Please login to post comment

രവീന്ദ്രനാഥ ടാഗോര്‍

  • admin trycle
  • May 4, 2020
  • 0 comment(s)

രവീന്ദ്രനാഥ ടാഗോര്‍

 

കവി, തത്വചിന്തകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, വിദ്യാഭ്യാസ പണ്ഡിതൻ, ചിത്രകാരന്‍, നാടകരചിയിതാവ്, ഗാനരചയിതാവ്, ഗായകന്‍, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് രവീന്ദ്രനാഥ ടാഗോര്‍. ഇന്ത്യന്‍ സാഹിത്യത്തെ ആഗോളതലത്തിലെത്തിച്ച രവീന്ദ്രനാഥ ടാഗോര്‍ വിശ്വകവി  എന്ന് വിശേഷിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിന്‍റെ കലാ-സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടാഗോര്‍ നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്.

 

1861 മെയ് ഏഴിന് കൊല്‍ക്കത്തയില്‍ ദേബേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായാണ് രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. അച്ഛനായ ദേവേന്ദ്രനാഥ ടാഗോറും സാഹിത്യ രംഗത്തെ പ്രമുഖനായിരുന്നു. എട്ട് വയസ്സ് മുതല്‍ കവിതയെഴുതി തുടങ്ങിയ അദ്ദേഹം പതിനാറാം വയസ്സില്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്.  പിന്നീട് തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1878 മുതല്‍ 1880 വരെ ലണ്ടനില്‍ പഠിച്ചു. സംസ്‌കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി ഭാഷകളില്‍ പ്രാവീണ്യം നേടി.  ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോര്‍ 1880 കളിൽ നിരവധി കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. മാത്രമല്ല ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു. ബംഗാളി സാഹിത്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധചെലുത്തിയ ടാഗോര്‍ ബംഗാളി സംഗീതത്തിനും ചിത്രകലയ്ക്കും പുതിയ മാനങ്ങള്‍ നല്‍കി.

 

വിദ്യാഭ്യാസരംഗത്ത് മാറ്റം ആഗ്രഹിച്ച അദ്ദേഹം 1901-ല്‍ ശാന്തിനികേതന്‍ എന്ന വിദ്യാലയം തുടങ്ങി. 1921-ല്‍ ഈ വിദ്യാലയം വിശ്വഭാരതി സര്‍വ്വകലാശാലയായി വികസിച്ചു. അവിടെ അദ്ദേഹം ഇന്ത്യൻ, പാശ്ചാത്യ പാരമ്പര്യങ്ങളിൽ ഏറ്റവും മികച്ചത് വിദ്യാർത്ഥികളിൽ എത്തിക്കാൻ ശ്രമിച്ചു. ശാന്തിനികേതനിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം അവിടെ ഒരു ആശ്രമവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും സ്ഥാപിച്ചു. 1902 നും 1907 നും ഇടയിൽ ഇവിടെ വച്ച്‌ ടാഗോറിന്റെ ഭാര്യയും രണ്ട്‌ കുട്ടികളും മരണമടഞ്ഞു. 1913-ല്‍ ഗീതാഞ്ജലി എന്ന കവിതാ സമാഹാരത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതോടെ പ്രസ്തുത സമ്മാനം നേടുന്ന യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയായി. നൂറുകണക്കിന് കവിതകളും അതിനൊപ്പം കഥകളും നാടകങ്ങളുമെഴുതിയ അദ്ദേഹം എട്ട് നോവലുകളും രചിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 1886 ലാണ് കോണ്‍ഗ്രസില്‍ അംഗമാവുന്നത്. ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിർണ്ണായകമായിരുന്നു. മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച ടാഗോറിനെ ഗുരുദേവ് എന്ന് ബഹുമാനര്‍ത്ഥം വിളിക്കുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ദേശീയഗാനരചയിതാവും ടാഗോറാണ്. 1911-ല്‍ രചിച്ച ജനഗണമന എന്ന തുടങ്ങുന്ന ഗാനം സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ദേശീയഗാനമായി മാറി. 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയുടെ ദേശീയഗാനം ആദ്യം അറിയപ്പെട്ടിരുന്നത് ഭാരത്‌ വിധാതാ എന്ന പേരിലാണ്. 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം 'ജനഗണമന' പാടിയവതരിപ്പിച്ചു. ബംഗ്ലാദേശിനായി "അമര്‍ സോന ബംഗ്ല" എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം രചിച്ചു. ഇന്ത്യയുടെ ദേശീയഗാനത്തെ ‘Morning Song of India’ എന്ന പേരില്‍ അദ്ദേഹം തന്നെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. 1919-ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ 1915-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ നല്‍കിയ സര്‍ പദവി ഉപേക്ഷിച്ചു. 1941 ആഗസ്റ്റ് ഏഴിന് അന്തരിച്ച അദ്ദേഹത്തിന്‍റെ കഥകള്‍ കൊളേണിയല്‍ കാലത്തെ ഇന്ത്യയുടെ സാമൂഹികപശ്ചാത്തലം ഊറിക്കൂടിയതാണ്.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...