Please login to post comment

ചരിത്രപ്രസിദ്ധമായ മാമാങ്കം

  • admin trycle
  • Feb 26, 2020
  • 0 comment(s)

മാമാങ്കം 

 

" മാമാങ്കം... പലകുറി കൊണ്ടാടി... നിളയുടെ തീരങ്ങൾ... നാവായിൽ.." എന്നു തുടങ്ങുന്ന വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. അത്രയ്ക്കേറെ കേരളീയരുടെ സംസ്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും അടയാളപ്പെടുത്തലായി കേട്ടറിവ് മാത്രമുള്ള ഈ ഉത്സവം മാറിയിരിക്കുന്നു. മലപ്പുറം ജില്ലയില്‍ തിരുന്നാവായയില്‍ ഭാരതപ്പുഴയോട് ചേര്‍ന്നാണ് ചരിത്രപ്രസിദ്ധമായ മാമാങ്കം നടന്നിരുന്നത്. കേരളത്തിലെ മഹോത്സവങ്ങളില്‍ ഏറ്റവുമധികം പഴക്കവും പ്രാമാണ്യവുമുള്ളതാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടന്നുവന്നിരുന്ന ഈ ഉത്സവം. കോഴിക്കോട് സാമൂതിരി രക്ഷാപുരുഷനായി നടത്തിവരാറുണ്ടായിരുന്ന ഈ മഹാമഹം ഒട്ടനേകം പേരുടെ രക്തം ചിന്തിയ വേദി കൂടെയായിരുന്നു. കുടിപ്പകയുടെയും പാരമ്പര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ചുരിക ചൂരിന്റെയും കഥകൾ പാട്ടുകളിലൂടെയുടെയും കഥകളിലൂടെയും പിൻതലമുറയിലേക്ക് പകർന്ന് നൽകപ്പെട്ടു.

 

എന്നു മുതലാണ് ഈ ഉത്സവം ആരംഭിച്ചത് എന്ന് കൃത്യമായി പറയുന്ന രേഖകളില്ല. ചിങ്ങവ്യാഴത്തിലും കര്‍ക്കിടകവ്യാഴത്തിലും പുഷ്യപൂയ(തൈപ്പൂയം)ത്തിലാരംഭിച്ച് മാഘമകത്തില്‍ അവസാനിക്കുന്ന 30 ദിവസത്തെ മഹോത്സവമായിരുന്നു മാമാങ്കം എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. വില്യംലോഗന്‍റെ അഭിപ്രായത്തില്‍ മഹത്തായ ബലി എന്നര്‍ത്ഥം വരുന്ന മഹാമഘം എന്ന വാക്കില്‍ നിന്നാണ് മാമാങ്കം എന്ന വാക്ക് രൂപപ്പെട്ടത്. മാമാങ്കത്തിന്‍റെ നടത്തിപ്പുകാരന്‍ സാമൂതിരിയായിരുന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട യോഗ്യത സാമൂതിരി തെളിയിക്കുന്നതിനായി ഉത്സവത്തിന് മുന്നോടിയായി നിരവധി ചടങ്ങുകള്‍ നടന്നിരുന്നതായി പറയപ്പെടുന്നു. മാമാങ്കത്തോടനുബന്ധിച്ച് സാമൂതിരിയെ വധിക്കാനായി വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചിരുന്നതായി പറയപ്പെടുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന കുംഭമേളക്ക് സമാനമായ ഉത്സവമായിരുന്നു മാമാങ്കം. മാമാങ്കത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

 

കേരളം ഭരിച്ചിരുന്ന പെരുമാൾമാരുടെ ഭരണകാലാവധി പന്ത്രണ്ട് വർഷമായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തിരുനാവായ മണൽപ്പുറത്ത് അവർ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ഈ ഉത്സവം മാമാങ്കനാളിലായിത്തീർന്നതായിരിക്കണം. ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. മാമാങ്കം ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്നു. കേരളത്തിലെ ഇതര പ്രദേശങ്ങൾ, തമിഴ്‌നാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളിൽ നിന്നുപോലും പൊന്നാനി തുറമുഖം വഴികച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്ന ഒരു മേള. പുറം രാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാർ കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി തിരുനാവായയിലേക്ക് വന്നിരുന്നു. ഇങ്ങനെയാണ് മാമാങ്കത്തിന്റെ ആരംഭം എന്നാണ് ഒരു അഭിപ്രായം.

