Please login to post comment

ട്രൈക്കിൾ ടോക്ക്സ് വിത്ത് ഹെന്ന ജയന്ത്

  • admin trycle
  • May 27, 2020
  • 0 comment(s)

പ്രശസ്ത ഫോർമുല 4 LGB റേസർ ഹെന്ന ജയന്തുമായി ട്രൈക്കിൾ ടോക്സിൽ നടത്തിയ സംഭാഷണം > ഹെന്നയെ പ്രേക്ഷകർക്ക് വേണ്ടിയൊന്ന് സ്വയം പരിചയപ്പെടുത്താമോ? ഞാൻ ശരിക്കും ഒരു ഗുജറാത്തിയാണ്, പക്ഷെ ജനിച്ചതും വളർന്നതുമൊക്കെ കോഴിക്കോടാണ് അതുകൊണ്ട് തന്നെ ഇപ്പൊ ഞാൻ ശരിക്കും ഒരു കോഴിക്കോട്ടുകാരിയാണ്, എന്റെ സംസാരം ഒക്കെ കോഴിക്കോട് ഭാഷ തന്നെയാണ്. സ്കൂൾ വിദ്യാഭ്യാസം കോഴിക്കോട് തന്നെയായിരുന്നു. പിന്നീട് ബാംഗ്ലൂരിലും മാഞ്ചസ്റ്ററിലും പഠനം നടത്തി. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്പോർട്സുമായിട്ടുള്ള എന്റെ ബന്ധം തുടങ്ങിയിട്ടുണ്ട്. ഞാൻ എട്ടിൽ പഠിക്കുമ്പോഴായിരുന്നു അത്. എന്റെ ആദ്യ കായിക ഇനം ക്രിക്കറ്റ് ആയിരുന്നു. എന്റെ അമ്മ ഒരു മുൻ ക്രിക്കറ്റ് പ്ലയർ ആയതുകൊണ്ടാണ് എനിക്ക് അതിനോട് താൽപ്പര്യം തോന്നിയത്. പിന്നീട് ഞാൻ മാഞ്ചസ്റ്ററിൽ പോയി തിരിച്ചുവന്ന ശേഷം കുറച്ച് കാലം മോഡലിംഗ് ചെയ്തിരുന്നു. ഒപ്പം ഒരു സിനിമയിലും അഭിനയിച്ചു. പിന്നീട് 2018 ലാണ് എനിക്ക് കാർ റേസിങ്ങിലേക്ക് താൽപ്പര്യം തോന്നുന്നതും, ഞാൻ കാർ റേസിങ്ങിലേക്ക് എത്തിപ്പെടുന്നതും. ?മോഡൽ, ക്രിക്കെറ്റ് പ്ലയർ, കാർ റേസർ ഒപ്പം ഒരു ട്രാവലിംഗ് കമ്പനിയും നടത്തുന്നുണ്ട്. ഇതെല്ലാം കൂടി ഒരുമിച്ച് കൊണ്ടുപോവുന്നതെങ്ങനെയാണ്? ക്രിക്കറ്റിൽ ഞാനിപ്പോൾ ഫോക്കസ് ചെയ്യുന്നില്ല. ഞാനിപ്പോൾ ഫോക്കസ് ചെയ്യുന്നത് ട്രാവൽ ബിസിനസ്സിലും റേസിങ്ങിലും ആണ്. എനിക്ക് ഇഷ്ട്ടമുള്ള ഒരു കാര്യമാണ് യാത്ര. ഒരുപാട് യാത്ര ചെയ്യുന്ന ആളാണ് ഞാൻ ആ ഒരു ഏക്സ്‌പീരിയൻസിൽ നിന്നാണ് ട്രാവൽ ബിസിനസ്സ് ആരംഭിച്ചത്. അയാട്ടയോ ടൂറിസം കോഴ്സോ ഒന്നും ഞാൻ ചെയ്തിട്ടില്ല. ഞാൻ പഠിച്ചത് എച്ച് ആർ ആവാനായിരുന്നു. പക്ഷെ അത് കഴിഞ്ഞ് എനിക്ക് ട്രാവൽ ആണ് കൂടുതൽ താൽപ്പര്യം എന്ന് മനസ്സിലായി. ഇപ്പോൾ ഇതിൽ നിന്നും വരുമാനം വന്നാലേ എനിക്ക് റേസ് ചെയ്യാൻ കഴിയൂ. കാരണം റേസിങ്ങിന് കുറെ ചിലവ് വരും. പക്ഷെ അതെന്നെ മോട്ടിവേറ്റ് ചെയ്യുന്ന ഒരു കാര്യമാണ്. ?