Please login to post comment

ചവിട്ടുനാടകം

  • admin trycle
  • Mar 1, 2020
  • 0 comment(s)

ചവിട്ടുനാടകം

 

ചുവടിന് അഥവാ ചവിട്ടിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കലാരൂപമാണ് ചവിട്ടുനാടകം. ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈ നാടകകലാരൂപത്തിന് പ്രചാരം. പോര്‍ച്ചുഗീസ് ഭരണകാലത്താണ് ചവിട്ടുനാടകം ആവിര്‍ഭവിച്ചത് എന്നാണ് വിശ്വാസം. ഏറെ കായികാധ്വാനം വേണ്ടിവരുന്ന കലാപ്രകടനമാണ് ചവിട്ടുനാടകം. കളിക്കുന്നവരുടെ സര്‍വ്വ ഊര്‍ജ്ജവും കവര്‍ന്നെടുക്കുന്നതാണ് ഇതിലെ ചുവടുകള്‍. അതിനാൽ ഒരു നല്ല ചവിട്ടുനാടകക്കാരന് കായികക്ഷമത അത്യാവശ്യമാണ്. ചിന്നതമ്പിപിള്ള, വേദനായകംപിള്ള എന്നിവരാണ് ചവിട്ടുനാടകത്തിന്‍റെ ഉപജ്ഞാതാക്കള്‍. പാശ്ചാത്യദൃശ്യകലയായ ഒപ്പേറെയുടെ സ്വാധീനം ഇതില്‍ പ്രകടമാണ്.

 

കേരളത്തില്‍ ക്രിസ്തുമതത്തിന്റെ പ്രചാരവും വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഈ നാടകരൂപം വളര്‍ച്ച പ്രാപിച്ചിട്ടുള്ളതെന്ന് കാണാം. മതപരവും സൈനികവുമായ നിരവധി കാരണങ്ങള്‍ ചവിട്ടുനാടകത്തിന്റെ ഉത്ഭവത്തിന് കാരണമായി പറയപ്പെടുന്നു. പോര്‍ച്ചുഗീസുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണമായി. കേരളത്തിലെ പരമ്പരാഗത സഭകളുടെ പാശ്ചാത്യവല്‍ക്കരണ ശ്രമങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ക്രിസ്തീയ കലകളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് ഭരണ കാലത്ത് തന്നെയാണ് ചവിട്ടുനാടകത്തിനും തുടക്കം കുറിച്ചത് എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂര്‍ മുതല്‍ അമ്പലപ്പുഴ വരേയുള്ള ക്രൈസ്തവര്‍ക്കിടയില്‍ ഒരു കാലത്ത്‌ പ്രചാരത്തിലിരുന്ന ചവിട്ടുനാടകത്തിലെ കഥകള്‍ വീരരസ പ്രധാനമാണ്. ബൈബിളില്‍ നിന്നോ ചരിത്രത്തില്‍നിന്നോ ഉള്ള കഥകളാണ്‌ ചവിട്ടു നാടകത്തില്‍ പ്രധാനം.' കാറല്‍മാന്‍ നാടക'മാണ്‌ ഇവയില്‍ ഏറ്റവും പ്രശസ്തം. തുര്‍ക്കികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തിയ കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ കഥയാണിത്‌. 

 

