Please login to post comment

കല്ലായി പുഴ

  • admin trycle
  • Mar 17, 2020
  • 0 comment(s)

കല്ലായി പുഴ

 

കോഴിക്കോടിന്റെ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലയുടെ വികസനത്തിൽ വളരെ അധികം പങ്ക് വഹിച്ച ഒരു പുഴയാണ് കല്ലായി പുഴ. മലയാളത്തിലെ സാഹിത്യലോകത്തിനും സിനിമയ്ക്കും പ്രിയപ്പെട്ടതായിരുന്ന കല്ലായി പുഴയുടെ തീരങ്ങൾ കോഴിക്കോട്ടെ ആളുകൾ ആദ്യകാലത്ത് ജീവിത മാർഗ്ഗം കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്നാണ്. കല്ലായിപ്പുഴയുടെ ഒഴുക്കിന്റെയും കല്ലായിപ്പുഴയുടെ തീരങ്ങളിലെ ഗസലിന്റെ ഈണങ്ങള്‍ക്കും ഒപ്പമാണ് കോഴിക്കോടും വളര്‍ന്നത്.

 

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ചെരികുളത്തൂർ എന്ന പ്രദേശത്ത് നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിക്ക് 22 കിലോമീറ്റർ നീളമാണ് ഉള്ളത്. കോഴിക്കോട് സാമൂതിരിയുടെ കാലത്ത് ഏറ്റവും കൂടുതൽ ജലഗതാഗതം നടന്നത് കല്ലായി പുഴയിലൂടെയാണ്.  അറബികൾ മുതൽ ബ്രിട്ടീഷുകാർ വരെ ഈ നദിയുടെ ഉപയോക്താക്കളാണ്. സാമൂതിരിയുടെ അരിയിട്ട് വാഴ്ച്ച കഴിഞ്ഞ് ആദ്യം കോഴിക്കോട് വരുമ്പോൾ ഉള്ള പ്രധാന ചടങ്ങ് കല്ലായി പുഴ കടക്കലായിരുന്നു. നഗരത്തിലെ ഖാസിയും, കോയയും, മരക്കാരും, മുസ്ലിയാരും കൂടിയായിരുന്നു സാമൂതിരിപ്പാടിനെ ഈ ചടങ്ങിലേക്ക് ആനയിച്ചിരുന്നത്. ഒന്നാമത്തെ സാമൂതിരിയായ മാനവിക്രമന്‍ പോളനാട്ടിലെ പോര്‍ളാതിരിയെ തോല്‍പ്പിച്ചതിന്റെ വിജയാഘോഷ അനുസ്മരണമായിട്ടാണ് ഈ ചടങ്ങ് നടത്തിയിരുന്നത്. മുസ്ലിം സുഹൃത്തുക്കളുടെ സഹായം കൊണ്ടായിരുന്നു മാനവിക്രമന് പോളനാട് കീഴടക്കനായത്.

 