എച്ച് ആർ ആവാനാണ് പഠിച്ചതെങ്കിലും ട്രാവലിങിലും റേസിങിലും ആയിരുന്നു താല്പര്യം എന്ന് പറഞ്ഞു, അപ്പോൾ അതിലേക്ക് എത്തിച്ചേരാനായി നടത്തിയ കാര്യങ്ങൾ എന്തൊക്കെയായിരുന്നു? റേസിങ്ങിനെ കുറിച്ച് നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് അറിവ് കുറവാണ്, അത്തരമൊരു സാഹചര്യത്തിൽ ഇതിനെ ഒരു പ്രൊഫഷൻ ആക്കി എടുക്കാൻ എങ്ങനെ സാധിച്ചു? ഒരു പ്രധാന കാര്യം എന്റെ രക്ഷിതാക്കൾ നല്ല സപ്പോർട്ട് ആണ് എന്നതാണ്. അതുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു ഫീൽഡ് തിരഞ്ഞെടുക്കാനുള്ള ധൈര്യം ലഭിച്ചത്. നിങ്ങൾ എത്ര വലുതായാലും അവർക്ക് നിങ്ങൾ എപ്പോഴും കുട്ടികളാണ് അതുകൊണ്ട് തന്നെ ഏതൊരു കാര്യവും നിങ്ങൾ അവരുമായി ചർച്ചചെയ്യേണ്ടത് പ്രധാനമാണ്. അവർ നിങ്ങളെ നിരുത്സാഹപ്പെടുത്തിയാൽ അവരെ നിങ്ങൾ കൺവിൻസ് ചെയ്‌തെടുക്കണം. അങ്ങനെ ഒരു കോൺഫിഡൻസ് നിർമ്മിച്ചെടുത്താൽ അത് പിന്നീട് നിങ്ങളെ സഹായിക്കും. ഞാനവരെ ഡ്രൈവിന് കൊണ്ടുപോയിട്ടാണ് ഈ കാര്യം പറഞ്ഞത്ത്. ആദ്യം പറഞ്ഞപ്പോൾ പറ്റില്ല എന്നായിരുന്നു എന്റെ രക്ഷിതാക്കളുടെയും നിലപാട്. റോഡിൽ ഓടിക്കുന്നതിനേക്കാൾ സ്പീഡ് ഉണ്ടാവും വേറെ കുറെ പാർട്ടിസിപ്പന്റ്സ് ഉണ്ടാവും അതുകൊണ്ടൊക്കെ റിസ്ക് ആണ് എന്നാണ് അവരും പറഞ്ഞത്. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കാര്യമാണ് അതുകൊണ്ട് എനിക്കൊന്ന് ട്രൈ ചെയ്ത് നോക്കാൻ വേണ്ടീയിട്ട് മാത്രാണ് ഞാൻ പോവുന്നത് എന്നാണ് ഞാൻ പറഞ്ഞത്. കാരണം ഒരു ബാക്ഗ്രൗണ്ടും ഇല്ലാതെയാണ് ഞാൻ പോകുന്നത് അതുകൊണ്ട് കിട്ടും എന്ന് ഉറപ്പൊന്നും ഇല്ലായിരുന്നു. പക്ഷെ ഞാൻ വിചാരിച്ചില്ല ഇത് ഇത്രയും വലിയ ഒരു അവസരമായി മാറും എന്ന്. ?ഒരു കാരിയർ എന്ന നിലയിൽ എങ്ങനെയായിരുന്നു ഇത് ആരംഭിച്ചത്? ഈ ഒരു മേഖലയിൽ താൽപ്പര്യം ഉള്ള ഒരാൾക്ക് എങ്ങനെ ഇതിൽ എത്തിപ്പെടാം? 