Please login to post comment

ബേക്കല്‍ കോട്ട

  • admin trycle
  • Feb 25, 2020
  • 0 comment(s)

ബേക്കല്‍ കോട്ട

 

മണിരത്നത്തിന്‍റെ ബോംബെ സിനിമയിലെ "ഉയിരെ" എന്ന ഗാനത്തെ പ്രേക്ഷകമനസ്സില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കുന്നതിന് അതിന്‍റെ പശ്ചാത്തലമായി പ്രത്യക്ഷപ്പെടുന്ന കടലും, കടലിനോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയുടെ സൗന്ദര്യവും വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍കോട്ടയുടെ വാസ്തുവിദ്യാസൗന്ദര്യത്തെ പ്രേക്ഷകരില്‍ കോറിയിട്ട അനവധി ഗാനചിത്രങ്ങളും, പരസ്യചിത്രങ്ങളും വിവിധ ഭാഷകളിലായിട്ടുണ്ട്. അറബിക്കടലിന്‍റെ തീരത്തായി സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നായ ബേക്കല്‍ കോട്ട കേരളാടൂറിസത്തിന്‍റെ ബ്രാന്‍റഡ് ചിഹ്നം കൂടിയാണ്. നാടുവാഴിഭരണത്തിന്‍റെ കുതിപ്പും കിതപ്പും കണ്ട നാടാണ് കാസര്‍ഗോഡ്. ചരിത്രത്തിന്‍റെ പടയോട്ടങ്ങളും തേര്‍വാഴ്ചയുടെ സ്പന്ദനങ്ങളും അലിഞ്ഞ് ചേര്‍ന്ന് കേരള - കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ഈ മണ്ണ് കോട്ടകളുടെ നാട് കൂടിയാണ്. 

 

കാസര്‍ഗോഡ് നിന്നും 16 കിലോ മീറ്റര്‍ അകലെ ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കരയിലാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ട ഒരു കാലത്ത് ഏഷ്യ വന്‍കരയിലെ തന്നെ പ്രധാനപ്പെട്ട ഒരു കോട്ടയായിരുന്നു. കന്നഡ എഴുത്തുകാരനായ ബേക്കല്‍ രാമ നായക്ക് പറയുന്നത് ബേക്കല്‍ എന്ന പദത്തിനര്‍ത്ഥം 'ബല്യ കുളം' അതായത് വലിയ കുളം എന്നാണെന്നാണ്. 'ബല്യ കുളം' എന്നത് ലോപിച്ച് ബേക്കുളം എന്നും പിന്നീട് ബേക്കല്‍ എന്നും രൂപാന്തരപ്പെട്ടുവെന്നുമാണ്. അറബിക്കടലിന്റെ തീരത്ത് വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടയുടെ 160 അടി നീളത്തിലുള്ള ഭാഗം കടലിനോട് ചേര്‍ന്നു നില്‍ക്കുന്നു. 1650 ഏ.ഡി.യില്‍ പണി പൂര്‍ത്തിയായ ഈ കോട്ടയുടെ ശില്പി ഇക്കേരി രാജവംശത്തിലെ ഒമ്പതാമത് രാജാവായ ശിവപ്പ നായ്ക്കരാണ്.  എന്നാല്‍ ചരിത്രകാരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. കോലത്തിരി രാജാക്കന്മാരുടെ കാലത്തെ കോട്ട ശിവപ്പ നായ്ക്ക് പുതുക്കിപ്പണിതതാണെന്നും, അതല്ല വിജയനഗര സാമ്രാജ്യത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായിരുന്നു കോട്ടയെന്നും ചരിത്ര ഗവേഷകര്‍ വാദിക്കുന്നു. 

 

അഷ്ടാകൃതിയിലുള്ള ഈ ബഹുസൗധത്തിനകത്ത് 17 കിണറുകളും, ആയുധപ്പുരകളും, കൊത്തളങ്ങളും, കടലിലേക്കും ബത്തേരിയിലേക്കും(battery) തുറക്കുന്ന രണ്ട് രഹസ്യ അറകളും കാണാം. 1760 -കളില്‍ ഹൈദരാലി കൈയടക്കിവാണിരുന്ന ഈ കോട്ട 1799 -ല്‍ ടിപ്പുസുല്‍ത്താന്‍റെ കൈയ്യില്‍ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. ടിപ്പു സുല്‍ത്താന്‍റെ കാലത്ത് സേനാകേന്ദ്രവും, കാനറ ജില്ലയുടെ ഔദ്യോഗിക തലസ്ഥാനവുമായിരുന്ന ഈ കോട്ട 1992-ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചു. ഇന്ന് കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചരിത്രമുറങ്ങുന്ന ഈ കോട്ട.

