Please login to post comment

ആനി പാച്ചൻ

  • admin trycle
  • May 21, 2020
  • 0 comment(s)

ആനി പാച്ചൻ

 

ചൈനയും ടിബറ്റും തമ്മിലുള്ള യുദ്ധത്തെ കുറിച്ച് പറയുമ്പോൾ ഓർക്കേണ്ട ഒരു പേരാണ് ആനി പാച്ചൻ. ആനി പാച്ചൻ ഒരു ടിബറ്റൻ യോഗിനിയായിരുന്നു. പിന്നീട് ഇവർ സന്യാസിനി ജീവിതം ഉപേക്ഷിക്കുകയും ടിബറ്റും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ തൻ്റെ ഗ്രാമവാസികളോടൊപ്പം ചേരുകയും ചെയ്തു. ടിബറ്റിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്ത ഈ ധീര വനിതയുടെ പോരാട്ടത്തിന് അവർ വിധിച്ച 21 വർഷത്തെ ജയിൽ ജീവിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

 

കിഴക്കൻ ടിബറ്റിലെ ഖാം പ്രവിശ്യയിലെ ഗോൺജോയിൽ ഉള്ള ഒരു പ്രാദേശിക തലവന്റെ ഏക കുട്ടിയായി 1933 ലാണ് ആനി പാച്ചൻ ജനിച്ചത്. ഫോംഡ സാങ്‌ നിരയിലെ ലെംദ വംശത്തിന്റെ തലവൻ ആയിരുന്നു ആനി പാച്ചന്റെ പിതാവ്. ജനനസമയത്ത് പാച്ചൻ ഡോൾമ എന്നായിരുന്നു ഇവരുടെ ആദ്യ പേര്, പിന്നീട് ബുദ്ധമത സന്യാസിനിയായ ശേഷമായിരുന്നു അനി പച്ചൻ എന്ന പേര് സ്വീകരിച്ചത്. പതിനേഴാമത്തെ വയസ്സിൽ, മറ്റൊരു വംശത്തിലെ തലവനുമായി തന്നെ വിവാഹം കഴിപ്പിക്കാനുള്ള പിതാവിന്റെ പദ്ധതികളെക്കുറിച്ച് അവൾ കേട്ടു. ഇതിനെത്തുടർന്ന് ഒരു സന്യാസമഠത്തിലേക്ക് ഓടിപ്പോയ ഇവർ ഒരു ബുദ്ധ കന്യാസ്ത്രീയായി. എന്നിരുന്നാലും, വിവാഹനിശ്ചയം റദ്ദാക്കുമെന്ന പിതാവിന്റെ വാഗ്ദാനത്തിന് ശേഷം, അവർ വീട്ടിൽ തിരിച്ചെത്തി. അതിന് ശേഷം മതപഠനത്തിനും പിതാവിൽ നിന്ന് ഒരു തലവൻ ആകുന്നതിയേക്കുറിച്ചും പഠിക്കുന്നതിനായി അവർ സമയം കണ്ടെത്തി. ആത്മീയ ജീവിതത്തിലേക്ക് ആകർഷിക്കപ്പെടുമ്പോഴും അവൾ സവാരി ചെയ്യാനും വെടിവയ്ക്കാനും പഠിച്ചിരുന്നു.

 