15 വയസ്സിൽ തന്നെ റേസിങ് ആരംഭിക്കാവുന്നതാണ്. 15 വയസ്സുള്ള കുട്ടികൾക്ക് മുതൽ ഫോർമുല കാർ റേസസ് ഉണ്ട്. റേസിങിന് ഒരു പ്രത്യേക ലൈസൻസ് ഉണ്ട്. അത് FMSCI കൊടുക്കുന്ന ഒരു ലൈസൻസ് ആണ്. ഈ ലൈസൻസ് ഉപയോഗിച്ച് 15 വയസ്സുള്ള ഒരാൾക്ക് റേസ് ട്രാക്കിൽ കാർ ഓടിക്കാം, മറ്റെവിടെയും ഈ ലൈസൻസ് ഉപയോഗിക്കാൻ കഴിയില്ല. മാത്രമല്ല നിങ്ങളുടെ രക്ഷിതാക്കളുടെ സമ്മതവും സാന്നിധ്യവും ഇതിന് ആവശ്യമാണ്. ഞാനൊക്കെ കുറെ ലേറ്റ് ആയിട്ടാണ് ആരംഭിച്ചത്. ഫസ്റ്റ് കാർട്ടിങ് ആണ് പഠിക്കുക, അതിൽ തന്നെ കുറേ ഒപ്ഷൻസ് ഉണ്ട്. അത് കഴിഞ്ഞാണ് സാധാരണയായി എല്ലാവരും ഫോർമുല റേസിങ് ആരംഭിക്കുന്നത്. പക്ഷെ എനിക്കിത്തരം ബാക്ഗ്രൗണ്ട് ഒന്നും ഇല്ലായിരുന്നു. ഞൻ കാർട്ടിങ് ചെയ്തത് ഫോർമുല കാർ ഓടിച്ച് കഴിഞ്ഞിട്ടാണ്. ഇതിനെ കുറിച്ചറിയാൻ വേണ്ടി കുറെ കാർട്ടിങ് ചാമ്പ്യൻഷിപ്പിലും അതിന് ശേഷം പങ്കെടുത്തു. ?നമ്മുടെ നാട്ടിൽ ഇതിനുള്ള അവസരങ്ങൾ ഉണ്ടോ? അല്ലെങ്കിൽ ഇതിനോട് താല്പര്യമുള്ള ആളുകൾക്ക് സമീപിക്കാവുന്ന എന്തെങ്കിലും സംവിധാനം ഇവിടെ ഉണ്ടോ? മോട്ടോർ സ്പോർട്സിന് ഇവിടെ അവസരങ്ങൾ കുറവാണ്. റാലീസിനും ഡ്രാഗ് റേസിങിനും ഒക്കെയാണ് കേരളത്തിൽ പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ മോട്ടോർ സ്പോട്സിൽ വൺ സീറ്റർ ഡ്രൈവ്‌സിന് നമുക്ക് ഇവിടെ ആവശ്യത്തിന് ട്രാക്ക് ഇല്ല. കൊച്ചിയിൽ മാത്രമേ ഒരു കാർട്ടിങ് സോൺ ഉള്ളു. കോഴിക്കോട് തുറന്നിരുന്നു പക്ഷെ അത് പിന്നീട് പൂട്ടി. പിന്നെ ഏറ്റവും അടുത്തുള്ള സ്ഥലം കോയമ്പത്തൂർ ആണ്. അവിടെയാണ് രണ്ട് ട്രാക്ക് ഉള്ളത്. ഒന്ന് കരി മോട്ടോർ സ്പീഡ് വേ അവിടെയാണ് ഫോർമുല കാർ റേസ് നടക്കുന്നത്, മാത്രമല്ല സലൂൺ കാർ റേസും ബൈക്ക് റേസും ഇവിടെ നടക്കുന്നു. അവിടെ തന്നെ സിആർഎ സ്പീഡ് വേ എന്ന ഒരു സ്ഥലവും ഉണ്ട്, അവിടെ കാർട്ടിങ്ങും ഉണ്ട്. കോയമ്പത്തൂരിൽ പോവുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. എനിക്കുള്ള പോരായ്മ അതായിരുന്നു. എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ റിസർച്ച് നടത്താനോ ചെറുപ്പത്തിൽ തന്നെ ഇത് കണ്ടുപിടിക്കാനോ പറ്റിയില്ല. കോഴിക്കോട് ഇതിനുള്ള അവസരം ഒരുക്കുന്നതിനെ കുറിച്ചുള്ള ഒരു പ്ലാൻ ഉണ്ട്. ഗവൺമെന്റും ആയി ചേർന്നുകൊണ്ട് ഒരു കാർട്ടിങ്ങിനെ കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. എനിക്ക് ഇത്തരം ഒരവസരം ലഭിച്ചിട്ടില്ല, എന്നാൽ താല്പര്യമുള്ള മറ്റുള്ളവർക്ക് അത് ലഭിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർക്കൊരു ഓപ്പണിങ് ഇല്ലാതാവരുത്. ബാക്കിയുള്ള സ്റ്റേറ്റിൽ നിന്ന് വരുന്നവരും നമ്മളും തമ്മിൽ ഇതിന്റെ വ്യത്യാസം ശരിക്കും കാണാവുന്നതാണ്. ?എന്താണ് ശരിക്കും ഒരു റേസിംഗ് ട്രാക്കിൽ നിന്നും പഠിച്ച ജീവിതാനുഭവം? ഞാൻ ക്ഷമ ഇല്ലാത്ത ഒരാളാണ്. എനിക്ക് പെട്ടന്ന് പെട്ടന്ന് എല്ലാം ചെയ്യണം. ഞാൻ പഠിച്ചതോ നിർമ്മിച്ചെടുത്തതോ അല്ലെങ്കിൽ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതോ ആയ ഒരു കാര്യം ക്ഷമ ആണ്, മറ്റൊന്ന് ഡിസിപ്ലിൻ. ഡിസിപ്ലിൻ ഇല്ലെങ്കിൽ ഒന്നും ഇല്ല. ഏത് സ്പോർട്സ് ആയാലും ഇത് ആവശ്യമാണ്. അതൊക്കെ ഞാൻ എന്റെ നോർമൽ ലൈഫിലും അപ്ലൈ ചെയ്യാൻ നോക്കും, പ്രധാനമായും ക്ഷമയും ഡിസിപ്ലിനും നിർമ്മിക്കാൻ. അതാണ് ഏറ്റവു പ്രധാനപ്പെട്ടവ. ഞാൻ വളരെ മടി ഉള്ള ആളായിരുന്നു, രാവിലെയൊന്നും എണീക്കാത്ത ആളാണ്. പക്ഷെ ട്രെയിനിങ് തുടങ്ങിയ ശേഷം ഞാൻ നേരത്തെ എണീക്കും കാരണം ഞങ്ങൾക്ക് 9 മണിക്ക് ട്രാക്കിലെത്തണം. ഞാൻ എന്റെ കസിന്റെ വീട്ടിൽ താമസിക്കുന്നത് കൊണ്ട് എനിക്ക് രണ്ട് മണിക്കൂർ ഉണ്ട് അവിടേക്ക് എത്താൻ, അത് കൊണ്ട് 6 മണിക്ക് മുമ്പേ എണീക്കും. പിന്നെയുള്ള ഒരു കാര്യം ഫോക്കസ്, നമുക്ക് ഫോക്കസ് ഇല്ലെങ്കിൽ നമുക്ക് റേസ് നഷ്ടപ്പെടും, മാത്രമല്ല അത് അപകടവും സൃഷ്ടിക്കാം. അതുപോലെ പേടിയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചും പരിശീലിക്കുന്നു. ?