Please login to post comment

വിശ്വനാഥന്‍ ആനന്ദ്

  • admin trycle
  • Apr 22, 2020
  • 0 comment(s)

വിശ്വനാഥന്‍ ആനന്ദ്

 

ചെസ്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് വിശ്വനാഥൻ ആനന്ദ്. FIDE (Fédération Internationale des Échecs) ലോക ജൂനിയർ ചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരന്‍, ചെസ്സ് ഓസ്കാര്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ, ഇന്ത്യയിലെ ആദ്യ ഗ്രാന്‍റ് മാസ്റ്റര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ജേതാവായ വ്യക്തിയാണ്.

 

1969 ഡിസംബര്‍ 11 ന് തമിഴ്നാട്ടില്‍ ജനിച്ച വിശ്വനാഥന്‍ ആനന്ദിന് ചെസ്സിന്റെ ലോകം ആദ്യമായി പരിചയപ്പെടുത്തി കൊടുത്തത് അദ്ദേഹത്തിന്‍റെ അമ്മയാണ്. പതിനാലാം വയസില്‍ നാഷണൽ സബ് ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നേടികൊണ്ടാണ് ആനന്ദ് ചെസ്സ് ലോകത്ത് തന്റെ വിജയക്കുതിപ്പ് ആരംഭിച്ചത്. പതിനഞ്ചാം വയസ്സിൽ ഇന്റർനാഷണൽ മാസ്റ്റർ എന്ന സ്ഥാനം കരസ്ഥമാക്കിയ ആനന്ദ് ഈ സ്ഥാനം കരസ്ഥമാക്കുന്ന  ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി. ചെസ്സിലെ മികവിന്‍റെ അംഗീകാരമായി കണക്കാക്കുന്ന ഗ്രാന്‍റ് മാസ്റ്റര്‍ പദവി 18 ആം വയസ്സിൽ കരസ്ഥമാക്കിയ ആനന്ദ് ഈ പദവി കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.

 

1991-1992 ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ്‌ ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ് താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. 1995-ൽ ന്യൂയോർക്കിൽ നടന്ന ലോക ചാമ്പ്യാൻഷിപ്പിൽ ആനന്ദ് ഗാരി കാസ്പറോവിന്‌ പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. മുമ്പത്തെ ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു  1998 ലെ ലോക ചാമ്പ്യൻഷിപ്പ് നടന്നത്. 100 കളിക്കാരുടെ നോക്കൗട്ട് ടൂർണമെന്റായി രൂപകൽപ്പന ചെയ്യപ്പെട്ട ഇതിൽ ഓരോ റൗണ്ടിലും രണ്ട് ഗെയിം മത്സരങ്ങളും ടൈ-ബ്രേക്കറുകളായി റാപ്പിഡ്, ബ്ലിറ്റ്സ് ഗെയിമുകളും അടങ്ങിയിരുന്നു. നിലവിലെ ചാമ്പ്യൻ അനറ്റോലി കാർപോവിനെ ഫൈനലിലേക്ക് നേരിട്ട് എത്തിക്കുകയായിരുന്നു. ഇതോടെ ക്ലാസിക്കൽ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ്, വ്‌ളാഡിമിർ ക്രാംനിക് എന്നിവർ പങ്കെടുക്കാൻ മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ഗ്രോനിൻജനിൽ 21 ദിവസം നീണ്ട നോക്കൗട്ട് ടൂർണമെന്റ് ജയിച്ച് യോഗ്യത നേടുകയായിരുന്നു ആനന്ദ്. അനറ്റൊലി കാർപോവിനെ നേരിടുമ്പോൾ ആനന്ദിന് വിശ്രമിക്കാനോ പരിശീലിക്കാനോ ഒട്ടും സമയമില്ലായിരുന്നു. ആഡംസിനെതിരായ വിജയത്തിന് തൊട്ടുപിന്നാലെ, വെറും നാല് മണിക്കൂർ പ്രീ-മാച്ച് തയ്യാറെടുപ്പിലാണ് ലോക കിരീടത്തിനായി കാർപോവുമായി ആനന്ദ് തന്റെ ആദ്യ ഗെയിം ആരംഭിച്ചത്. ഫലം പ്രതീക്ഷിച്ചതു തന്നെയായിരുന്നു ആനന്ദിന് തോൽവി. ലോക കിരീടം നേടിയ മഹിമയിൽ കാർപോവ് അടുത്തിരുന്ന മാധ്യമപ്രവർത്തകനോട് ഇങ്ങനെ പറഞ്ഞു: ‘വിഷി (ആനന്ദ്) നല്ലയാളാണ്. എന്നാൽ വലിയ വിജയത്തിനുവേണ്ട മികവ് അദ്ദേഹത്തിനില്ല.’ 5 ലോക വിജയങ്ങൾ നേടിയാണ് ആനന്ദ് പിന്നീട് ഇതിന് മറുപടി നൽകിയത്.

 

2000-ല്‍ അദ്ദേഹം തന്റെ ആദ്യ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. 2007 ൽ മെക്സിക്കോയിലും 2008 ൽ ജർമ്മനിയിലെ ബേണിലും 2010 ൽ ബൾഗേറിയയിലും 2012 ൽ മോസ്കോയിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി. വിശ്വനാഥൻ ആനന്ദിന്റെ മുന്നിൽ പരാചയപെട്ടവരിൽ മുൻ ലോക ചാമ്പ്യന്മാരായ ഗാരി കാസ്പറോവ്, അനറ്റോളി കാർപോവ് എന്നിവരും ഉണ്ടായിരുന്നു. ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ് അദ്ദേഹം. 1985 ല്‍ അര്‍ജുന അവാര്‍ഡ്, 1987 ല്‍ പത്മശ്രീ, 1991-92 ലെ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം, 2000 ൽ പത്മഭൂഷണ്‍ 2008 ൽ പത്മവിഭൂഷൺ തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൈ ബെസ്റ്റ് ഗെയിംസ് ഓഫ് ചെസ് എന്ന പേരില്‍ പുസ്തകവും ആനന്ദ് രചിച്ചിട്ടുണ്ട്.

 

രസകരമായ വസ്തുത-

ചൊവ്വയുടെയും വ്യാഴത്തിന്‍റെയും ഭ്രമണപഥങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ ഗ്രഹത്തിനെ നാമകരണം ചെയ്തിരിക്കുന്നത് "4528 വിശ്യാനന്ദ്" എന്ന പേരിലാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ് കളിക്കാരിൽ ഒരാളായ വിശ്വനാഥന്‍ ആനന്ദിനോടുള്ള ആദരസൂചകമായാണ് ഇത്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...