Please login to post comment

ആൽഫ്രഡ് ഹിച്ച്‌കോക്ക്

  • admin trycle
  • Jun 28, 2020
  • 0 comment(s)

ആൽഫ്രഡ് ഹിച്ച്‌കോക്ക്

 

ഇംഗ്ലീഷ് വംശജനായ അമേരിക്കൻ ചലച്ചിത്ര സംവിധായകനാണ് സർ ആൽഫ്രഡ് ഹിച്ച്‌കോക്ക്. സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ ശ്രദ്ധേയനായ ഹിച്ച്കോക്കിന്റെ സിനിമകളെല്ലാം വാണിജ്യ സിനിമകളായിരുന്നു. കുറ്റാന്വേഷണവും ഭീതിയും ഫാന്റസികളുമെല്ലാം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. തന്റെ സിനിമകളിൽ പല പുതിയ രീതികളും അദ്ദേഹം ആവിഷ്കരിച്ചു. കലാസംവിധായകൻ, പ്രൊഡക്ഷൻ ഡിസൈനർ, എഡിറ്റർ, അസിസ്റ്റന്റ് ഡയറക്ടർ, എഴുത്തുകാരൻ എന്നീ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

1899 ഓഗസ്റ്റ് 13 ന്‌ ലണ്ടനിൽ വില്യം ഹിച്ച്‌കോക്കിന്റെയും എമ്മാ ജെയ്ൻ ഹിച്ച്‌കോക്കിന്റെയും മൂന്നു മക്കളിൽ ഇളയവനായിട്ടാണ് ആൽഫ്രഡ് ഹിച്ച്‌കോക്ക് ജനിച്ചത്. പതിനാലാം വയസ്സിൽ ഹിച്ച്‌കോക്കിന്റെ പിതാവ് അന്തരിച്ചു. ആ വർഷം തന്നെ അദ്ദേഹം സ്റ്റാംഫഡ് ഹില്ലിലെ സെന്റ് ഇഗ്നേഷ്യസ് കോളേജ് വിട്ട് പോപ്ലറിലെ ലണ്ടൻ കൗണ്ടി കൗൺസിൽ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് നാവിഗേഷനിൽ ചേർന്നു. ഡബ്ല്യു.ടി. ഹെൻലിയുടെ ടെലിഗ്രാഫ് വർക്ക്സ് കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്ത അദ്ദേഹം 1918 ൽ അഡ്വർട്ടൈസിങ് ഡിപ്പാർട്ട്മെന്റിലേക്ക് മാറി. പിന്നീട് തന്റെ കലാപരമായ മേഖലയിലേക്ക് തിരിഞ്ഞ ഹിച്ച്കോക്ക് 1916 ൽ ലണ്ടൻ സർവകലാശാലയിൽ ഡ്രോയിംഗ്, ഡിസൈൻ ക്ലാസുകളിൽ ചേർന്നു. ഹെൻലിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം എഴുത്തിലേക്ക് തിരിയുന്നതും തന്റെ ചെറിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ സമർപ്പിച്ച് തുടങ്ങിയതും.

 

1920 ൽ, പ്രശസ്തമായ പ്ലയേഴ്സ്-ലാസ്കി കമ്പനിയിൽ നിശബ്ദ സിനിമകൾക്കായി ടൈറ്റിൽ കാർഡുകൾ രൂപകൽപ്പന ചെയ്യുന്ന ഒരു മുഴുവൻ സമയ ജോലിക്കാരനായിട്ടാണ് ഹിച്ച്കോക്ക് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്. പിന്നീട് സ്വതന്ത്ര നിർമ്മാതാക്കൾക്കൊപ്പം സിനിമകളിൽ പ്രവർത്തിച്ച അദ്ദേഹം കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും, കലാസംവിധായകൻ, പ്രൊഡക്ഷൻ ഡിസൈനർ, എഡിറ്റർ, അസിസ്റ്റന്റ് ഡയറക്ടർ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. 'മിസ്സിസ് പീബോഡി' (1922) എന്ന കോമഡി ചിത്രമായിരുന്നു സംവിധായകനെന്ന നിലയിൽ ഹിച്ച്‌കോക്കിന്റെ ആദ്യ സിനിമയെങ്കിലും ഫണ്ടിന്റെ അഭാവത്താൽ ഇത് പൂർത്തിയായില്ല. സീമോർ ഹിക്സുമായി ചേർന്ന് സംവിധാനം നിർവ്വഹിച്ച, 'ഓൾവേസ് ടെൽ യുവർ വൈഫ്' (1923) ആയിരുന്നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രം, പക്ഷേ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിച്ചില്ല. സംവിധായകനെന്ന നിലയിൽ ഹിച്ച്കോക്ക്‌ അംഗീകരിക്കപ്പെട്ട ആദ്യ ചലച്ചിത്രം 'ദ പ്ലെഷര്‍ ഗാര്‍ഡന്‍' (1925) ആണ്, പക്ഷെ ഈ ചലച്ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല. ത്രില്ലർ വിഭാഗത്തിൽ പെട്ട ആദ്യ ചലച്ചിത്രമായ 'ദ ലോഡ്ജര്‍: എ സ്റ്റോറി ഓഫ്‌ ദ ലണ്ടന്‍ ഫോഗ്‌' (1927) സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. ഇതോടെ ഹിച്ച്കോക്ക് സിനിമകൾ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ബ്ലാക്ക് മെയിൽ (1929) എന്ന ത്രില്ലറാണ് ഹിച്ച്കോക്കിന്റെ ആദ്യ ശബ്ദ ചിത്രം.