ഒരു വുമൺ റേസർ എന്ന നിലയിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിട്ടിട്ടുണ്ടോ? ഇല്ലാ യഥാർത്ഥത്തിൽ അത്തരത്തിൽ ഉള്ള തടസ്സങ്ങൾ ഉണ്ടായിട്ടില്ല. കാരണം സാധാരണ ഉള്ളതിൽ നിന്നും ഒരു മാറ്റം ആയത് കൊണ്ട് തന്നെ എല്ലാവർക്കും വുമൺ റേസേഴ്സിനെ ആവശ്യമുണ്ട്. എനിക്ക് നല്ല സപ്പോർട്ട് കിട്ടിയിട്ടുണ്ട്. ജെകെ ടയേഴ്‌സിന് വേണ്ടി ചാമ്പ്യൻഷിപ്പിൽ ഓടിക്കുമ്പോൾ ടീമിന്റെയും ജെകെ ടയേഴ്‌സിന്റെയും ഒക്കെ ഭാഗത്ത് നിന്ന് നല്ല സപ്പോർട്ട് ആണ് ലഭിച്ചത്. മോട്ടോർ സ്പോർട്സ് ഒരു കരിയർ ആയി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്, അത്കൊണ്ട് തന്നെ ഇത് അവർക്കുള്ള മികച്ച സമയം ആണ്. ?ഈ ഒരു ഫീൽഡിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു സംശയമാണ് ഇത് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമോ എന്നത്, എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത്? ഫോർമുല റേസിങ്ങിനെ കൂടാതെ റാലി റേസിങ്, ട്രാക്ക് റേസിങ് തുടങ്ങി മോട്ടോർ സ്പോർട്ടിസിൽ തന്നെ കുറെ ഓപ്ഷൻസ് ഉണ്ട്, ഇതിൽ ഫോർമുല റേസിങ് ആണ് ചിലവ് കൂട്ടിയത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിംഗിൾ സിറ്റിംഗ് കാർ റേസിന് തന്നെ നിങ്ങൾക്ക് ലക്ഷങ്ങൾ ചിലവാകും. പക്ഷെ റാലി റേസിങ്, ഓഫ് റോഡ് റേസിങ് ഒന്നും അത്രത്തോളം ചിലവുള്ളവയല്ല, അതുകൊണ്ട് റേസിങ് ആണ് താൽപ്പര്യം എങ്കിൽ ചിലവ് കുറഞ്ഞ മറ്റ് ഓപ്ഷൻസും ഉണ്ട്. ഫോർമുല റേസർ ആവാനാണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ പണം ആവശ്യമാണ്. നിങ്ങളെ കയ്യിൽ പണം ഇല്ലെങ്കിൽ അതിനുള്ള ഓപ്ഷൻ ആണ് സ്‌പോൺസർമാർ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം നിലവിൽ സ്പോണ്സർഷിപ്പിന് കൂടുതൽ അവസരങ്ങളുണ്ട്. കാരണം ഇപ്പൊൾ എല്ലാവർക്കും സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള ഫണ്ട് ഉണ്ട്. അഥവാ നിങ്ങൾക്ക് ഒരു സ്‌പോൺസറെ കിട്ടിയില്ലെങ്കിൽ ക്രൗഡ് ഫണ്ടിംഗ് നോക്കാം. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. പിന്നെ തീർച്ചയായും നിങ്ങളൊരു നല്ല റേസർ ആണെന്ന് തെളിയിച്ചാൽ നിങ്ങളെ തേടി സ്‌പോൺസർമാർ വരും. ?