Please login to post comment

സുനാമി

  • admin trycle
  • Mar 19, 2020
  • 0 comment(s)

സുനാമി

 

കടൽപ്പരപ്പിന് മുകളിലൂടെ സഞ്ചരിക്കുന്ന കാറ്റാണ്‌ കടലിൽ തിരമാലകൾ സൃഷ്ടിക്കുന്നത്. ഈ കാറ്റ് കൊടുങ്കാറ്റായി രൂപപ്പെടുമ്പോൾ തിരമാലകൾ 12 മീറ്റർ ഉയരത്തിൽ വരെ എത്താറുണ്ട്. ഇതുവരെ രേഖപെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതൽ ഉയരത്തിലെത്തിയ കടൽ തിരക്ക് 19 മീറ്റർ ഉയരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സുനാമി ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഏറ്റവും കൂടുതൽ നശീകരണവും ശക്തിയുമുള്ള തിരമാലകളെയാണ് സുനാമി എന്ന് വിളിക്കുന്നത്. മറ്റ് തിരകളിൽ നിന്നും സുനാമി വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉത്ഭവ കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ പോലും എത്തി വൻനാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ളവയാണ് സുനാമിത്തിരകൾ. മറ്റ് പല പ്രകൃതി ദുരന്തങ്ങളെയും പോലെ സുനാമിയും മനുഷ്യര്‍ക്ക് എന്നും ഒരു പേടി സ്വപ്നമാണ്.

 

കടലിനടിയിലോ, കടലിനോട് ചേര്‍ന്നോ ഉണ്ടാകുന്ന ഭൂചലനങ്ങളാണ് പലപ്പോഴും സുനാമിയിലേക്ക് നയിക്കുന്നത്. ഇങ്ങനെ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ മൂലം ഉണ്ടാകുന്ന തിരകള്‍ പതിയെ വലുതാവുകയും അത് സുനാമി എന്ന് അറിയപ്പെടുന്ന കൂറ്റന്‍ തിരമാലകളായി മാറുകയും ചെയ്യും. ഭൂമികുലുക്കത്തെ കൂടാതെ വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവതസ്ഫോടനം, ഉൽക്കാപതനം തുടങ്ങിയവയും സുനാമിയ്ക്ക് കാരണമാവാറുണ്ട്. വൻ നാശനഷ്ടങ്ങൾ ഉണ്ടക്കുന്ന വലിയ സുനാമികൾ മാത്രമല്ല തിരിച്ചറിയപ്പെടാത്തത്ര ചെറിയ സുനാമികളും ഉണ്ടാവാറുണ്ട്. ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിന് കിലോമീറ്ററാണ് മാത്രമല്ല ഇവിടെ അവയ്ക്ക് ഉയരം കുറവായതിനാൽ ഒരു സുനാമി കടന്നുപോകുന്നത് ഉൾക്കടലിൽ തിരിച്ചറിയാൻ കഴിയില്ല. ഉൾക്കടലിൽ ഉണ്ടാകുന്ന സുനാമി അധികം ഉയരത്തിൽ എത്താറില്ലെങ്കിലും വളരെ വേഗത്തിലാണ് സഞ്ചരിക്കുക. മണിക്കൂറിൽ 800 കിലോമീറ്ററിലധികം വേഗത സുനാമി തിരമാലകൾക്ക് കൈവരിക്കുവാൻ കഴിയും. എന്നാൽ ഇവ തീരത്തോട് അടുക്കുമ്പോൾ തിരമാലയുടെ വേഗത കുറയുകയും പകരം ശക്തിയും ഉയരവും കൂടുകയും ചെയ്യും. ഈ ഘടകങ്ങളാണ് സുനാമി തിരമാലകളെ അപകടകാരികൾ ആക്കുന്നത്.

 

ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ സുനാമി 2004 ഡിസംബർ 26 നായിരുന്നു. അന്ന് രാവിലെ 7.59 ന് സുമാത്രയിലുണ്ടായ ഭൂമികുലുക്കത്തിന്റെ ഫലമായിട്ടാണ് ഇന്ത്യയിൽ സുനാമി ഉണ്ടായത്. ഭൂകമ്പ മാപിനിയില്‍ (richter scale) 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായിരുന്നു ഇത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ കൂറ്റൻ തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് തന്നെ സുമാത്രയിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ കൂറ്റന്‍ തിരമാലകള്‍ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയില്‍ മുപ്പത് മീറ്റര്‍ (65 അടി) ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്.

 

ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങിയത്. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്. തമിഴ്‌നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. തമിഴ്‌നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിൽ 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലാണ് സുനാമിത്തിരമാലകള്‍ കൂടുതല്‍ നാശം വിതച്ചത്. ഇന്ത്യക്കു പുറമെ 13 രാജ്യങ്ങളിൽ ഈ സുനാമി ആക്രമണമുണ്ടായി. ഈ ആക്രമണത്തിൽ ഏകദേശം രണ്ടു ലക്ഷത്തിലധികം ആളുകൾ കാണാതാവുകയോ മരിക്കുകയോ ചെയ്തിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. ഏകദേശം 1.68 ലക്ഷം ആളുകളുടെ ജീവനാണ് ഇവിടെ മാത്രം നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ 18000 പേരുടെയും ജീവനെടുത്തു.

 

മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലാണ് ഈ കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയത്. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇല്ലാത്തതായിരുന്നു ഭൂകമ്പം ഉണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ തീരങ്ങളിലടക്കം ഇത്രയും ആള്‍നാശമുണ്ടാക്കാന്‍ കാരണം. സുനാമി ഇന്ത്യയ്ക്കും ഒരു ഭീഷണിയാകുമെന്ന് കണ്ടതോടെ ഭാരതത്തിലെ ആദ്യത്തെ സുനാമി മുന്നറിയിപ്പ് സംവിധാനം 2007 ഒക്ടോബറില്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിന് കീഴിലാണ് ഇന്ത്യയിലെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സമുദ്രത്തിൽ ഭൂകമ്പമുണ്ടായാല്‍ സ്ഥാപനം സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മുന്നറിയിപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ രംഗചാംഗില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സ്ഥാപിച്ച സുനാമി മുന്നറിയിപ്പ് സംവിധാനത്തിന് ഭൂകമ്പമുണ്ടായി മൂന്ന് മിനിറ്റിനകം സുനാമി പ്രവചിക്കാന്‍ സാധിക്കും. 2004ലെ സുനാമി ദുരന്തത്തിനുശേഷം ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് സുനാമി നിരീക്ഷണ ശൃംഖല ഉണ്ടാക്കിയിട്ടുണ്ട്. യുനസ്‌കോയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ കോഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണിത്. എല്ലാ രാജ്യങ്ങളിലേയും സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

 

2004 ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിൽ ഒരു സുനാമി മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്. സുനാമിയില്‍ പൊലിഞ്ഞവരുടെ ഓര്‍മയ്ക്കായാണ് ഈ മ്യൂസിയം. നാലു നിലകളിലായി നിര്‍മിച്ച കൂറ്റന്‍ കെട്ടിടം കപ്പലിന്റെ ആകൃതിയിലുള്ളതാണ്. സുനാമിയെക്കുറിച്ച് വിശദവിവരം നല്‍കുന്ന ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്. മാത്രമല്ല സുനാമിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...