Please login to post comment

ഡോ. കെ. അയ്യപ്പപണിക്കര്‍

  • admin trycle
  • May 16, 2020
  • 0 comment(s)

ഡോ. കെ. അയ്യപ്പപണിക്കര്‍

 

മലയാളത്തിലെ നവീനകവിതയുടെയും ആധുനികോത്തര കവിതയുടെയും പ്രമുഖ വക്താവും, പ്രയോക്താവുമാണ് ഡോ.കെ.അയ്യപ്പപണിക്കര്‍. മലയാള കവിതാപ്രസ്ഥാനത്തിലേക്ക് ആധുനികതയെ ഉള്‍ച്ചേര്‍ത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച വ്യക്തി കൂടിയായ അദ്ദേഹം മലയാളകവി, സാഹിത്യസൈദ്ധാന്തികന്‍ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. പ്രഗത്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം ഇംഗ്ലീഷ് കവിയും, വിവര്‍ത്തകനും കൂടിയായിരുന്നു. 

 

1930 സെപ്റ്റംബർ 12 നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. മീനാക്ഷി അമ്മയും നാരായണന്‍ നമ്പൂതിരിയും ആണ് മാതാ-പിതാക്കൾ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി അയ്യപ്പപണിക്കര്‍ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അയ്യപ്പപണിക്കര്‍ അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച്ഡി ബിരുദം കരസ്ഥമാക്കി. പിന്നീട് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി സി.എം.എസ് കോളേജ് കോട്ടയം, എം.ജി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കേരള യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായി. 1990 ല്‍ അവിടെനിന്നും വിരമിച്ചു.

 

ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹം കവിതാരചന ആരംഭിച്ചിരുന്നു. 1950 കളില്‍ ഷെല്ലി, റ്റി. എസ് എലിയിറ്റ് തുടങ്ങിയ ഇംഗ്ലീഷ് കവികളെകുറിച്ചും അവരുടെ കാവ്യങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ പണിക്കര്‍ കൗമുദി, ഡെമോക്രാറ്റ് തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയ്യപ്പപണിക്കരുടെ ആദ്യകാല രചനകളില്‍ ചങ്ങമ്പുഴ കവിതകളിലെ സ്വാധീനം നിഴലിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത് അദ്ദേഹം ആധുനിക കവിതയിലേക്ക് തിരിഞ്ഞു.

 

കുരുക്ഷേത്രം എന്ന കവിതയോടെയാണ് അയ്യപ്പപ്പണിക്കര്‍ എന്ന കവി മലയാള കവിതാരംഗത്ത് സജീവ ചര്‍ച്ചാവിഷയമായത്. മലയാളത്തിലെ ആധുനിക കവിതാപ്രസ്ഥാനത്തിനു തുടക്കം കുറിച്ച കവിതയായി "കുരുക്ഷേത്രം" കരുതപ്പെടുന്നു. 1960 ല്‍ ദേശബന്ധു മാസികയിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. തുടര്‍ന്നുള്ള പതിറ്റാണ്ടില്‍ മലയാളകവിതയിലെ ആധുനികതാപ്രസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന മൃത്യുപൂജ (1963), പ്രിയതമേ പ്രഭാതമേ (1965), അഗ്നിപൂജ (1966), കുടുംബപുരാണം (1968) തുടങ്ങിയ കവിതകള്‍ അദ്ദേഹം എഴുതി. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങളുടെ സമാഹാരമാണ് 'അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍'. 1983 ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.

 

സരസ്വതി സമ്മാന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യപുരസ്കാരം, ആശാന്‍ പ്രൈസ്, മഹാകവി പന്തളം കേരളവര്‍മ്മ പുരസ്കാരം, ഒറീസ്സയില്‍ നിന്നുള്ള ഗംഗാധര്‍ മെഹര്‍ അവാര്‍ഡ്, മധ്യപ്രദേശില്‍ നിന്നുള്ള കബീര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ദില്‍വാര പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം ലഭിച്ച അദ്ദേഹം 2006 ഓഗസ്റ്റ് 23-ാം തീയ്യതി അന്തരിച്ചു.

 

 പ്രധാന കൃതികള്‍

• കുരുക്ഷേത്രം

• പത്തു കവിതകളും പഠനങ്ങളും

• പൂക്കാതിരിക്കാന്‍ എനിക്കാവതില്ല

• മൃത്യുപൂജ

• പുരൂരവസ്

 

ഇംഗ്ലീഷ് രചനകള്‍

• Sound bound

• I Can’t Help Blossoming

• In the Sacred Navel of Our Dream

 

വിവര്‍ത്തനം

• പൂച്ചയും ഷേകസ്പിയറും

• ക്യൂബന്‍ കവിതകള്‍

• ഗുരുഗ്രന്ഥസാഹിബ്

 

ഫോട്ടോ കടപ്പാട്: മലയാള മനോരമ

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...