ഈ ഒരു കരിയർ തിരഞ്ഞെടുക്കന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി പണം തന്നെയാണ്. ഒരു രണ്ട് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാമിന് തന്നെ 55000 ഒക്കെ ചാർജ്ജ് വരുന്നുണ്ട്. ട്രെയിനിങ്ങിൽ പങ്കെടുക്കാതിരിക്കാനും നമുക്ക് കഴിയില്ല. നല്ല ട്രെനിങ് നമുക്ക് ആവശ്യമുണ്ട്. കാരണം രണ്ട് ദിവസം കൊണ്ട് ഒരു 180,200 ലാപ്സ് ആണ് ഓടിക്കുന്നത്. അത് ഓടിക്കണമെങ്കിൽ അത്രത്തോളം സ്റ്റാമിന, തയ്യാറെടുപ്പൊക്കെ ആവശ്യമാണ്. കാരണം നമ്മൾ ട്രാക്കിൽ ഇറങ്ങുമ്പോഴേക്ക് നമുക്ക് കൃത്യമായ തയ്യാറെടുപ്പ് ആവശ്യമാണ്. അതിന് നമുക്ക് കൃത്യമായ ട്രെയിനിങ് ആവശ്യമാണ്. അതുപോലെ തന്നെ നമ്മൾ ട്രാക്കിൽ ഓടിക്കുന്ന സമയത്ത് എന്തെങ്കിലും അപകടം ഉണ്ടായാലും നമ്മൾ തന്നെ നോക്കണം, കാരണം മറ്റ് ഇൻഷുറൻസൊ കാര്യങ്ങളോ ഒന്നും ഇതിനില്ല. ഇതൊക്കെയാണ് ഇതിന്റെ പ്രധാന വെല്ലുവിളികൾ എന്ന് എനിക്ക് തോനുന്നു. ? ഒരു സാധാരണ റോഡിൽ വളരെ വേഗത്തിൽ വളരെ സ്‌കിൽഡ് ആയിട്ട് വാഹനം ഓടിക്കുന്ന ആളുകൾ മാത്രമാണോ റേസിങ് ട്രാക്കിലേക്ക് എത്തുന്നത്? ഒരു സ്മാർട്ട് ആയിട്ടുള്ള ഒരു മോഡറേറ്റ് ഡ്രൈവർക്ക് നന്നായി ട്രാക്കിൽ ഓടിക്കാൻ കഴിയും. സ്പീഡ് വളരെ പ്രധാനപ്പെട്ട കാര്യമാണ് പക്ഷെ നോർമൽ റോഡിൽ വാഹനമോടിക്കുന്നത് പോലെയല്ല റേസ് ട്രാക്കിൽ ഓടിക്കുന്നത്. റിയർ വീൽ ട്രൈവ് ആണ് അതുകൊണ്ട് തന്നെ സ്പിൻ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ട്രെയിനർ നമ്മളെ പഠിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി പഠിച്ചില്ലെങ്കിൽ, നമ്മൾ റോഡിൽ എത്ര നല്ല ട്രൈവർ ആയിട്ടും കാര്യമില്ല റേസ് ട്രാക്കിൽ നന്നായി പെർഫോം ചെയ്യാൻ സാധിക്കണമെന്നില്ല. കാരണം റോഡ് ട്രൈവിങ്ങിന്റെയും റേസ് ട്രാക്ക് ട്രൈവിങ്ങിന്റെയും ടെക്ക്നിക്ക് തീർത്തും വ്യത്യസ്തമാണ്. ഈ ടെക്‌നിക്ക് നിങ്ങൾ എത്രത്തോളം മനസ്സിലാകുന്നു എന്നത് പ്രധാനമാണ്. ? ഒരു