 

ബുദ്ധമതവുമായി ബന്ധപ്പെട്ടും മാമാങ്ക ചരിത്രം പറയുന്നുണ്ട്. ക്രി.വ. ആദ്യശതകങ്ങളിൽ കേരളം ഭരിച്ചിരുന്ന രാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നു. അവർ അഘോഷിച്ചിരുന്ന ആഘോഷം സ്വാഭാവികമായും ബുദ്ധമതത്തിനോട് ബന്ധപ്പെട്ടതായിരിക്കണം. മാമാങ്കത്തിന്‌ തൈപ്പൂയത്തിലുള്ള പ്രത്യേകത ശ്രദ്ധേയമാകുന്നത് അതുകൊണ്ടാണ്‌. മാമാങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായിൽ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു. ഇത് ഒരു വാർഷികച്ചടങ്ങ് ആയിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതൽ ശ്രേഷ്ഠവും അത്യാകർഷകവുമായിരുന്നു. മാമാങ്കത്തിനുള്ള മുഴുവൻ ചടങ്ങുകളും തൈപ്പൂയത്തിനുണ്ട്. മഹാ കശ്യപനേയും ആയിരം ശിഷ്യന്മാരേയും ബുദ്ധമതത്തിലേക്ക് ചേർക്കാൻ ശ്രീബുദ്ധൻ തിരഞ്ഞെടുത്തതും പൂയം നക്ഷത്രമാണ്‌. മഹാ കശ്യപന്റെ ബുദ്ധമതാനുചരണത്തെ ആഘോഷമാക്കിയ ബുദ്ധമതക്കാൽ പുഷ്യ നക്ഷത്രവും പൂർണ്ണിമയും ഒന്നു ചേരുന്ന ദിവസം ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇത് മാമാങ്കം നടക്കുന്ന നാളിലാണ്‌ എന്നത് ശ്രദ്ധേയമാണ്‌. ഇതേ കാരണത്താൽ തന്നെയാണ്‌ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും പൂയം നക്ഷത്രത്തിലായത്. ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ഹീനയാന ബൗദ്ധർക്കിടയിലെ മുതിർന്നവരുടെ ഒരു ആഘോഷമായിരുന്നു മാമാങ്കം. മുപ്പതു ദിവസങ്ങൾ നീണ്ടു നിന്നിരുന്ന മാമാങ്കത്തിൽ കേരളത്തിലെ പ്രധാന 18 സംഘങ്ങളുടെ പരമാധികാരികൾ പങ്കെടുത്തിരുന്നു. പാലിയിൽ തേര / തേരവാദിൻ എന്നും മലയാളത്തിൽ തേവർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ശകവർഷത്തിലെ മാഘ മാസത്തിൽ; തുല്യ മലയാള മാസമായ മകരത്തിൽ നടത്തുന്ന ഉത്സവം എന്ന് അർത്ഥം വരുന്ന മാഘമകരങ്കം(മാഘ-മകര-അങ്കം) എന്ന വാക്കിന്റെ സംസ്കൃതവൽക്കരണം നിമിത്തം മാമാങ്കം/മഹാമഹം തുടങ്ങിയ ഉഭയാർത്ഥങ്ങൾ നൽകപ്പെട്ടു. പിൽക്കാലത്ത് ബ്രാഹ്മണവൽക്കരണത്തിന്റെ ഫലമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാരുടെ ശക്തി തെളിയിക്കലും ബുദ്ധ സംന്യാസിമാരെ പീഡിപ്പിക്കലും മറ്റും ആഘോഷമാക്കിയ വൻ സൈനിക സമ്മേളനമായി ഇത് അധഃപതിച്ചു എന്നും പറയുന്നു.

