Please login to post comment

മേജര്‍ ധ്യാന്‍ ചന്ദ്

  • admin trycle
  • Apr 17, 2020
  • 0 comment(s)

മേജര്‍ ധ്യാന്‍ ചന്ദ്

ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനമായ മേജര്‍ ധ്യാന്‍ചന്ദ് ഗോളുകള്‍ നേടാനുള്ള അദ്ദേഹത്തിന്‍റെ കഴിവുകള്‍ കൊണ്ടാണ് ഹോക്കി ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നത്. ലോകം കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡ്‌ ആയിരുന്ന അദ്ദേഹം ഹോക്കിയിലെ തന്റെ അസാമാന്യപാടവം കൊണ്ട് ഹോക്കി മാന്ത്രികന്‍ എന്ന വിശേഷണത്തിന് അർഹമായി. അദ്ദേഹം കളിക്കുന്ന കാലയളവില്‍ മൂന്ന് ഒളിമ്പിക്സ് സ്വര്‍ണ്ണമെഡലുകള്‍ നേടി ഇന്ത്യയെ മികച്ച ഹോക്കിടീമുകളിലൊന്നാക്കി അദ്ദേഹം മാറ്റി.

1905 ഓഗസ്റ്റ് 29-ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് ധ്യാന്‍ ചന്ദ് ജനിച്ചത്. ഇന്ത്യൻ കരസേനയിലെ ഹോക്കി താരമായ സുമേഷ്‌ വാർ ദത്തിന്റെ പുത്രനായ അദ്ദേഹത്തിന്റെ യഥാർത്ഥ പേര്‌ ധ്യാൻസിങ്‌ എന്നായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന ധ്യാൻ സിങ്‌, 17-ാ‍ം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തില്‍ ചേരും മുമ്പ് അദ്ദേഹം ഹോക്കി കളിച്ചിരുന്നില്ല, ഗുസ്തിയില്‍ ആയിരുന്നു കമ്പം. പിന്നീട് ഹോക്കിയിൽ താല്പര്യം തോന്നിയ അദ്ദേഹം പരിശീലനം ആരംഭിച്ചു. ദൈനംദിന ജോലികള്‍ക്ക് ശേഷമായിരുന്നു ഹോക്കി പരിശീലനം. നിലാവെളിച്ചത്തില്‍ മൈതാനത്ത് ഹോക്കി പരിശീലനം നടത്തുന്ന ധ്യാന്‍ സിംഗിന് ധ്യാന്‍ ചന്ദ് എന്ന ഇരട്ടപ്പേരും കിട്ടി. ആ പരിഹാസപ്പേര് പക്ഷേ പിന്നീട് ഇതിഹാസമായി മാറി.

ആര്‍മിക്ക് വേണ്ടി കളിച്ചാണ് ധ്യാന്‍ ചന്ദ് ശ്രദ്ധേയനാവുന്നത്. 1923-ൽ മീററ്റ്‌ ഹോക്കി ടൂർണമെന്റിൽ തന്റെ റജിമെന്റിനെ ജേതാക്കളാകുന്നതിൽ മുഖ്യപങ്ക്‌ വഹിച്ച ധ്യാന്‍ ചന്ദ്, 1924-ൽ പഞ്ചാബ്‌ നേറ്റീവ്‌ ഹോക്കി ടൂർണമെന്റിലും തന്റെ റജിമെന്റിനെ ജേതാക്കളാക്കി. 1926-ൽ ഇന്ത്യൻ കരസേന ടീമിന്‌ ആദ്യമായി വിദേശ പര്യടനം നടത്താൻ അവസരം ലഭിച്ചപ്പോൾ വെറും 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ധ്യാൻ ചന്ദും ആ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലന്റിൽ രണ്ടുമാസം നീണ്ട പര്യടനത്തിൽ ആകെ കളിച്ച 21 മത്സരങ്ങളിൽ 18 ലും ഇന്ത്യൻ ആർമിക്കായിരുന്നു വിജയം. രണ്ടെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ ഒരുകളിയിൽ പരാജയപ്പെട്ടു. തുടക്കം മുതൽ സെന്റർ ഫോർവേഡായി കളിച്ച ധ്യാൻ ചന്ദ് ആയിരുന്നു ഭൂരിപക്ഷം ഗോളുകളും നേടിയത്.