നോർമൽ റോഡിലൂടെ വാഹനമോടിക്കുമ്പോൾ ഹെന്നയുടെ ട്രൈവിങ് എങ്ങനെയാണ്? ഞാൻ ഒരു സേഫ് ട്രൈവർ ആണ്. സ്പീഡ് ഇഷ്ട്ടപ്പെടുന്ന ആളുകൂടിയാണ് ഞാൻ, എന്നിരുന്നാലും വളരെ കരുതലോട് കൂടിയേ വാഹനം ഡ്രൈവ് ചെയ്യാറുള്ളു. നോർമൽ സ്പീഡിൽ സേഫ് ആയി ഓടിക്കുന്ന ആളാണ് ഞാൻ. അനാവശ്യമായിട്ടുള്ള മൂവ്മെന്റ്സ് റോഡിൽ ഒഴിവാക്കണം. ആവശ്യം ഇല്ലാതെ ആക്‌സിലറേറ്റർ കൊടുക്കുക, സേഫ് അല്ലാതെ ഓവർടേക്ക് ചെയ്യുക ഇതൊക്കെ മറ്റ് വാഹനങ്ങളെ കൂടി അപകടത്തിലാക്കും. ?ഈ ഒരു റേസിങ് കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം ഏതായിരുന്നു? ഓൾ വുമൺ ടീമിലേക്കാണ് ഞാൻ അപ്ലൈ ചെയ്തിരുന്നത്. പക്ഷെ എനിക്ക് റേസിങ് കാറുകൾ ഓടിച്ച് മുൻപരിജയം ഇലാത്തതുകൊണ്ടുള്ള പോരായ്മകൾ ഉണ്ടായിരുന്നു. 1.40 ഒക്കെയായിരുന്നു ഒരു ലാപ്പ് കംപ്ലീറ്റ് ചെയ്യാൻ ഞാൻ എടുത്ത സമയം, അവിടുത്തെ ബെസ്ററ് 1.11 ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അതിൽ പുറത്തായി. അത് എന്നെ നിരാശപ്പെടുത്തിയെങ്കിലും ഞാൻ അതൊരു ചലഞ്ച് ആയി എടുത്തു. പിന്നീട് കേരളത്തിലുള്ള ദിൽജിത് എന്ന എന്റെ ഒരു ടീം ഓണർ ഉണ്ട്, അവർ എന്നെ ട്രെയിൻ ചെയ്യാം അതിന് ശേഷം നോക്കി ടീമിൽ എടുക്കാം എന്ന് പറഞ്ഞു. അങ്ങനെ അവിടെ 2 ദിവസത്തെ ട്രെയിനിങ് ചെയ്തു. ഒടുവിൽ എന്റെ സമയം 1.17 നിൽ എത്തി. അതെനിക്ക് ഒരു അഭിമാന നിമിഷം ആയിരുന്നു. ? ഒരു റെഗുലർ ഡ്രൈവർക്ക് കൊടുക്കുന്ന ടിപ്സ് എന്തായിരിക്കും? ആദ്യ കാര്യം സീറ്റ് ബെൽറ്റ് ധരിക്കുക എന്നതാണ്. അതിന്റെ ആവശ്യകതയെ കുറിച്ച് ആളുകൾ ഇപ്പഴും ബോധവാന്മാരല്ല. ഫൈൻ അടക്കുക എന്നതല്ല മറിച്ച് അത് നമ്മുടെ സ്ഫേറ്റിക്ക് വേണ്ടിയാണ് എന്ന് നമ്മൾ മനസ്സിലാക്കണം. പിന്നെ റോഡ് റേസിങ് കുറച്ച് കുറയ്ക്കുക. റോഡിലൂടെ നിങ്ങൾ അനാവശ്യമായി തിരക്കിട്ട് പോയിട്ട് നിങ്ങൾക്ക് ഒന്നും നേടാൻ ഇല്ല. പിന്നെ ശരിയായ ഇൻഡിക്കേറ്റർ ഇടുക, അത് പ്രധാനമാണ്. നിങ്ങൾക്ക് ആത്മവിശ്വാസം ഉള്ള സ്പീഡിൽ മാത്രം ഓടിക്കുക. നിങ്ങൾക്ക് പൂർണ്ണമായും