Please login to post comment

ഫെർഡിനാന്റ് മഗല്ലൻ

  • admin trycle
  • Jul 22, 2020
  • 0 comment(s)


ലോകത്തെ വിജയകരമായി പ്രദക്ഷിണം വയ്ക്കുന്നതിനുള്ള ആദ്യ പര്യവേഷണത്തിന് നേതൃത്വം നൽകിയ പോർച്ചുഗീസ് നാവികനും പര്യവേക്ഷകനുമാണ് ഫെർഡിനാന്റ് മഗല്ലൻ. ഭൂമി പരന്നതല്ലെന്നും അതിന് ഗോളാകൃതിയാണെന്നുമുള്ള ആശയം സ്ഥിരീകരിക്കുന്നതിന് ഈ പ്രദക്ഷിണം സഹായിച്ചു.

പോർച്ചുഗലിലെ സബ്രോസ ജില്ലയിൽ 1480 ൽ ആയിരുന്നു ഫെർഡിനാന്റ് മഗല്ലൻ ജനിച്ചത്. റൂയി ദ മഗല്ലനും അൽഡാ ദ മെസ്ക്വിറ്റായും ആയിരുന്നു മഗല്ലന്റെ മാതാപിതാക്കൾ. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം പോർച്ചുഗലിലെ ലിയോനോർ രാജ്ഞിയുടെ കൊട്ടാരത്തിലെ പരിചാരകനായി ചേർന്നു. 1505-ൽ 25 വയസ്സുള്ളപ്പോൾ അദ്ദേഹം, ഇൻഡ്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിക്കപ്പെട്ട, ഫ്രാൻസിസ്കോ ഡി അൽമേഡയുടെ കപ്പൽ സേനയിൽ ചേർന്നു. ആഫ്രിക്കൻ, ഇന്ത്യൻ തീരങ്ങളിൽ മുസ്ലീം സമുദ്രശക്തി പരിശോധിക്കാനും ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ പോർച്ചുഗീസ് സാന്നിധ്യം സ്ഥാപിക്കാനും മാനുവൽ രാജാവ് അയച്ചതായിരുന്നു ഈ കപ്പൽ പട. അടുത്ത ഏഴു വർഷങ്ങളിൽ, ഇന്ത്യയിലും ആഫ്രിക്കയിലും നിരവധി പര്യവേഷണങ്ങളിൽ പങ്കെടുത്ത മഗല്ലന് നിരവധി യുദ്ധങ്ങളിൽ പരിക്കേറ്റു. ഇന്ത്യയിൽ വെച്ച് കണ്ണൂർ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. പോർച്ചുഗീസ് സാമ്രാജ്യത്തിന് പ്രതിവർഷം പാട്ടം സമർപ്പിക്കാൻ വിസമ്മതിച്ച മൊറോക്കൻ ഗവർണറെ വെല്ലുവിളിക്കാൻ മാനുവൽ രാജാവ് 1513-ൽ മൊറോക്കോയിലേക്ക് അയച്ച സൈന്യത്തിൽ മഗല്ലനും ചേർന്നു. പോർച്ചുഗീസുകാർ മൊറോക്കൻ സേനയെ എളുപ്പത്തിൽ കീഴടക്കുകയും, മഗല്ലൻ പിന്നീട് കുറച്ചുകാലം മൊറോക്കോയിൽ തന്നെ തുടരുകയും ചെയ്തു.