 

ചാവേറുകളുടെ ചോര വീണു ചുവക്കുന്നതിനുമുൻപ് മാമാങ്കം വെറും യുദ്ധവും പോരാട്ടവുമായിരുന്നില്ല. ഒരു മാസം നീണ്ടുനിൽക്കുന്ന വാണിജ്യ വിപണന മേളയായിരുന്നു. എല്ലാ അർഥത്തിലും ഒരു ജനകീയ മഹോത്സവം. മാമാങ്കത്തിൽ പങ്കുകൊള്ളാൻ നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ മണപ്പുറത്തേക്കൊഴുകിയിരുന്നു. തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും ആന്ധ്രയിൽനിന്നുമെല്ലാം കരകൗശലവസ്‌തുക്കളും പാത്രങ്ങളും കലങ്ങളുമായി വന്നവർ മണപ്പുറത്തു കൂടാരംകെട്ടി കച്ചവടം ചെയ്‌തു. വിദേശത്തുനിന്നുപോലും വാണിഭക്കാർ മാമാങ്കം കൊഴുപ്പിക്കാനെത്തിയിരുന്നു. പട്ടുവസ്‌ത്രങ്ങൾകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയ ജർമൻകാർ ചരക്കുകളുമായി വള്ളുവനാട്ടിലെത്തിയിരുന്നുവെന്നു കേൾക്കുമ്പോൾ, മാമാങ്കത്തിന്റെ പേരും പെരുമയും എത്രത്തോളമുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആയോധനമുറകളും കലാപ്രകടനങ്ങളും പഠിച്ചിറങ്ങിയ അഭ്യാസികളും കലാകാരന്മാരും പ്രാവീണ്യം തെളിയിക്കാൻ കൊച്ചുസംഘങ്ങളായി മൈലുകൾ താണ്ടി ഈ പുഴയോരത്തു തമ്പടിച്ചിരുന്നു. കളരിപ്പയറ്റുമുറകളും മറ്റ് ആയോധനകലകളും പ്രദർശിപ്പിക്കാൻ വന്ന ആശാന്മാരും അവരുടെ ശിഷ്യരും മണപ്പുറത്തു സ്‌ഥാനംപിടിച്ച് പ്രകടനത്തിനു വേണ്ടിയുള്ള ഊഴവും കാത്തുനിന്നു. വാൾപ്പയറ്റ്, പന്തീരാംവടി, കളരിയഭ്യാസം, മുച്ചാണിയേറ്, കുന്തം, മല്ലയുദ്ധം തുടങ്ങിയവ തരംപോലെ അരങ്ങേറിയിരുന്നു. റോം, ഗ്രീസ്, പേർഷ്യ, ഈജിപത്, ചൈന, അറബിനാടുകൾ, സിലോൺ എന്നിവിടങ്ങളിൽനിന്നുള്ള വ്യാപാരികളും സഞ്ചാരികളും  മാമാങ്കത്തിന് എത്തിപ്പെട്ടു.

 

ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തോടെ. കേന്ദ്രീകൃതഭരണത്തിൻ കീഴിലായിരുന്ന അന്നത്തെ നാട്ടുരാജ്യങ്ങളിൽ പലതും സ്വതന്ത്ര രാജ്യങ്ങളായി മാറി. അന്നത്തെ നിയമവും ക്രമസമാധാനവും സൈനിക നടപടികളുമെല്ലാം ചില ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ബലത്തിലായിരുന്നു മുന്നേറിയിരുന്നത്. ജന്മിസമ്പ്രദായം കൊടുമ്പിരികൊണ്ടകാലം. സ്വതന്ത്രങ്ങളായ കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ പ്രബലമായിരുന്നു കോലത്തുനാട്, നെടിയിരുപ്പ്, പെരുമ്പടപ്പ് വേണാട്, തെക്കേമലബാർ എന്നിവ. തെക്കേമലബാർ കോലത്തിരി രാജവംശത്തിൽപ്പെട്ട വള്ളുവക്കോനാതിരിയുടെ ഭരണത്തിലായിരുന്നു. പെരുമാൾ വംശമായിരുന്നു അതിനുമുൻപ് ഭരിച്ചിരുന്നത്. മാമാങ്കം നടത്താനുള്ള വിശിഷ്‌ടാധികാരം വള്ളുവക്കോനാതിരിക്കായിരുന്നു അവസാനത്തെ പെരുമാൾ കൽപിച്ചുകൊടുത്തത്. പിന്നീട് കോനാതിരിമാർ പലതവണ രക്ഷാപുരുഷൻമാരായി നിലപാട് നിന്നുപോന്നു.