കൺട്രോൾ ചെയ്യാൻ കഴിയുന്ന സ്പീഡിൽ മാത്രം ഒടിക്കുക. പിന്നെ അനാവശ്യമായി ഹോൺ അടിക്കാതിരിക്കുക, വളവിൽ വെച്ച് ഓവർടേക്ക് ചെയ്യാതിരിക്കുക. ഇതൊക്കെ വളരെ ബേസിക് ആയിട്ടുള്ള കാര്യമാണ് പക്ഷെ ഇത് പ്രധാനമാണ്. ? റേസിങ് ട്രാക്കിൽ പേടിച്ച് പോയിട്ടുള്ള ഒരു നിമിഷം ഉണ്ടായിട്ടുണ്ടോ? ട്രെയിനിങ് സെക്ഷനിൽ ഒരിക്കൽ വണ്ടി വളച്ചപ്പോൾ ഞാൻ സ്പിൻ ചെയ്ത് സൈഡിലുള്ള സിമന്റിന്റെ റെയ്‌ലിങ്ങിൽ ചെന്ന് ഇടിച്ചു. വീണ്ടും കറങ്ങിയിട്ടാണ് വണ്ടി നിന്നത്. അപ്പഴേക്കും എന്റെ തല രണ്ട് സൈഡിലുമുള്ള ബാറിൽ ഇടിച്ചു. കാറിന്റെ റേഡിയേറ്റർ പൊട്ടി. എനിക്ക് തലവേദന ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് മറ്റൊന്നും സംഭവിച്ചില്ല. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ഞാൻ തിരിച്ച് ട്രാക്കിൽ എത്തി. പക്ഷെ പിന്നെ അതുവഴി പോകുമ്പഴൊക്കെ എന്തെങ്കിലും പറ്റുമോ എന്നുള്ള ഒരു പേടിയായിരുന്നു. പക്ഷെ അത് പിന്നെ ഞാൻ ഓവർകം ചെയ്തു. അതായിരുന്നു ഏറ്റവും പേടിച്ച ഒരു നിമിഷം. ? പാഷനെ പിന്തുടർന്ന് അതിൽ ഒരു കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നവരോട് എന്ത് ടിപ്സ് ആണ് പറയാനുള്ളത്? നിങ്ങൾക്ക് ഒരു പാഷൻ ഉണ്ടെങ്കിൽ നിങ്ങൾ അത് നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് വിഷമം ഉണ്ടാക്കും. അത് കൊണ്ട് അതിന് ശ്രമിക്കുക, അങ്ങനെയാവുമ്പോൾ നിങ്ങൾക്ക് പിന്നീട് ഒരു കുറ്റബോധം തോന്നില്ല. പാഷൻ ഒരു ചെറിയ കാര്യമാവാം അല്ലെങ്കിൽ വലിയ കാര്യമാവാം ഒരു പാട് വെല്ലുവിളികൾ ഉണ്ടാവാം ചിലപ്പോൾ നിങ്ങൾക്ക് അത് നേടാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ നിങ്ങൾ അതിന് വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ പിന്നീട് നിങ്ങൾക്ക് അതിനെ കുറിച്ച് കുറ്റബോധം തോന്നില്ല. നിങ്ങൾ അത് നേടിയോ എന്നത് രണ്ടാമത്തെ കാര്യമാണ്, നിങ്ങൾ അതിന് വേണ്ടി ശ്രമിച്ചോ എന്നതാണ് പ്രധാനം.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...