കളരികെട്ടിയാണ്‌ ചവിട്ടുനാടക പരിശീലനം. ഗുരുവിനെ 'അണ്ണാവി' എന്നു വിളിക്കുന്നു. അണ്ണാവിക്ക് സംഗീതം, ചുവട്, സാഹിത്യം എന്നിവയിലെല്ലാം അറിവുണ്ടായിരിക്കണം. കഥയേക്കാള്‍ മുമ്പേ പഠിപ്പിക്കുന്നത്‌ ആയുധാഭ്യാസങ്ങളാണ്‌. ചവിട്ടുനാടകത്തില്‍ പാട്ടുകളാണ് കൂടുതല്‍. പാട്ടുപാടി ചുവടുവച്ച്‌ അഭ്യസിക്കുന്നതിന്‌ ചൊല്ലിയാട്ടം എന്നാണ്‌ പറയുക. സംഗീതം, അഭിനയം, നൃത്തം, സംഭാഷണം, താളമേളങ്ങള്‍ എന്നിവയൊക്കെ ചേര്‍ന്നതാണ്‌ ചവിട്ടു നാടകം. പാട്ടു പാടാന്‍ പിന്നണി ഗായകന്‍മാരുണ്ടാകും. കഥകളിയിലെ ഹസ്തമുദ്രകളും, കളരിപ്പയറ്റിലെ ചുവടുകളും, മധ്യകാലചരിത്രനാടകങ്ങളുടെ പ്രഭവവും ചവിട്ടുനാടകത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അഭിനയവും പാട്ടും കളരിച്ചുവടുകളും ഒത്തു ചേരുന്ന ചവിട്ടുനാടകത്തിൽ കഥകളിയില്‍ ഹസ്തമുദ്രക്കുള്ള സ്ഥാനമാണ് ചുവടിനുള്ളത്. ചവിട്ടുനാടകത്തിനെ അടിസ്ഥാന ചുവടുകളെ ഇരട്ടിപ്പുകള്‍, കലാശങ്ങള്‍, ഇടക്കലാശങ്ങള്‍, കവിത്തങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. സല്‍ക്കാരകഥാപാത്രങ്ങള്‍ക്കും, നീചകഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത ചുവടുകളാണ് ഉള്ളത്. സ്ത്രീവേഷക്കാര്‍ക്ക് ലാസ്യമട്ടിലുള്ള ചുവടുകളും ഉണ്ട്. ആകര്‍ഷകമായ വേഷമാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കുള്ളത്. പൊതുവെ പുരാതന ഗ്രീക്ക്-റോമന്‍ ഭടന്മാരെയും, യൂറോപ്യന്‍ രാജാക്കന്മാരെയും അനുസ്മരിപ്പിക്കുന്ന വേഷങ്ങളാണ് കഥാപാത്രങ്ങളുടേത്. വര്‍ണ്ണക്കടലാസുകളും സില്‍ക്ക് കസവ് വെല്‍വെറ്റ് തുണികളും വേഷങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കും. പോര്‍ച്ചട്ട, പടത്തൊപ്പി, കാലുറ, കിരീടം, ചെങ്കോല്‍, കയ്യുറ എന്നിവയും ഉണ്ട്. ചെണ്ട, പടത്തമ്പേറ്, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗിക്കും.  ഇന്ന് തബല, ഫിഡിൽ, ബുൾബുൾ,  ഫ്ളൂട്ട്, ഗിത്താർ മുതലായ പശ്ചാത്തലവാദ്യങ്ങളും കീ ബോഡും കാണാം.

 

തുറന്ന സ്റ്റേജുകളിലായിരുന്നു ചവിട്ടുനാടകം കളിച്ചുവന്നത്. തട്ട് എന്നാണ് ചവിട്ടുനാടകം നടക്കുന്ന അരങ്ങിനെ പറയുന്നത്. ഒന്നരക്കോൽ പൊക്കത്തിൽ തട്ടിട്ട്  ചവിട്ടിയാൽ ശബ്ദംകേൾക്കുന്ന വിധത്തിൽ പലകകൾ നിരത്തിയുറപ്പിച്ചാണ് സ്റ്റേജ‌് നിർമ്മിച്ചിരുന്നത്. താളത്തിനൊത്ത് പാട്ടുപാടി ചുവടുവച്ചു ചാടുമ്പോൾ തട്ടിൽനിന്നും  താളം മുഴങ്ങും. അരങ്ങത്ത് ഒരു വിളക്ക് തൂക്കിയിടും. നിലവിളക്കും ഉപയോഗിക്കാറുണ്ടായിരുന്നു. സമീപത്ത് ഒരു വലിയ കുരിശും സ്ഥാപിക്കും. അതിന് അടുത്തായി സദസിനെ അഭിമുഖീകരിച്ച് ആശാനും വാദ്യക്കാരും നില്‍ക്കും. പണ്ട്, നീളം കൂടിയ തട്ടിന്റെ ഇരുവശത്തും ഒരാൾ പൊക്കത്തിൽ മേടകളും അതിലേക്ക് കയറാൻ കോണിയുമുണ്ടായിരുന്നു. രാജാക്കന്മാരെപ്പോലെ വലിയ കഥാപാത്രങ്ങൾ  വിശ്രമിക്കുന്നതും തട്ടിലേക്കിറങ്ങിവരുന്നതും ഇവിടെനിന്നായിരുന്നു. ഇന്ന് മേടകൾ ഇല്ല, പകരം സ്റ്റേജിന്റെ  ഇടതുഭാഗത്തുകൂടി അരങ്ങിലേക്കു വരുന്ന കഥാപാത്രങ്ങളെ കാണുംവിധം ആശാനും പാട്ടുകാരും വാദ്യക്കാരും വലതുഭഗത്തായി ഇരിക്കുകയാണ് പതിവ്. 

