Please login to post comment

മുഹമ്മദ് അലി

  • admin trycle
  • Apr 5, 2020
  • 0 comment(s)

മുഹമ്മദ് അലി

 

അമേരിക്കൻ പ്രൊഫഷണൽ ബോക്സർ ആയ മുഹമ്മദ് അലി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. ഒരു ബോക്സർ എന്നതിലുപരി മനുഷ്യസ്‌നേഹി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ അദ്ദേഹം 3 തവണ ഹെവിവെയ്റ്റ് ചാമ്പ്യനുമായിരുന്നു. 1981 ൽ 39 ആം വയസ്സിൽ ബോക്സിങിൽ നിന്ന് വിരമിക്കുന്നതിനുമുമ്പ് 56 വിജയങ്ങൾ, അഞ്ച് തോൽവികൾ, 37 നോക്കൗട്ടുകൾ എന്നിവയുടെ കരിയർ റെക്കോർഡ് അലിക്ക് ഉണ്ടായിരുന്നു.

 

1942-ല്‍ അമേരിക്കയിലെ കെന്റക്കിയിലുള്ള ലുയിസ്‌വില്ലിയിൽ ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥനാമം കാസിയസ് ക്ലേ ജൂനിയര്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കാസിയസ് മാർസെല്ലസ് ക്ലേ സീനിയർ പരസ്യബോർഡുകളും അടയാളങ്ങളും വരച്ചും അമ്മ ഒഡെസ ഗ്രേഡി ക്ലേ വീട്ടുജോലികൾ ചെയ്തും രണ്ട് ആൺമക്കളുള്ള തങ്ങളുടെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയി. വംശീയമായി വേർതിരിക്കപ്പെട്ട തെക്കൻ പ്രദേശത്ത് വളർന്ന കൊച്ചു ക്ലേ വംശീയ മുൻവിധിയും വിവേചനവും നേരിട്ട് അനുഭവിച്ചു.

 

12-ാം വയസില്‍ അദ്ദേഹത്തിന്‍റെ സൈക്കില്‍ മോഷണം പോയി. ദുഃഖിതനായ അലി ജോ മാര്‍ട്ടിന്‍ എന്ന പോലീസ്കാരനോട് പരാതി പറയുകയും, കള്ളനെ കിട്ടിയാല്‍ ഇടി കൊടുക്കാമെന്ന് മാര്‍ട്ടിന്‍ അവനോട് പറയുകയും ചെയ്തു. ബോക്സർ കൂടിയായ മാര്‍ട്ടിന്‍ എങ്ങനെയാണ് ഇടിക്കേണ്ടത് എന്നാണ് ആദ്യം പഠിക്കേണ്ടത് എന്ന് പറഞ്ഞ് അലിയെ പരിശീലനത്തിനായി അയാളുടെ ടീമില്‍ ചേർത്തു. 6 ആഴ്ചക്കുള്ളില്‍തന്നെ അലി ബോക്സിങിലെ ആദ്യറൗണ്ട് പൂര്‍ത്തിയാക്കി. 1954 ലെ തന്റെ ആദ്യത്തെ അമേച്വർ മൽസരത്തിൽ, സ്പ്ലിറ്റ് ഡിസിഷനിലൂടെ അദ്ദേഹം വിജയിച്ചു. 18 വയസായപ്പോഴേക്കും അലി രണ്ട് ദേശീയ ഗോള്‍ഡന്‍ ഗ്ലൗവ്സ് കിരീടവും രണ്ട് അമച്വര്‍ അത്ലറ്റിക് യൂണിയന്‍ ദേശീയ കിരീടവും അദ്ദേഹത്തിന്‍റെ പേരിനോട് കൂട്ടി ചേര്‍ത്തു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി അലി റോമില്‍ പോയി 1960-ലെ സമ്മര്‍ ഒളിമ്പിക്സില്‍ ലൈറ്റ് ഹെവിവെയ്റ്റ് സ്വര്‍ണമെഡല്‍ നേടി.

