Please login to post comment

മന്നത്ത് പത്മനാഭന്‍

  • admin trycle
  • Jul 7, 2020
  • 0 comment(s)

മന്നത്ത് പത്മനാഭന്‍

 

കേരളത്തിലെ നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ച പ്രമുഖ വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനയ ഇദ്ദേഹം നായർ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ സമ്പ്രദായങ്ങളെയും രീതികളെയും എതിർത്തു. ബ്രഹ്മണമേധാവിത്വത്തിനെതിരെയും അടിമ മനോഭാവത്തിനെതിരെയും അദ്ദേഹം ശക്തമായി പോരാടി. കേരള നവോത്ഥാന പ്രസ്ഥാനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ മന്നത്ത് കേരളത്തിലെ നവോത്ഥാന ചിന്തകളെ നായർ വിഭാഗത്തിൽ പ്രചരിപ്പിച്ചു.

 

1878 ജനുവരി രണ്ടാം തീയതി ചങ്ങനാശ്ശേരിയിലെ പെരുന്ന എന്ന ഗ്രാമത്തിലാണ് മന്നത്ത് ജനിച്ചത്. വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരിയുടെയും മന്നത്ത് ചിറമറ്റത്ത്‌ പാർവതി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. അഞ്ചു വയസ്സിൽ എഴുത്തിനിരുത്തിയ അദ്ദേഹം കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. പിന്നീട് വേറെ ആശാൻ കളരികളിലും പഠനം തുടർന്ന അദ്ദേഹം അതിനുശേഷം ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം പഠിത്തം തുടർന്നു. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠിത്തം നിർത്തേണ്ടി വന്ന അദ്ദേഹം പിന്നീട് വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്ന് പഠനം തുടർന്നു. വിദ്യാഭ്യാസത്തിന് ശേഷം വളരെ ചെറിയ പ്രായത്തില്‍ തന്നെ കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിക്ക് ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് സ്വപ്രയത്‌നത്താല്‍ അഭിഭാഷകനായി.

 

കേരളത്തിൽ ഉയർന്നു വന്ന നവോത്ഥാന ചിന്തകളെ നായർ വിഭാഗങ്ങൾക്കിടയിൽ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ സാമൂഹികപ്രവർത്തകൻ എന്ന നിലയിൽ രംഗപ്രവേശം ചെയ്യുന്നത്. സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രവർത്തിച്ച അദ്ദേഹം ആർഭാട രഹിതമായ രീതിയിൽ ചടങ്ങുകൾ നടത്താൻ ആവശ്യപ്പെട്ടു. 1914 ലാണ് മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) സ്ഥാപിച്ചത്. കേരളത്തില്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക, കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ ദോഷങ്ങളില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി അതിന്റെ പ്രാരംഭകാലത്ത് നേതൃത്വം നല്‍കി.

 

കൂട്ടുകുടുംബ വ്യവസ്ഥയിൽ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആർഭാടപരവും അമിത ചിലവോടുകൂടിയതുമായ ആഘോഷങ്ങൾക്ക് വിരാമമിടുക എന്നിങ്ങനെ സമുദായിക സംരക്ഷണത്തിലും സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിലും മന്നം സജീവമായി ഏർപ്പെട്ടു. സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവച്ചിരുന്ന അദ്ദേഹം നമ്പൂതിരിമാർ നായർ സ്ത്രീകളെ വിവാഹം ചെയ്യുന്ന സംബന്ധം എന്ന സമ്പ്രദായത്തിനെ എതിർത്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാകൂ എന്ന് മനസിലാക്കിയ മന്നത്ത് പത്മനാഭന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള ഇടപെടൽ നടത്തിയിരുന്നു.

 

1924 ല്‍ വൈക്കം സത്യാഗ്രഹത്തിന്റെ കാലത്ത് വൈക്കത്ത് നിന്ന് തിരുവന്തപുരത്തേക്ക് നടത്തിയ സവർണ ജാഥയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സഞ്ചാര സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശമാണെന്ന് എഴുതിയ ബോർഡ് വച്ചുകൊണ്ടായിരുന്നു ആ ജാഥ പോയത്. ഗുരുവായൂർ സത്യഗ്രഹത്തിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് സി.പി. രാമസ്വാമി അയ്യർ ഭരണത്തിനെതിരെ സമരം ചെയ്ത മന്നത്ത് 1949 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.

 

1959ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച വ്യക്തികളിൽ ഒരാൾ മന്നത്ത് പത്മനാഭന്‍ ആയിരുന്നു. 1959 ൽ രാഷ്ട്രപതിയിൽ നിന്നും ഭാരത കേസരി സ്ഥാനം ലഭിച്ച അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതി നൽകിയും രാജ്യം ആദരിച്ചു. 'ജീവിതസ്മരണകള്‍' അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1970 ഫെബ്രുവരി 25 ന് അദ്ദേഹം അന്തരിച്ചു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...