 

ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ -നിശ്ശബ്ദ ചിത്രങ്ങളിലും ശബ്ദ ചിത്രങ്ങളിലും- മികച്ച രീതയിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം ഹോളിവുഡിലേക്ക് മാറി. 1934 ൽ ഗൗമോണ്ട്-ബ്രിട്ടീഷുമായി ഹിച്ച്കോക്ക് കരാർ ഒപ്പുവെച്ചു, ആ കമ്പനിക്കായി അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'ദി മാൻ ഹു ന്യൂ റ്റൂ മച്ച്' (The Man Who Knew Too Much - 1934) അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര വിജയമായിരുന്നു. അഭിനേതാക്കളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഹോളിവുഡ്‌ സിനിമകള്‍ സംവിധായകന്റെ കലയായി അംഗീകരിക്കുന്നത് ഹിച്ച്‌കോക്കിന്റെ കാലത്താണ്. സിനിമയുടെ പോസ്റ്ററുകളില്‍ ആദ്യമായി സംവിധായകന്റെ പേരും ചിത്രവും പതിപ്പിച്ച്‌ പരസ്യം ചെയ്തത്‌ ഹിച്ച്കോക്ക്‌ സിനിമകളാണ്.

 

ഹിച്ച്കോക്കിന്റെ ആദ്യ അമേരിക്കന്‍ ചിത്രമായ 'റെബേക്ക' (1940) മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ്‌ നേടിയെങ്കിലും മികച്ച സംവിധായകനുള്ള പുരസ്കാരം ഹിച്ച്കോക്കിന് നേടിക്കൊടുക്കുവാന്‍ ചിത്രത്തിനായില്ല. സംവിധായകനുള്ള രണ്ടാമത്തെ അക്കാദമി അവാർഡ് നോമിനേഷൻ ഹിച്ച്കോക്കിന് ലഭിച്ചത് 'ലൈഫ് ബോട്ട്' (1944) എന്ന ചലച്ചിത്രത്തിനായിരുന്നു. പൂർണ്ണമായും ഒരു ലൈഫ് ബോട്ടിൽ സജ്ജമാക്കിയ സിനിമയായിരുന്നു ഇത്. പിന്നീട് 'സ്പെൽബൗണ്ട് '(1945), 'റെയർ വിൻഡോ' (1954), 'സൈക്കോ' (1960) എന്നീ ചിത്രങ്ങളുടെ പേരിലും മികച്ച സംവിധായകനായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇത്തരത്തിൽ 5 തവണ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അക്കാദമി അവാർഡ് നേടാൻ അദ്ദേഹത്തിനായില്ല.

 

കൊലപാതകം അല്ലങ്കിൽ ചാരവൃത്തിയാണ് ഇദ്ദേഹത്തിന്റെ മിക്ക സിനിമകളുടെയും ഇതിവൃത്തം. അസാധാരണവും അപരിചിതവുമായ സാഹചര്യങ്ങളിലകപ്പെട്ട് പോകുന്ന സാധാരണ മനുഷ്യരുടെ കഥകളും ഹിച്ച്‌കോക്ക് പലപ്പോഴും വിഷയമാക്കിയിട്ടുണ്ട്. വഞ്ചന, തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തികൾ, കാണികളുടെ ആകാംഷ വർധിപ്പിക്കുന്ന രംഗങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയും സജീവമാക്കുകയും ചെയ്തു. ഉദ്വേഗജനകമായ നിമിഷങ്ങൾ നിർമ്മിക്കുന്നതിനും നിലനിർത്തുന്നതിനും സാങ്കേതിക മാർഗങ്ങളെ അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. ഇതിനായി അദ്ദേഹം പുതിയ രീതിയിലുള്ള ക്യാമറ വ്യൂ പോയിന്റുകൾ, ചലനങ്ങൾ, വിശാലമായ എഡിറ്റിംഗ് വിദ്യകൾ, ഫലപ്രദമായ പശ്ചാത്തല സംഗീതം എന്നിവ ഉപയോഗപ്പെടുത്തി.

 

കാൻസ്, വെനീസ് തുടങ്ങിയ പ്രമുഖ ചലച്ചിത്രമേളകളിലും അക്കാദമി പുരസ്കാരങ്ങൾക്കും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഹിച്ച്‌കോക്കിന്റെ സിനിമകൾ വാണിജ്യ വിജയങ്ങളായിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഇർ‌വിംഗ് ജി.താൽബെർഗ് പുരസ്കാരം(1968). അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈഫ് അച്ചീവ്മെൻറ് അവാർഡ് (1979) എന്നിവയാണ് ഹിച്ച്‌കോക്കിന് ലഭിച്ച പ്രധാന ബഹുമതികൾ. "മാസ്റ്റർ ഓഫ് സസ്പെൻസ്" എന്ന് വിളിപ്പേരുള്ള ഹിച്ച്കോക്ക് 1980-ൽ അന്തരിച്ചു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...