 

13 ആം ശതകത്തിന്റെ അന്ത്യത്തിൽ‍ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കോഴിക്കോട് കോയയുടേയും കല്പകശ്ശേരി തമ്പ്രാക്കളുടേയും മറ്റും സഹായത്തോടെ വള്ളുവക്കോനാതിരി (വെള്ളാട്ടിരി) യെ തോല്പിച്ച് മാമാങ്കം നടത്തുവാനുള്ള അവകാശം സാമൂതിരി സ്വന്തമാക്കി. വന്നേരി പ്രദേശം സാമൂതിരി പിടിച്ചടക്കുകയും അത് ഒരിക്കലും കൈവിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഇതോട് കൂടിയാണ് മാമാങ്കത്തിലെ ചാവേറുകളുടെ ചരിത്രം ആരംഭിക്കുന്നത്. മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കു നേർ യുദ്ധം അസാധ്യമായിരുന്നു. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരാണ് ചാവേറുകൾ.

 

നിലപാടുതറയിൽ സർവലോകത്തിന്റെയും അധിപതിയെന്ന ഗാംഭീര്യത്തോടെ നിൽക്കുന്ന സാമൂതിരി. മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയത്, ധർമോത്തുപണിക്കർ, പാറ നമ്പി തുടങ്ങിയ മന്ത്രിമാരുടെയും സർവസൈന്യാധിപൻമാരുടെയും ഏറനാട്, പോളനാട് പടത്തലവൻമാരുടെയും അകമ്പടിയാണ് സാമൂതിരിയുടെ കരുത്ത്. സാമൂതിരിയുടെ അടിമത്തം അംഗീകരിക്കുന്ന നാട്ടുരാജ്യങ്ങൾ അടിമക്കൊടി അയയ്‌ക്കും. സാമൂതിരിയുടെ മേൽക്കോയ്‌മ അംഗീകരിക്കാനോ മാമാങ്കനാളുകളിൽ മറ്റു രാജാക്കൻമാരെപ്പോലെ അടിമക്കൊടിയേന്താനോ വള്ളുവക്കോനാതിരിയുടെ അഭിമാനം സമ്മതിച്ചില്ല. സാമൂതിരിയെ ഉൻമൂലനം ചെയ്‌ത് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ മാമാങ്കത്തിന് വള്ളുവക്കോനാതിരി അയച്ച നായർ പടയാളികൾ ധൈര്യത്തിലും കഴിവിലും ആരെയും അതിശയിക്കുന്നവരായിരുന്നു. തിരുനാവായയിലെ ആൽത്തറയിൽ കെട്ടിപ്പൊക്കിയ നിലപാടുതറയിൽ നിന്നുകൊണ്ട് താൻ മാമാങ്കോത്സവത്തിന് അധ്യക്ഷനാകുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്നു സാമൂതിരി ചോദിക്കും. അപ്പോൾ അവർ ചീറ്റപ്പുലികളെപ്പോലെ ചാടിവീഴും. എന്നാൽ സാമൂതിരിക്ക് അകമ്പടി സേവിക്കുന്ന സേനയെയും അംഗപുരുഷൻമാരെയും മറികടന്ന ശേഷമേ നിലപാടുതറയിൽ നിൽക്കുന്ന സാമൂതിരിയുടെ അടുത്തെത്താനാകൂ. കൊല്ലുക അല്ലെങ്കിൽ മരിക്കുക എന്നതുമാത്രം ലക്ഷ്യമാക്കിയ ചാവേറുകൾ നിലപാടുതറയിലെത്തും മുൻപേ കൊല്ലപ്പെടുക പതിവായിരുന്നു.

 

മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1766-ൽ ആണ് അവസാന മാമാങ്കം നടന്നത്. ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവ ഇന്നുമുണ്ട്. പല തുരങ്കങ്ങളും പ്രദേശത്തുകാണാം. 1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. നിലപാടുതറയിൽ ചാവേറെത്തിയതിനുശേഷം അക്കാലത്തെ സാമൂതിരി പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി നിർമ്മിച്ചതാണത് എന്ന് കരുതുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു. ഇവിടെത്തന്നെയുള്ള അൽപ്പാകുളത്തിലാണത്രേ ചാവേറുകൾ കുളിച്ചിരുന്നത്. മാമാങ്കസമയത്ത് പരിക്കേൽക്കേണ്ടിവരുന്ന സാമൂതിരി ഭടന്മാരുടെ ചികിത്സക്കായി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...