 

പുറത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുകളില്‍ പീരങ്കിവെയ്ക്കുവാനുള്ള കൊത്തളങ്ങളും ഉയരമുള്ള നീരീക്ഷിണ ഗോപുരങ്ങളുമായി വലിയ കോട്ടകള്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനിക്കു ചുറ്റും നിര്‍മ്മിക്കുന്നത് പണ്ട് സാധാരണമായിരുന്നു. എന്നാല്‍ അസാമാന്യ വിസ്തൃതിയുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ രാജധാനിയോ ഭരണപരമായ കാര്യനിര്‍വഹണത്തിനു വേണ്ടിയുള്ള കെട്ടിടങ്ങളോ ഒന്നും തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നില്ലെന്നതാണ് ഒരു പ്രത്യേകത. ഭൂരിഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കോട്ടയുടെ നിര്‍മ്മാണം ചെങ്കല്ലുകൊണ്ടാണ്. കടലില്‍ നിന്ന് കെട്ടിപ്പൊക്കിയത് കണക്കെയാണ് കോട്ടയുടെ നിര്‍മ്മിതി. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന കവാടം കടന്ന് കോട്ടയ്ക്കുള്ളില്‍ എത്തിയാല്‍ വാക്കുകളാല്‍ വിവരിച്ച് നല്‍കാന്‍ കഴിയാത്ത ദൃശ്യഭംഗികളും നിര്‍മ്മിതികളുമാണ് കാത്തിരിക്കുന്നത്. സമുദ്രതീരത്ത് ചേര്‍ന്ന് വന്‍ കോട്ടമതിലുണ്ട്, ഇതില്‍ ഇടക്കിടെ കൊത്തളങ്ങള്‍ തീര്‍ത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങള്‍, ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. കോട്ടയ്ക്കുള്ളില്‍ നിന്നുകൊണ്ട് കടലിലെ കാഴ്ച വളരെ ദുരം വരെ കാണാന്‍ നിരവധി ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇതെളുപ്പം ശ്രദ്ധയില്‍ പെടുന്നതുമല്ല. വളരെ ദൂരെ നിന്നു വരുന്ന കപ്പലുകള്‍ വീക്ഷിക്കുവാന്‍ ഇവ സഹായകമാണ്. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരത്തിലേക്കു കയറുവാന്‍ വീതിയേറിയ ചരിഞ്ഞ പാത നിര്‍മ്മിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിനു സമീപം പത്തടിയിലേറെ വീതിയുള്ള കിടങ്ങും ഉണ്ട്. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലബാര്‍ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യത്തിന് ബേക്കല്‍കോട്ട ഒരു പ്രധാന താവളമായിരുന്നു. നിരവധി പടിക്കെട്ടുകളോടെയുള്ള വലിയകുളം, കടല്‍തീരത്തേക്ക് നീങ്ങുന്ന രഹസ്യ കവാടം, വെടിമരുന്ന് അറ, നിരീക്ഷണ ഗോപുരം, ഇവിടേക്കുള്ള വീതിയേറിയ പാത തുടങ്ങിയ കോട്ടയുടെ പ്രധാന ഭാഗങ്ങളൊക്കെ കെട്ടിലും മട്ടിലും അഴകാര്‍ന്ന കാഴ്ചയാണ് നല്‍കുന്നത്.

 

കോട്ടയുടെ മധ്യഭാഗത്ത് കിഴക്ക് മാറി ഉയര്‍ന്ന് നില്‍ക്കുന്ന നിരീക്ഷണഗോപുരത്തില്‍ നിന്ന് നോക്കിയാല്‍ കടലും ചുറ്റുവട്ട പ്രദേശങ്ങളെയും വ്യക്തമായി കാണാനാവും. പടിഞ്ഞാറ് ഭാഗത്തുള്ള ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ, ചെറുതെങ്കിലും മനോഹരമായ ബീച്ച് കാണാം. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ ഇപ്പോള്‍ അനുവാദമില്ല. ശരിക്കും ബേക്കല്‍ കാണാന്‍ പറ്റിയ സമയം മണ്‍സൂണ്‍ കാലമാണ്. മണ്‍സൂണ്‍ കാലമായാല്‍ കോട്ട പച്ചപ്പ് അണിയും. മഴയില്‍ കോട്ടയുടെ പ്രൗഡി ഒന്നുകൂടി വര്‍ധിക്കും. കോട്ടയുടെ ചുറ്റുമതിലിലെ ദ്വാരങ്ങൾക്കു പ്രത്യേകതയുണ്ട്. മുകളിലെ ദ്വാരം  കടലിൽ ഏറ്റവും ദൂരത്തേക്കും തൊട്ടുതാഴെയുള്ളത് ആദ്യകാഴ്ചയുടെ പകുതി ദൂരത്തേക്കും  ഏറ്റവും താഴെയുള്ളത്  കോട്ടയുടെ അരികിലേക്കും കാണാനാകുന്ന തരത്തിലുള്ളവയാണ്. ശത്രുസൈന്യങ്ങളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള നീക്കങ്ങൾ പോലും അറിയുന്ന വിധത്തിലായിരുന്നു ഇതിന്റെ ഇതിന്റെ നിർമിതി. ഇന്ത്യയിൽ നിന്നു മാത്രമായി പ്രതിവർഷം മൂന്നരലക്ഷം സഞ്ചാരികളെത്തുന്നു എന്ന് പറയപ്പെടുന്ന ഇവിടെ മൈസൂർ ഹോർട്ടികൾച്ചർ വകുപ്പ് സഹായത്തോടെ പുഷ്പോദ്യാനം ഒരുക്കിയിട്ടുണ്ട്.

( 0 ) comment(s)

toprated

English

Designed for beginners, this 45 minutes course aim... Read More

Oct 12, 2019, 9 Comments

Plus Two Economics HSE Kerala

വളരെ ചുരുങ്ങിയ രീത... Read More

Jan 28, 2020, 5 Comments

View More...