറ്റ് മരണപ്പെട്ടുവെന്ന് ഡച്ച് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി.

 

ആൻ മരണത്തിന് കീഴടങ്ങിയെങ്കിലും അവൾ കിറ്റിയോട് പങ്കുവെച്ച കാര്യങ്ങൾ വെറും ഡയറിക്കുറിപ്പുകള്‍ മാത്രമായി ഒതുങ്ങിയില്ല. 1942 ജൂണ്‍ 12-നും 1944 ആഗസ്റ്റ് ഒന്നിനും ഇടക്ക് അനക്‌സ് എന്ന ഒളിസങ്കേതത്തിലിരുന്ന് അവള്‍ എഴുതിയ ഡയറി കുറിപ്പുകളാണ് പില്‍ക്കാലത്ത് 'ദി ഡയറി ഓഫ് എ യങ് ഗേള്‍' എന്ന പേരില്‍ പ്രശസ്തമായത്. നാസി ഭരണത്തിന്‍ കീഴില്‍ ജൂതന്മാര്‍ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ച് ലോകം അറിഞ്ഞത് ആ കുറിപ്പുകളില്‍ കൂടിയായിരുന്നു. അനക്‌സ് ഇന്ന് പ്രതിദിനം നിരവധി സന്ദര്‍ശകർ വന്നുപോവുന്ന ഒരു മ്യൂസിയമാണ്. 1945-ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. 1947- ൽ ആന്‍ ഫ്രാങ്കിന്റെ ഡയറി പ്രസിദ്ധീകരിച്ചു. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് 1952-ല്‍ ദ ഡയറി ഓഫ് എ യങ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങി. ലോകത്തിലെ വ്യത്യസ്തങ്ങളായ 65 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ഇത് ഒട്ടേറെ സിനിമ, നാടക, ടെലിവിഷന്‍ പരിപാടികള്‍ക്ക് പ്രചോദനമാകുകയും ചെയ്തു. ഈ കുറിപ്പുകളാണ് യുദ്ധക്കെടുതികളെക്കുറിച്ചുള്ള ബുക്കുകളില്‍ ഏറ്റവുമധികം ആളുകള്‍ വായിച്ചത്. 1955 ഒക്ടോബറില്‍ ഈ ഡയറിക്കുറിപ്പുകള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി. 1956-ല്‍ മികച്ച നാടകത്തിനുള്ള ടോണി അവാര്‍ഡും, പുലിറ്റ്സര്‍ പ്രൈസും ഈ നാടകത്തിന് ലഭിച്ചു.

 

ആൻ ഡയറി എഴുതുന്നതിനോടൊപ്പം തന്നെ നിരവധി കഥകളും അനുഭവങ്ങളും ഒളിവുജീവിത സമയത്ത് എഴുതി സൂക്ഷിച്ചിരുന്നു. യുദ്ധത്തിനു ശേഷം അവ പ്രസിദ്ധീകരിക്കാനും ആൻ ആഗ്രഹിച്ചിരുന്നു. ആൻ എഴുതിയ കഥകൾ, ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ 'ഒളിത്താവളത്തിൽ നിന്നുള്ള കഥകൾ' എന്ന പേരിൽ പിന്നീട് പുറത്തിറക്കി.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...