Please login to post comment

ദൂരദര്‍ശന്‍

  • admin trycle
  • Mar 16, 2020
  • 0 comment(s)

ദൂരദര്‍ശന്‍

 

ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ തുടങ്ങിയ ഒരു പൊതു ഭൂതല ടെലിവിഷൻ ചാനൽ ആണ് ദൂരദര്‍ശന്‍. ചിത്രഹാര്‍, മഹാഭാരതം, ദേഖ് ഭായ് ദേഖ്, ഫൗജി, മാല്‍ഗുഡി ഡെയ്‌സ് തുടങ്ങിയ ദൂരദര്‍ശനിലെ വിനോദപരിപാടികള്‍ 80കളിലേയും 90കളിലേയും തലമുറയ്ക്ക് ഇപ്പോഴും ഗൃഹാതുരതയുണര്‍ത്തുന്നവയാണ്. 1959 സെപ്റ്റംബർ 15-നാണ് ദൂരദര്‍ശന്‍ ആദ്യമായി ചാനൽ സംപ്രേഷണം തുടങ്ങുന്നത്. മിതമായ രീതിയിലായിരുന്നു ഇതിന്റെ തുടക്കം.

 

1956-ല്‍ ഡല്‍ഹിയില്‍ വെച്ച് യുനെസ്‌കോയുടെ (United Nations Educational, Scientific and Cultural Organization) സമ്മേളനം നടക്കുകയും, ഇന്ത്യയില്‍ ടെലിവിഷന്റെ സാധ്യതകളെക്കുറിച്ച് സമ്മേളനം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുകയും ചെയ്തു. വിദ്യാഭ്യാസം, ഗ്രാമപുനരുദ്ധാരണം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ ടെലിവിഷനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഒരു പഠനപദ്ധതിക്ക് സമ്മേളനം രൂപംനല്‍കി. മാത്രമല്ല ഒരു ടി.വി. സംപ്രേക്ഷണനിലയം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികസഹായം യുനെസ്‌കോ വാഗ്ദാനം ചെയ്യുകയും, ശക്തികുറഞ്ഞ ഒരു ട്രാൻസ്മിറ്റർ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ യു.എസ്.എ. ലഭ്യമാക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ ആദ്യത്തെ ടെലിവിഷന്‍കേന്ദ്രം (ദൂരദര്‍ശന്‍) ആകാശവാണിയുടെ നിയന്ത്രണത്തില്‍ 1959 സെപ്റ്റംബര്‍ 15-ന് ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

 

05 കിലോവാട്ടിന്റെ ചെറിയ ട്രാൻസ്മിറ്റർ ഉപയോഗിച്ച് ദില്ലിയിലാണ് ആദ്യത്തെ പരീക്ഷണം നടത്തിയത്. ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നാണ് ആദ്യസംപ്രേക്ഷണം നടത്തിയത്. അന്നത്തെ ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്ന ഡോ.രാജേന്ദ്ര പ്രസാദാണ് ദൂരദര്‍ശന്‍ ചാനൽ ഉദ്ഘാടനം ചെയ്തത്. ദില്ലിയിൽ സംഘടിപ്പിച്ച ആദ്യ പരീക്ഷണത്തിന് എല്ലാ സഹായങ്ങളും ചെയ്തത് ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് ആണ്. ആദ്യ ഘട്ടത്തിൽ 40 കിലോ മീറ്റർ സംപ്രേഷണ പരിധിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള പരുപാടികളായിരുന്നു സംപ്രേഷണം ചെയ്യപ്പെട്ടിരുന്നത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. ടെലി ക്ലബ്ബുകളിലെ ടെലിവിഷനിലൂടെ സമീപ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ ദൂരദര്‍ശൻ പരിപാടികൾ കണ്ടു തുടങ്ങി.

 

ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1964-1965 ൽ വിദ്യാഭ്യാസപരമായ പരിപാടികളും വിനോദ പരിപാടികളും സംപ്രേഷണം ചെയ്തു തുടങ്ങി. ഇതോടെ ആകാശവാണിയിലെ താല്‍ക്കാലിക സ്റ്റുഡിയോ പോരാതെ വന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയാണ് പ്രോഗ്രാമുകള്‍ തയ്യാറാക്കിയത്. തൊട്ടടുത്ത വർഷങ്ങളിൽ പ്രക്ഷേപണ സമയവും ദൂരപരിധിയും കൂട്ടിയ ദൂരദർശൻ 1970 കൾ ആയപ്പോഴേക്കും 68 കിലോമീറ്റർ സംപ്രേഷണ പരിധിയിൽ 4 മണിക്കൂർ സമയം പരിപാടികൾ സംപ്രേഷണം ചെയ്തു. ഈ കാലഘട്ടത്തിൽ തന്നെ വാര്‍ത്താ ബുള്ളറ്റിനും ദൂരദര്‍ശന്‍ തുടങ്ങി. 1982 ആയപ്പോഴേക്കും ഇന്ത്യ മുഴുവൻ സംപ്രേഷണം ചെയ്യുന്ന രീതിയിലേക്ക് ദൂരദർശൻ വളർന്നു. ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്.

