Please login to post comment

കൂടിയാട്ടം

  • admin trycle
  • Mar 5, 2020
  • 0 comment(s)

കൂടിയാട്ടം

 

കേരളത്തിലെ എറ്റവും പ്രാചീനമായ നാടകാഭിനമായ കൂടിയാട്ടം ഭാരതത്തില്‍ അവശേഷിച്ചിട്ടുള്ള ഏക സംസ്കൃതനാടകാവതരണമാണ്. പ്രാചീനസംസ്കൃതനാടകങ്ങളുടെ കേരളീയമായ രംഗാവതരണരീതിയായ ഈ കലാരൂപത്തെ രണ്ടായിരം വര്‍ഷത്തോളം പഴക്കമുളള വിശ്വപൈതൃകകലയായി യൂനെസ്കോ അംഗീകരിച്ചിട്ടുണ്ട്. 'കൂടിയാട്ട'മെന്നാല്‍ കൂടിയുള്ള അല്ലെങ്കിൽ ഒരുമിച്ചുള്ള ആട്ടം എന്നാണ് അർഥം. ഒന്നിലധികം അഭിനേതാക്കള്‍ ഒരേസമയം അരങ്ങില്‍ വരുന്ന ഈ കലയിൽ രസാവിഷ്കാരത്തിനാണ് പ്രാധാന്യം. 

 

സാധാരണയായി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് നടത്തി വരാറുള്ള കൂടിയാട്ടം ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ചില പ്രത്യേക ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രമാണ് അവതരിപ്പിച്ചിരുന്നത്. തച്ചു ശാസ്ത്രമനുസരിച്ച് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നിര്‍മ്മിക്കുന്ന കൂത്തമ്പലങ്ങള്‍ എന്നറിയപ്പെടുന്ന നാടക ശാലകളാണ് കൂടിയാട്ടത്തിന്റെ വേദി. കൂത്തമ്പലത്തിലെ രംഗവേദിയില്‍ നിലവിളക്കിനു മുന്നിലായാണ് കൂടിയാട്ടത്തിലെ നടന്മാര്‍ അഭിനയിക്കുന്നത്. ഇരുന്നഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ പീഠങ്ങളും രംഗത്തുണ്ടായിരിക്കും. ഓരോ കഥാപാത്രവും ആദ്യം പ്രവേശിക്കുമ്പോള്‍ തിരശ്ശീല പിടിക്കും. മിഴാവാണ് കൂടിയാട്ടത്തിലെ പ്രധാനവാദ്യം. ഇടയ്ക്ക, ശംഖ്, കുറുംകുഴല്‍, കുഴിത്താളം എന്നിവയാണ് മറ്റുവാദ്യങ്ങള്‍. ചാക്യാര്‍, നമ്പ്യാര്‍സമുദായത്തിൽ പെട്ടവരാണ് ഈ ക്ഷേത്രകല അവതരിപ്പിച്ചിരുന്നത്. കേരളത്തിലെ ക്ഷേത്രകലകളിൽ സ്ത്രീകലാകാരികൾക്ക് മാന്യമായ സ്ഥാനം ലഭിച്ചിരുന്ന കൂടിയാട്ടത്തിൽ, മറ്റ് കലകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് സ്ത്രീകൾതന്നെയാണ്. ചാക്യാരും നങ്ങ്യാരും പങ്കെടുക്കുന്ന സാത്വികാഭിനയപ്രധാനമായ അവതരണം കൂടിയായ ഈ കലയിൽ, ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാര്‍ പുരുഷവേഷവും നങ്ങ്യാര്‍ സ്ത്രീവേഷവും കെട്ടിയാടുന്നു. ശ്ലോകം ചൊല്ലുക, കുഴിത്താളം പിടിക്കുക എന്നീ പ്രവൃത്തികളും നങ്ങ്യാരുടേതാണ്. 

