Please login to post comment

ഫ്രിദ കഹ്ലോ

  • admin trycle
  • Jun 11, 2020
  • 0 comment(s)

ഫ്രിദ കഹ്ലോ

 

ലോക പ്രശസ്തയായ ചിത്രകാരി ആയിരുന്നു ഫ്രിഡ കഹ്ലോ സ്വന്തം ഛായാചിത്രങ്ങളിലൂടെ ലോകത്തെ അതിശയിപ്പിച്ച കലാകാരിയാണ്. തന്റെ രാജ്യമായ മെക്സിക്കോയുടെ തനതായ സംസ്കാരത്തെ റിയലിസം, ബിംബാത്മകത, സർറിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയിൽ ആയിരുന്നു അവരുടെ വരകൾ. തന്റെ വളരെ കുറഞ്ഞ ജീവിത കാലത്തിനിടയ്ക്ക് എക്കാലവും തന്നെ ഈ ലോകത്ത് അടയാളപ്പെടുത്താനുള്ളതെല്ലാം അവര്‍ വരച്ചുവെച്ചിരുന്നു.

 

1907 ജൂലൈ 6-ന് മെക്സിക്കോ സിറ്റിയിലെ ചെറുപട്ടണമായ കൊയോകാനിലാണ് ഫ്രിദ ജനിച്ചത്. മഗ്ദലേന കാര്‍മെന്‍ ഫ്രിദ കഹ്ലോ കാല്‍ഡെറോണ്‍ (Magdalena Carmen Frida Kahlo Calderon) എന്നാണ് ഇവരുടെ മുഴുവൻ പേര്. കുട്ടിക്കാലം മുതല്‍ മോശം ആരോഗ്യസ്ഥിതിയായിരുന്നു ഫ്രിദയ്ക്ക്. 6-ാം വയസ്സില്‍ ബാധിച്ച പോളിയോ മൂലം അവളുടെ വലതുകാല്‍ ചലനമറ്റതായി തീര്‍ന്നു. എന്നാല്‍ പിതാവിന്‍റെ പ്രോത്സാഹനത്താല്‍ ധാരാളം കായിക വിനോദങ്ങളിലേര്‍പ്പെട്ട് അവള്‍ അത്ഭുതകരമായി പോളിയോയെ അതിജീവിച്ചു. പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം 1922-ല്‍ മെക്സിക്കോ നഗരത്തിലെ പ്രശസ്തമായ നാഷണല്‍ പ്രിപ്പറേറ്ററി സ്കൂളില്‍ 35 വിദ്യാര്‍ത്ഥിനികളിലൊരാളായി ചേര്‍ന്ന ഫ്രിദ, അവളുടെ ആത്മവിശ്വാസത്തിനാലും ധൈര്യത്തിനാലും മറ്റുള്ളുവര്‍ക്ക് വളരെ വേഗം പ്രചോദനമായി.

 

1925-ല്‍ ഒരു ബസ് അപകടത്തില്‍ ഫ്രിദക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരും വഴിയാണ് ഫ്രിദയെ എന്നേക്കുമായി പ്രശ്നത്തിലാക്കിയ ആ അപകടം നടക്കുന്നത്. ഒരു ട്രാമുമായി അവരുടെ ബസ് കൂട്ടിയിടിച്ചു. പലരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ അവള്‍ ചികിത്സയിലായി. അതില്‍ നിന്നുള്ള അതിജീവനത്തിനായി അവള്‍ക്ക് 30 ഓപ്പറേഷനുകളോളം ചെയ്യേണ്ടിവന്നു. വിധിയുടെ ക്രൂരതയില്‍ തളര്‍ന്നു പോകാതെ രക്ഷപ്പെടുന്നതിനായി ഫ്രിദ പെയിന്‍റിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവളുടെ ആദ്യകാല പെയ്ന്‍റിങില്‍ പ്രധാനപ്പെട്ട ഒന്നാണ് 1926 ലെ സെല്‍ഫ് പോര്‍ട്രയിറ്റ് വെയറിംഗ് എ വെല്‍വെറ്റ് ഡ്രസ് (Self-Portrait Wearing a Velvet Dress).

 

1927 ആകുമ്പോഴേക്കും ഏറെക്കുറെ സാധാരണജീവിതം നയിക്കാവുന്ന അവസ്ഥയിലെത്തിയിരുന്നു ഫ്രിദ. പിന്നീടാണ് തന്‍റെ ചിത്രങ്ങളെയും വരകളെയും കുറിച്ചുള്ള അഭിപ്രായമറിയാനായി ഫ്രിഡ, റിവേരയെ കാണാന്‍ ചെല്ലുന്നത്. ക്യൂബൻ ചുവർ ചിത്രകാരനായ (മ്യൂറലിസ്റ്റ്) ഡിയേഗോ റിവേര ആ കാലത്ത് തന്നെ വളരെ പ്രശസ്തനായിരുന്നു. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു.

 

ഫ്രിദ ആന്‍റ് ഡിയഗോ റിവേര(1931), ഹെന്‍റി ഫോര്‍ഡ് ഹോസ്പിറ്റല്‍ (1932),മൈ ബര്‍ത്ത്(1932), ദ ടു ഫ്രിഡാസ് (1933), മൈ ഗ്രാന്‍ഡ് പാരന്‍റ്സ് മൈ പാരന്‍റ്സ് ആന്‍ഡ് ഐ - ഫാമിലി ട്രീ (1936), സെല്‍ഫ് പോര്‍ട്രെയിറ്റ് വിത്ത് ക്രോപ്പ്ഡ് ക്രോപ്പ്ഡ് ഹെയര്‍ (1940), റൂട്ട്സ് (1943), ദ ബ്രോക്കണ്‍ കോളം (1944), വിത്തൗട്ട് ഹോപ്പ് (1945), ദ വൗണ്ടഡ് ഡീര്‍ (1946) എന്നിവയെല്ലാം ഫ്രിദയുടെ പ്രധാന പെയിന്‍റിങ്ങുകളാണ്.

 

1940 ൽ ഫ്രിദ റിവേരയോടൊപ്പം കൊയോകാനിലെ ബാല്യകാല വസതിയിലേക്ക് മാറി. 1943-ല്‍ അവിടുത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സിലെ ലാ എസ്മെരാള്‍ഡയില്‍(La Esmeralda) പെയിന്‍റിംഗ് പ്രൊഫസറായി ഫ്രിദ നിയമിക്കപ്പെട്ടു. ആരോഗ്യ അവശതകള്‍ രൂക്ഷമായപ്പോഴും ഫ്രിദ കാഹ്ലോ പെയിന്‍റിങിനെ ഉപേക്ഷിച്ചില്ല. 1953-ല്‍ രോഗശയ്യയിലായപ്പോഴും അവരുടെ ആദ്യത്തെ വ്യക്തിഗതമായ പെയിന്‍റിങ് പ്രദര്‍ശനം നടത്താന്‍ ധൈര്യം കാണിച്ചു. അസാമാന്യ മനോധൈര്യം പ്രകടിപ്പിച്ച ഈ അപൂര്‍വ്വ വനിത 1954-ല്‍ അന്തരിച്ചു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...