 

1982-ലെ ഏഷ്യന്‍ കായികമേള ദൂരദര്‍ശന്റെ വളർച്ചയിലെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ ഡല്‍ഹിയില്‍ നടന്ന ഈ മേളയുടെ ദൃശ്യങ്ങള്‍ തത്സമയം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രേക്ഷകര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അന്ന് പൂര്‍ണവളര്‍ച്ചയില്‍ എത്തിയിട്ടില്ലാത്ത ദൂരദര്‍ശന്‍ ഏറ്റെടുത്തത്. ആകാശവാണി-ദൂരദര്‍ശന്‍ നിലയങ്ങളില്‍ ആദ്യമായി സ്‌പോര്‍ട്സ് വിഭാഗം ഉണ്ടാക്കിയത് ഈ സാഹചര്യത്തിലാണ്. ദൂരദര്‍ശന് അന്നുണ്ടായിരുന്ന 41 കേന്ദ്രങ്ങള്‍ക്കുപുറമേ ശക്തികുറഞ്ഞ 20 പ്രസരണികള്‍കൂടി രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ചു. ഏഷ്യന്‍ കായികമേളയുടെ വിജയകരമായ സംപ്രേഷണം ദൂരദര്‍ശന്റെ പേരും പെരുമയും കൂട്ടി. 1985 മാര്‍ച്ച് അവസാനത്തോടെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ എണ്ണം 17 ഉം പ്രസരണികളുടെ എണ്ണം 173 ഉം ആയി വളർന്നു. 1987ഫെബ്രുവരി 23 മുതല്‍ ദൂരദര്‍ശനില്‍ പ്രഭാത സംപ്രേഷണവും 1989 ജനുവരി 26 മുതല്‍ മധ്യാഹ്ന സംപ്രേഷണവും സജ്ജമായി.

 

1982 നവംബര്‍ 19 ന് തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളത്തിലും ദൂരദര്‍ശന്റെ സംപ്രേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ നടന്നത്. 1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 1985 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. നാലുമാസത്തിനകം തിരുവനന്തപുരത്ത് ശക്തികൂടിയ പത്ത് കിലോവാട്ട് ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചതോടെ കൂടുതല്‍ പ്രദേശത്ത് മലയാളം പരിപാടികള്‍ ലഭ്യമായിത്തുടങ്ങി. 1995 ല്‍ മലയാളം സിനിമകള്‍ നല്‍കിത്തുടങ്ങി. പൂര്‍ണമലയാളം ചാനലായി ഡി.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ ആരംഭിച്ചു .2005 ല്‍ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു.

 

ആകാശവാണിയുടെ മാത്രമല്ല ദൂരദര്‍ശന്റെയും ഭരണച്ചുമതല നിര്‍വഹിക്കുന്നത് പ്രസാര്‍ഭാരതി (ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) കോര്‍പ്പറേഷനാണ്. 1997 നവംബര്‍ 23-നാണ് ഇത് നിലവില്‍ വന്നത്. വിവരം, വിദ്യാഭ്യാസം, വിനോദം എന്നിവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക, റേഡിയോയുടെയും ടെലിവിഷന്റെയും സന്തുലനവികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ രൂപവത്കരിച്ചത്. പ്രസാര്‍ഭാരതി കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ ജനറലാണ് ദൂരദര്‍ശൻ മേധാവി. നയരൂപവത്കരണം, ആസൂത്രണം, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികവിദ്യയിലെ ആധുനികവത്കരണം, സാമ്പത്തിക നിയന്ത്രണം, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കല്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹത്തിന്റേതാണ്.

 

ഇന്ത്യന്‍ ഭൗമാതിര്‍ത്തിയുടെ 90.7 ശതമാനം സ്ഥലത്തും ദൂരദര്‍ശന്റെ സിഗ്നലുകള്‍ ഇന്ന് ലഭ്യമാണ്. 1400 ട്രാന്‍സ്മിറ്ററുകളുടെ സഹായത്തോടെയാണ് ഈ ഭൂതല സംപ്രേക്ഷണം നിര്‍വഹിക്കുന്നത്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും. ഇന്ന് ദൂരദർശൻ 7 ദേശീയ ചാനലുകളും, 28 പ്രാദേശിക ഭാഷ ചാനലുകളും, 7 പ്രാദേശിക നെറ്റ് വർക്കും ഒരു അന്താരാഷ്ട്ര ചാനലും സംപ്രേഷണം ചെയ്യുന്നുണ്ട്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...