പിന്നീട് ഇന്ത്യൻ ടീമിന്റെ ഭാഗമായ അദ്ദേഹം, 1928-ൽ ആംസ്റ്റര്‍ഡാമില്‍ വച്ച് നടന്ന ഒളിമ്പിക്സില്‍ 14 ഗോളുകള്‍ നേടി ഇന്ത്യയെ ജേതാക്കളാക്കി കൊണ്ട് തന്റെ ആദ്യ ഒളിംപിക്‌സ് ഗോൾഡ് മെഡൽ സ്വന്തമാക്കി. 1932- ലെ ലോസാഞ്ചൽസ്‌ ഒളിമ്പിക്സിൽ ധ്യാൻ ചന്ദ് തൻ്റെ ഹോക്കിയിലെ മാന്ത്രികത പുറത്തെടുത്തു. ഇത് അദ്ദേഹത്തെ വീണ്ടും ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവാകാൻ സഹായിച്ചു. ആ ഒളിമ്പിക്സിൽ ഇന്ത്യ അമേരിക്കയെ ഒന്നിനെതിരെ 24 ഗോളുകൾക്ക് തോൽപിച്ചത്‌ എക്കാലത്തേയും റെക്കോഡാണ്‌. 1934-ൽ വെസ്റ്റേൺ ഏഷ്യാറ്റിക്‌ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ നയിച്ചത്‌ ധ്യാൻ ചന്ദായിരുന്നു. അന്നാണ്‌ ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ആദ്യമായി ക്യാപ്റ്റൻ ആവുന്നത്. 1935 ലെ ഓസ്ട്രിയ-ന്യൂസിലന്റ്‌ പര്യടന വേളയിലെ ക്യാപ്റ്റൻ ധ്യാൻ ചന്ദായിരുന്നു. 1936 ബർലിൻ ഒളിമ്പിക്സിലാണ് ധ്യാൻ ചന്ദ്‌ ആദ്യമായി ഇന്ത്യയെ ഒളിമ്പിക്സിൽ നയിച്ചത്‌. ആ വർഷം ബെര്‍ലിന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു "ഹോക്കി സ്റ്റേഡിയത്തില്‍ വരൂ, കാണൂ, ഇന്ത്യന്‍ മാന്ത്രിക കായികതാരം ധ്യാന്‍ചന്ദിന്‍റെ പ്രകടനങ്ങള്‍". ബർലിൻ ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ, ജർമനിയും ഇന്ത്യയും ഏറ്റുമുട്ടുന്ന മത്സരം നേരിട്ടുകാണാൻ സാക്ഷാൽ ഹിറ്റ്ലറുമുണ്ട് ഗാലറിയിൽ. ഒരുഗോളിന് പിന്നിട്ടു നിന്ന ഇന്ത്യ പിന്നീട് എട്ടു ഗോളുകൾ എതിരാളിയുടെ വലയിലെത്തിച്ചു. അതിൽ ആറും ക്യാപ്റ്റനായ ധ്യാൻ ചന്ദിന്റെ സ്റ്റിക്കിൽ നിന്നും ആയിരുന്നു. അതോടെ തന്റെ മൂന്നാം ഒളിമ്പിക്സ് ഗോൾഡ് മെഡലും അദ്ദേഹം സ്വന്തമാക്കി. 1944 ലും 1949 ലും രണ്ടാംലോക മഹായുദ്ധംമൂലം ഒളിമ്പിക്സ്‌ മുടങ്ങിയില്ലായിരുന്നുവെങ്കിൽ ധ്യാൻ ചന്ദിന്റെ ഒളിമ്പിക്സ്‌ നേട്ടങ്ങൾ കൂടുതൽ ഉന്നതങ്ങളിൽ എത്തിയേനെ.

1947-ൽ ഇന്ത്യയുടെ ഈസ്റ്റ്‌ ആഫ്രിക്കൻ പര്യടനവേളയിൽ 42-ാ‍ം വയസ്സുകാരനായ ധ്യാൻ ചന്ദ്‌ 61 തവണയാണ്‌ ഗോൾ വലയം ഭേദിച്ചത്‌. അന്ന്‌ ഇന്ത്യ കളിച്ചതാവട്ടെ 22 മത്സരങ്ങളും. ശിപായിയായി ജീവിതം ആരംഭിച്ച്‌ മേജറായി പിരിഞ്ഞ ധ്യാൻ ചന്ദിന്റെ ജീവിതകഥ ഹോക്കിയുടെ ചരിത്രമാണ്‌. ജീവിതത്തിന്‍റെ അവസാനനാളുകള്‍ അദ്ദേഹം തന്‍റെ ജന്മസ്ഥലമായ ഝാന്‍സി(ഉത്തര്‍പ്രദേശ്) യില്‍ ചെലവഴിച്ചു. 1979 ഡിസംബര്‍ 3-ന് അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് മരണമടഞ്ഞു. ഇതിഹാസകായികതാരമായ ധ്യാന്‍ ചന്ദിന്‍റെ ജന്മവാര്‍ഷികദിനമായ ആഗസ്റ്റ് 29 ഇന്ത്യ ദേശീയ കായിക ദിനമായി കൊണ്ടാടുന്നു. 1956-ല്‍ ഇന്ത്യ ഗവണ്‍മെന്‍റ് അദ്ദേഹത്തിന് പരമോന്നതബഹുമതികളിലൊന്നായ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.











( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...