 

രാത്രിയിലായിരുന്നു നാടകം അരങ്ങേറിയിരുന്നത്. സന്ധ്യയോടെ ഒന്നാം കേളി ആരംഭിക്കും. അതോടെ അണിയറയിൽ നടന്മാർ വേഷമിട്ടു തുടങ്ങും. എട്ട് മണിയോടെ രണ്ടാം കേളി തുടങ്ങും. പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് നാടകം ആരംഭിക്കുന്നത്. ആദ്യം വിരുത്തം മൂളലാണ്. തുടര്‍ന്ന് ദര്‍ബാര്‍ രംഗത്തോടെ കളി തുടങ്ങും. കഥകളിയിലെ പുറപ്പാടുപോലെ ആഡംബരത്തോടെയുള്ള രാജാവിന്റെ പ്രവേശനരംഗമാണ് തുടക്കം. നിറപ്പകിട്ടാർന്ന രാജസദസ്സിലേക്ക് സർവാലങ്കാരഭൂഷിതനായി സൈന്യത്തിന്റെ അകമ്പടിയോടെ എത്തുന്ന രാജാവിനെ സൈനികർ സ്‌തുതിച്ചു പാടും. കട്ടിയക്കാരന്‍-വിദൂഷകന്‍-ഇടക്കിടെ പ്രവേശിച്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും അവരെ ഹാസ്യാത്മകമായി അനുകരിക്കുകയും ചെയ്യും. സംഭാഷണം മുഴുവന്‍ ഗാനരൂപത്തിലാണ്. വിരുത്തം, കവി, കാപ്പ്, ഉയരം, കലിത്തുറ, ഇന്നിശൈ, ചിന്ത് തുടങ്ങി പല വര്‍ണമട്ടുകളിലാണ് രചന. സാഹിത്യത്തിന് ചുവടി എന്നും പറയും.

 

വിവിധ സഭാപാരമ്പര്യങ്ങളുടെ സ്വാധീനം നിലനില്‍ക്കെത്തന്നെ കേരളീയ സാംസ്കാരിക പാരമ്പര്യത്തില്‍ ഊന്നിയുള്ള വ്യക്തിത്വരൂപീകരണം കേരളത്തിലെ ക്രിസ്ത്യാനികളിൽ സൃഷ്ടിക്കുന്നതിൽ ചവിട്ടുനാടകം പോലുള്ള രംഗകലകള്‍ വഹിച്ച പങ്ക് പ്രധാനമാണ്. വിശ്വാസികളെ പ്രാദേശിക സംസ്കാരത്തോട് അടുത്തുനില്‍ക്കാനും അതേ അവസരം ക്രിസ്തീയവിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും ഇത്തരം കലാരൂപങ്ങള്‍ സഹായിച്ചു എന്നു പറയാം. ആദ്യകാലങ്ങളില്‍ മതപരമായ ആഘോഷവേളകളില്‍ മാത്രമായിരുന്നു ചവിട്ടുനാടകം കളിച്ചിരുന്നത്. ക്രമേണ പൊതുവേദികളിലും അവതരിപ്പിച്ചു തുടങ്ങി.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...