 

1960-ല്‍ തന്നെ അദ്ദേഹം പ്രൊഫഷണല്‍ ബോക്സിഗില്‍ അരങ്ങേറി. ഹെവിവെയ്റ്റ് വിഭാഗത്തില്‍ എതിരാളികളെ പരാജയപ്പെടുത്താന്‍ അലിക്ക് ഏറ്റവും തുണയായത് അദ്ദേഹത്തിന്‍റെ 6.3 അടി ഉയരമുള്ള ശരീരപ്രകൃതം തന്നെയായിരുന്നു. 1964-ല്‍ ലോകത്തെ ഞെട്ടിച്ച് അക്കാലത്തെ ലോകചാമ്പ്യനായിരുന്ന സണ്ണി ലിസനെ തോല്‍പ്പിച്ച് അദ്ദേഹം ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി. അപ്പോള്‍ 22 ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1964 ൽ ബ്ലാക്ക് മുസ്ലീം ഗ്രൂപ്പായ നേഷൻ ഓഫ് ഇസ്ലാമിൽ അദ്ദേഹം ചേർന്നു. മുഹമ്മദ് അലി എന്ന പേര് സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം കാസിയസ് എക്സ് എന്ന് സ്വയം വിളിച്ചിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് അദ്ദേഹം മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1967 ല്‍ അമേരിക്ക -വിയറ്റ്‌നാം യുദ്ധത്തിന് സൈനിക സേവനം നടത്താന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കുകയും 3 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. വിലക്കിന് ശേഷം 1970 ഒക്ടോബര്‍ 26ന് റിങിലേക്ക് തിരിച്ചെത്തിയ അലി മൂന്നാം റൗണ്ടില്‍ ജെറി ക്വാറിയെ പുറത്താക്കി കൊണ്ട് തിരിച്ചുവരവ് ആഘോഷമാക്കി. 1971 മാര്‍ച്ച് 8-ന് ജോ ഫ്രോണ്ടിയറിനെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് അലി തിരിച്ചുപിടിച്ചു. ഈ പ്രകടനം നൂറ്റാണ്ടിലെ പോരാട്ടം എന്നറിയപ്പെടുന്നു. 1978 ല്‍ ലിയോണ്‍ സ്പിന്‍ക്സിനെ പരാജയപ്പെടുത്തി മൂന്നാം ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചു. പങ്കെടുത്ത 61 മത്സരങ്ങളില്‍ 56 ലും വിജയിച്ചുകൊണ്ട് 1981 ല്‍ അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞു. 1984 ലായിരുന്നു അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിതീകരിച്ചത്.

 

റിങിലെ അതേ വീര്യത്തോടെ പൗരാവകാശങ്ങള്‍ക്കായി പോരാടിയ ബോക്സിങ് ഇതിഹാസമായിരുന്നു മുഹമ്മദ് അലി. 1960കളില്‍ വായാടിയായ പ്രശ്നക്കാരനെന്നും കറുത്ത വംശീയവാദിയെന്നും സ്പോര്‍ട്ട്സ് ലേഖകരും വെളുത്തവരായ ഒട്ടുമിക്ക അമേരിക്കക്കാരും അധിക്ഷേപിച്ചിരുന്ന ആളാണ് അലി. എന്നാല്‍ രാഷ്ട്രങ്ങള്‍ക്കതീതമായ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും എതിരില്ലാത്ത പ്രതീകമായി അദ്ദേഹം മാറി. ശാരീരികമായ വയ്യായ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും 1996 ല്‍ അറ്റ്‌ലാന്റ ഒളിംപിക്സില്‍ ദീപ ശിഖ തെളിയിക്കാനുള്ള അവസരം അലിക്കു നല്‍കിയായിരുന്നു അമേരിക്കയുടെ ഖേദപ്രകടനം. ഇന്ത്യയില്‍ അദ്ദേഹം രണ്ടു തവണ വരികയുണ്ടായി. 1980 ജനവരിയില്‍ ചെന്നൈയില്‍ വന്ന അദ്ദേഹം മുന്‍ ലോക ചാമ്പ്യന്‍ ജിമ്മി എല്ലിസുമായി ഒരു പ്രദര്‍ശന മത്സരത്തില്‍ ഏര്‍പ്പെട്ടു. അതൊരു പ്രൊഫഷണല്‍ മത്സരമല്ലാതിരുന്നിട്ടു കൂടി വമ്പിച്ച സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. 1989-'90-ല്‍ അദ്ദേഹം കോഴിക്കോട്ടും വന്നു.

 

സ്പോര്‍ട്സ് ഇല്ലുസ്ട്രേറ്റഡ് മാഗസിൻ കവറില്‍ 38 തവണയാണ് മുഹമ്മദ് അലി പ്രത്യക്ഷപ്പെട്ടത്. ഈ റെക്കോര്‍ഡിന് അലിക്ക് പിന്നില്‍ ബാസ്കറ്റ് ബോള്‍ താരം മൈക്കള്‍ ജോര്‍ഡാന്‍ ആണ്. 2005 ല്‍ യു എസ് സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അദ്ദേഹം നേടി. 2016 ജൂണ്‍ നാലിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുഹമ്മദ് അലി ലോകത്തോട് വിട പറഞ്ഞു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...