നിലമ്പൂർ വനത്തിലെ മരത്തടികൾ കോഴിക്കോട് എത്തിച്ചേർന്നത് കല്ലായി പുഴയിൽ കൂടിയാണ്. ഒരു കാലത്ത് മലബാർ മേഖലയിലെ മരവ്യവസായത്തിന്റെ ഇറ്റില്ലമായിരുന്നു ഇവിടം. 300 ലധികം മില്ലുകൾ പ്രവർത്തിച്ചിരുന്ന ഇവിടെ ഇന്ന് വിരലിലെണ്ണാവുന്ന മില്ലുകളെ ഉള്ളു. പുഴയിലെ ഉപ്പുവെള്ളം മരത്തടികൾക്ക് ഉറപ്പ് കൂട്ടുന്നതായിരുന്നു ഇവിടെ വ്യവസായം വളരാൻ കാരണമായത്. സാമൂതിരിയുടെ കാലംതൊട്ടേ ആരംഭിച്ച കല്ലായിയിലെ മരവ്യാപാരം ബ്രിട്ടീഷ് ഭരണകാലത്ത് കൂടുതൽ കരുത്തുനേടി. ഇവിടേക്ക് മരമെത്തിക്കാനായി മലബാർ കളക്ടർ ഹെൻറി വാലന്റൈൻ കനോലി ഒരു കനാൽ നിർമ്മിച്ചു. കോരപ്പുഴയുമായി കല്ലായിയെ ബന്ധിപ്പിക്കുന്ന ആ കനാലിനെ നാട്ടുകാർ ആദരപൂർവം ‘കനോലി കനാൽ’ എന്ന് വിളിച്ചു. കനോലി കനാൽ കൂടിയായതോടെ വടക്കൻ പ്രദേശങ്ങളിൽനിന്ന്‌ ധാരാളം തടി ഇവിടേക്ക് എത്തിത്തുടങ്ങി. മാത്രമല്ല ഇതുവഴിയുള്ള ജലഗതാഗതം കോഴിക്കോടിന്റെ പ്രധാന ഗതാഗത മാർഗ്ഗമായും മാറി. കല്ലായി പുഴക്ക് കുറുകെ കല്ലായിപ്പാലവും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചു. മരവ്യാപാരത്തിന് കോഴിക്കോട് എത്തിയ വിദേശികൾ ഈ പുഴയെ അന്താരാഷ്ട്രതലത്തിൽ വരെ അറിയപ്പെടുന്ന ഒരു നദിയായി മാറ്റിയിട്ടുണ്ട്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിന്റെ നിർമ്മിതിക്കും നെപ്പോളിയൻ തോറ്റ വാട്ടർലൂ യുദ്ധത്തിനാവശ്യമായ തടികളും മറ്റും ഇവിടെ നിന്നാണ് കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു. തീവണ്ടിപ്പാളം നിർമ്മിക്കാനായി ഇന്ത്യൻ റെയിൽവേ തടിസ്ലീപ്പറുകൾ സംഭരിച്ചിരുന്നതും കല്ലായിയിൽനിന്നുതന്നെയാണ്. ഇത്തരത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ മരവ്യവസായകേന്ദ്രമായി കല്ലായിത്തീരം വളർന്നിരുന്നു.

 

മരം മാത്രമായിരുന്നില്ല കല്ലായിയിലെ വാണിജ്യവസ്തു. തടി കയറ്റിവരുന്ന ചങ്ങാടങ്ങളിൽതന്നെ നിലമ്പൂർ കാടുകളിൽനിന്നുള്ള മലഞ്ചരക്കുകളും വയനാട്, കുറ്റ്യാടി ഭാഗത്തുനിന്നുള്ള കാർഷികവസ്തുക്കളും കല്ലായിയിലെത്തി. മരമിറക്കിയശേഷം കോഴിക്കോട്ടങ്ങാടിയിൽനിന്ന് അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും നിറച്ചാണ് തോണികൾ തിരിച്ചുപോകുക. തോണികളിൽ കയറ്റിറക്ക് നടത്തുന്ന ഉത്പന്നങ്ങളുടെ വിലയ്ക്കനുസരിച്ചുള്ള ചുങ്കം പിരിക്കാനായി ‘പാതാർ’ എന്നറിയപ്പെടുന്ന പിരിവുകേന്ദ്രവും കല്ലായിയിലുണ്ടായിരുന്നു. മാത്രമല്ല പുഴയിൽ നിന്നുള്ള മത്സ്യബന്ധനവും ഒരു കാലത്ത് ഇതിന്റെ തീരങ്ങളിലെ ആളുകളുടെ പ്രധാന തൊഴിലായിരുന്നു. ആദ്യകാലത്ത് ധാരാളം മത്സ്യങ്ങൾ ഉണ്ടായിരുന്ന ഈ പുഴയിൽ മാലിന്യപ്രശ്നംകാരണം ഇന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.

 

ഇന്ന് കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കനോലികാനാൽ വഴി ഇവിടെ എത്തുന്നുണ്ട്. ഒപ്പം നിരവധി അറവുശാലകളിൽ നിന്നും എത്തുന്ന മാലിന്യങ്ങൾ പുഴയെ പൂർണ്ണമായും നശിപ്പിക്കുന്നു. മാലിന്യ പ്രശ്നങ്ങൾ സമീപവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ട്ടിക്കുന്നുണ്ട്. 1996 മുതൽ കല്ലായ് പുഴ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി രംഗത്തുള്ള സർക്കാർ നാട്ടുകാർ രൂപീകരിച്ച കല്ലായി പുഴ സംരക്ഷണ സമിതിയുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്തുന്നു. 

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...