പതിനഞ്ചാം നൂറ്റാണ്ടിൽ സുഗന്ധവ്യഞ്ജനങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രഭവകേന്ദ്രമായിരുന്നു. ഈ നിർണായക ചരക്കിന്റെ നിയന്ത്രണത്തിനുള്ള ആദ്യകാല മത്സരത്തിൽ പോർച്ചുഗലും സ്‌പെയിനും നേതൃത്വം നൽകി. കിഴക്കോട്ട് കപ്പൽ കയറിയാണ് യൂറോപ്യന്മാർ സ്പൈസ് ദ്വീപുകളിൽ എത്തിയതെങ്കിലും യൂറോപ്പിൽ നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ലോകത്തിന്റെ മറുവശത്തേക്ക് എത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. ആദ്യമായി മഗല്ലൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. പരിചയസമ്പന്നനായ ഒരു കടൽ യാത്രക്കാരനായ മഗല്ലൻ, സ്പൈസ് ദ്വീപുകളിലേക്കുള്ള പടിഞ്ഞാറൻ യാത്രയ്ക്കുള്ള പിന്തുണ തേടി പോർച്ചുഗൽ രാജാവ് മാനുവലിനെ സമീപിച്ചു. രാജാവ് അദ്ദേഹത്തിന്റെ അപേക്ഷ ആവർത്തിച്ച് നിരസിച്ചു. 1517-ൽ നിരാശനായ മഗല്ലൻ തന്റെ പോർച്ചുഗീസ് ദേശീയത ഉപേക്ഷിക്കുകയും സ്പെയിനിലേക്ക് താമസം മാറ്റുകയും ചാൾസ് ഒന്നാമൻ രാജാവിൽ നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലേക്ക് ജലമാർഗ്ഗം കണ്ടെത്താനുള്ള പര്യവേഷണത്തിന് പിന്തുണ നേടുകയും ചെയ്തു.

കിഴക്കൻ ഏഷ്യയിലേക്കുള്ള പുതിയ വഴി കണ്ടെത്തുന്നതിനായി 1519 സെപ്റ്റംബറിൽ മഗല്ലന്റെ നേതൃത്വത്തിൽ 270 ലധികം ആളുകൾ ട്രിനിഡാഡ്, സാന്റിയാഗോ, ദി വിക്ടോറിയ, കോൺസെപ്ഷൻ, സാൻ അന്റോണിയോ എന്നീ 5 കപ്പലുകളിൽ സ്പെയിനിൽ നിന്നും യാത്ര പുറപ്പെട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ മഗല്ലന്റെ കപ്പല്‍വ്യൂഹം ഡിസംബറോടെ ലാറ്റിനമേരിക്കന്‍ തീരദേശനഗരമായ റിയോ ഡി ജനൈറൊവിലെത്തി. 1520 ൽ അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രവുമായി കൂട്ടിയിണക്കുന്ന ജലപാത കണ്ടെത്തിയ അദ്ദേഹം ഈ ഭാഗത്തെ 'ഓൾ സെയിന്റ്സ് ചാനൽ' എന്ന് വിളിച്ചു. ഇന്ന് അത് 'മഗല്ലൻ കടലിടുക്ക്' എന്ന് അറിയപ്പെടുന്നു. ഈ കടലിടുക്ക് വഴി എത്തിച്ചേർന്ന സമുദ്രത്തെ മഗല്ലൻ സമാധാനം എന്നർഥമുള്ള പസഫിക്കോ എന്ന് വിളിച്ചു. സാന്റിയാഗോ മുങ്ങുകയും സാൻ അന്റോണിയോ യാത്ര ഉപേക്ഷിക്കുകയും ചെയ്തതിനാൽ മൂന്ന് കപ്പലുകൾ മാത്രമാണ് ഈ ഘട്ടത്തിൽ അവശേഷിച്ചിരുന്നത്. പസഫിക് സമുദ്രത്തിലെ യാത്രക്കിടയിൽ പട്ടിണിയും രോഗങ്ങളും കാരണം കൂട്ടത്തിൽ പലരും മരണപ്പെട്ടു.

1522 സെപ്റ്റംബറിൽ യാത്ര അവസാനിക്കുമ്പോൾ മഗല്ലൻ കപ്പലിൽ ഉണ്ടായിരുന്നില്ല. ഫിലിപ്പൈൻസിൽ വെച്ച് പ്രാദേശിക ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത അദ്ദേഹം അവിടെ വച്ച് കൊല്ലപ്പെട്ടു. ജുവാൻ സെബാസ്റ്റ്യൻ ഡെൽ കാനോയുടെ നേതൃത്വത്തിലുള്ള വിക്ടോറിയ എന്ന കപ്പൽ മാത്രമാണ് സ്പെയിനിൽ തിരിച്ചെത്തിയത്. ഇതിൽ അവശേഷിച്ചിരുന്ന 18 പേർ ലോകത്തെ വിജയകരമായി പ്രദക്ഷിണം വെച്ച ആദ്യ യാത്ര പൂർത്തീകരിച്ചു.










( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...