1950-ൽ ആനി പാച്ചൻ സന്യാസിനി ജീവിതം നയിക്കുവാനായി പോകുമ്പോൾ തന്നെ ആ മേഖലയിൽ ചൈനയുടെ അതിക്രമം ആരംഭിച്ചിരുന്നു. അടുത്ത കുറച്ച് വർഷത്തേക്ക്, പ്രാദേശിക തലവന്മാരുമായി പിതാവിന്റെ ഭരണപരമായ യോഗങ്ങളിൽ ആനി പാച്ചൻ ഇരുന്നു. 1954-ൽ 6 മാസം ഗ്യാൽ‌സെ റിൻ‌പോച്ചെയുടെ മഠത്തിൽ ചെലവഴിച്ച ആനി പാച്ചൻ ഈ സമയത്ത് എൻ‌ഗോൻഡ്രോ അഥവാ പ്രാഥമിക മത പരിശീലനം പൂർത്തിയാക്കി. 1950 മുതൽ ഓരോ ബുദ്ധസന്യാസി മഠങ്ങളും തകർക്കുവാൻ തുടങ്ങിയ ചൈന തന്റെ ജനതയുടെ മുകളിലും അതി രൂക്ഷമായ ആക്രമണം അഴിച്ചുവിടും എന്ന തോന്നൽ ആനിയെ സന്യാസിനി ജീവിതം അവസാനിപ്പിക്കുവാനും തൻ്റെ ജനതയുടെ കൂടെ പോരാട്ടത്തിന് ഇറങ്ങുവാനും പ്രേരിതയാക്കി. 1958-ൽ അനി പാച്ചൻ യുദ്ധസമിതികളിൽ പിതാവിന്റെ അരികിൽ ഇരുന്നു. അതേ വർഷം, അവളുടെ പിതാവ് രോഗബാധിതനായി മരിച്ചു. ചൈനയുടെ അതിരൂക്ഷമായ കടന്നുകയറ്റത്തെ തിരിച്ച് എതിരിടാൻ ടിബറ്റൻ ജനത തയ്യാറായി നിൽക്കുന്ന സമയത്താണ് ഗോത്ര തലവനായ ആനി പാച്ചൻ്റെ പിതാവ് മരണമടയുന്നത്.

 

ആനി പാച്ചന്റെ നേതൃത്വത്തിൽ ചില എതിർത്ത് നിൽപ്പുകളെല്ലാം നടത്തിയെങ്കിലും വൻ സന്നാഹങ്ങളുള്ള ചൈനീസ് പട്ടാളത്തെ വളരെ കാലം പ്രതിരോധിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. 1960ൽ ചൈനീസ് പട്ടാളം ആനിയേയും സംഘത്തെയും കീഴ്‌പ്പെടുത്തി. "ചൈനീസ് പട്ടാളത്തിന് കയ്യിൽ കിട്ടുമ്പോൾ എനിക്ക് 25 വയസ്സായിരുന്നു ഉണ്ടായിരുന്നത്. 21 വർഷത്തെ ജയിൽ ജീവിതം വളരെയധികം ക്രൂരതകൾ നിറഞ്ഞതായിരുന്നു. കൈകൾ പിറകിൽ കെട്ടി ഷോൾഡറുകളുടെ ബന്ധം പോകുന്നതുവരെ തല്ലുക, കഷ്ടിച്ച് ഒരാൾക്ക് നിൽക്കുവാൻ കഴിയുന്ന കുഴിയിൽ നിർത്തുക എന്നിങ്ങനെ മൃഗീയവും പൈശാചികവുമായ ഒത്തിരിയേറെ കാര്യങ്ങൾ അവർ എന്നോട് ചെയ്തു" ജയിൽ ജീവിതം അവസാനിച്ച 1981ൽ പുറത്തിറങ്ങിയ ആനി പാച്ചൻ്റെ വാക്കുകൾ ആണിവ. 1981 നു ശേഷം ആനി പാച്ചൻ ദലൈ ലാമയോടൊപ്പം ചേർന്നു. 2002 ഫെബ്രുവരി രണ്ടാം തീയതി സമാനതകളില്ലാത്ത ഈ പോരാളി ലോകത്തോട് വിടപറഞ്ഞു.

( 0 ) comment(s)

toprated

English

Designed for beginners, this 45 minutes course aim... Read More

Oct 12, 2019, 15 Comments

Doodling for Beginners

This course is designed for absolute beginners in ... Read More

Jun 18, 2019, 5 Comments

View More...