 

വളരെക്കാലത്തെ പരിശീലനം കൂടിയാട്ടത്തിന് ആവശ്യമുണ്ട്. പൊതുവെ വാക്കുള്ളതെന്നും വാക്കില്ലാത്തതെന്നും രണ്ടായി കൂടിയാട്ടത്തെ വിഭജിക്കുന്നു. വിദൂഷകകഥാപാത്രത്തിന്‍റെ വാചികാഭിനയത്തെയാണ് വാക്ക് എന്ന് പറയുന്നത്. കൂടിയാട്ടത്തിന്‍റെ രംഗാവതരണത്തിന്‍റെ വിശദമായ പാഠങ്ങള്‍ ക്രമദീപിക, ആട്ടപ്രകാരം എന്നിവയാണ്. അഭിനയത്തിനാണ് കൂടിയാട്ടത്തില്‍ പ്രാധാന്യം. ഭരതമുനിയുടെ 'നാട്യശാസ്ത്ര' ത്തില്‍ പറയുന്ന നാല് അഭിനയരീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ കൂടിയാട്ടത്തില്‍ ഒത്തു ചേരുന്നു. ഹസ്തമുദ്രകള്‍ ഉപയോഗിച്ചുള്ള വിസ്തരിച്ച അഭിനയവും ഇളകിയാട്ടം, പകര്‍ന്നാട്ടം, ഇരുന്നാട്ടം തുടങ്ങിയ സവിശേഷ അഭിനയരീതികളും കൂടിയാട്ടത്തിലുണ്ട്. കൈ മുദ്രകൾക്ക് കഥകളിക്കാർ‍ക്ക് എന്ന പോലെ കൂടിയാട്ടക്കാർക്കും ‘ഹസ്തലക്ഷണദീപിക’യെന്ന ഗ്രന്ഥമാണ് അവലംബം. പുരാതനകാലത്ത് കേരളത്തിലെ വിവിധ ദൃശ്യരൂപങ്ങളിൽ നിലവിലിരുന്ന വേഷക്രമങ്ങൾ പരിഷ്കരിച്ചതാണ് കൂടിയാട്ടത്തിലെ ചമയങ്ങൾ.

 

കൂടിയാട്ടത്തിൽ സംസ്കൃതനാടകം മുഴുവനായി അവതരിപ്പിക്കാറില്ല പകരം ഏതെങ്കിലും ഒരു അങ്കം മാത്രം അവതരിപ്പിക്കുന്നു. ഭാസന്റെ പ്രതിമാഭിഷേകം, സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, ശ്രീഹര്‍ഷന്റെ നാഗാനന്ദം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി, കുലശേഖരവര്‍മന്റെ സുഭദ്രാധനഞ്ജയം, തപതീസംവരണം, നീലകണ്ഠന്റെ കല്യാണസൗഗന്ധികം, മഹേന്ദ്രവിക്രമ വര്‍മന്റെ മത്തവിലാസം, ബോധായനന്റെ ഭഗവദ്ദജ്ജുകം തുടങ്ങിയ സംസ്കൃതനാടകങ്ങൾ കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നു. നാടകത്തിലെ ഒരു അങ്കം കൂടിയാട്ടമായി അവതരിപ്പിക്കാന്‍ എട്ടു ദിവസത്തോളം വേണ്ടി വരും പണ്ട് 41 ദിവസം വരെയുള്ള രംഗാവതരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതൊന്നും പതിവില്ല. ഈ അങ്കങ്ങളുടെ പേരിലാണ് കൂടിയാട്ടം അറിയപ്പെടുന്നത്. വിച്ഛിന്നാഭിഷേകം, മായാസീതാങ്കം, ശുര്‍പ്പണഖാങ്കം എന്നിങ്ങനെയുള്ള പേരുകള്‍ വന്നത് നാടകത്തിലെ ആ അങ്കങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതുകൊണ്ടാണ്.

 

കൂടിയാട്ടം കുലപതി ഗുരു മാണി മാധവ ചാക്യാർ ശാസ്ത്രീയമായി രചിച്ച നാട്യകല്പദ്രുമം എന്ന ഗ്രന്ഥം കൂടിയാട്ടത്തിൻറെ സമസ്ത വശങ്ങളേയും കൂറിച്ച് പരാമർശിക്കുന്ന ആധികാരിക ഗ്രന്ഥമാണ്. പണ്ഡിതന്മാർക്കും കൂടിയാട്ട കലാകാരന്മാർക്കും ഒരു പോലെ സഹായകമായ ഈ കൃതി 1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...