Please login to post comment

വിഗതകുമാരന്‍

  • admin trycle
  • Mar 12, 2020
  • 0 comment(s)

വിഗതകുമാരന്‍

 

കേരളത്തിലെ സിനിമാചരിത്രം ആരംഭിക്കുന്നത് 1928-ലാണ്. നിഴലും വെളിച്ചവും ഉപയോഗിച്ച് അനങ്ങുന്ന ചിത്രങ്ങള്‍ തിരശ്ശീലയില്‍ പതിപ്പിച്ച് കണ്ടാസ്വദിക്കുന്ന തോല്‍പ്പാവക്കൂത്തിനോട് സിനിമയ്ക്കുള്ള സാമ്യം മലയാളികളെ ചലച്ചിത്രങ്ങളോട് കൂടുതല്‍ അടുപ്പിച്ചു. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദചലച്ചിത്രമാണ് വിഗതകുമാരന്‍. നഷ്ടപ്പെട്ട കുട്ടി എന്നാണ് വിഗതകുമാരന്‍ എന്നതിന്റെ അര്‍ത്ഥം. ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത ഈ ചലച്ചിത്രം 1930 നവംബര്‍ 7 നാണ് പ്രദര്‍ശനത്തിനെത്തിയത്. സംവിധാനത്തോടൊപ്പം കേന്ദ്രകഥാപാത്രം, നിര്‍മ്മാണം, രചന, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവയെല്ലാം കൈകാര്യം ചെയ്തതും ജെ.സി ഡാനിയേല്‍ തന്നെയാണ്. സംസ്ഥാനത്തെ ആദ്യ സിനിമാസ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സിനും തിരുവനന്തപുരത്ത് തുടക്കം കുറിച്ച് മലയാളസിനിമയ്ക്ക് നിസ്തുലമായ സംഭാവന നല്‍കിയ അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി വിശേഷിപ്പിക്കുന്നു.

 

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ അഗസ്തീശ്വരം താലൂക്കില്‍ ഒരു ക്രിസ്തീയ കുടുംബത്തിലാണ് ജെ.സി.ഡാനിയല്‍ ജനിച്ചത്. കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റില്‍ പ്രാവീണ്യമുണ്ടായിരുന്ന ഡാനിയല്‍ ഒരു ദന്തരോഗ ചികിത്സകനും കൂടിയായിരുന്നു. ചലച്ചിത്രമെന്ന വിസ്മയത്തിന്റെ അടിസ്ഥാനവിവരങ്ങള്‍ പഠിക്കുവാനായി ഡാനിയല്‍ മദ്രാസിലെത്തുകയുണ്ടായെങ്കിലും അന്നത്തെ പ്രമുഖ സ്റ്റുഡിയോകളിലൊന്നും പ്രവേശിക്കുവാനോ ആരില്‍ നിന്നെങ്കിലും പ്രോത്സാഹജനകമായ പ്രതികരണം നേടുവാനോ കഴിഞ്ഞില്ല. പിന്നീട് ബോംബെയിലേക്ക് പോയ അദ്ദേഹം ചലച്ചിത്രത്തിന്റെ സാങ്കേതിക വിദ്യകള്‍ പഠിക്കുക മാത്രമല്ല ചലച്ചിത്രോപകരണങ്ങള്‍ വാങ്ങുകയും ചെയ്താണ് തിരികെ നാട്ടിലെത്തുന്നത്.

 

വിഗതകുമാരന്‍ കേരളത്തിലാണ് ഷൂട്ട് ചെയ്തത്. തനിക്ക് പൈതൃകമായി ലഭിച്ച ഭൂസ്വത്ത് വിറ്റാണ് ഡാനിയല്‍ ഇതിനുള്ള പണം കണ്ടെത്തിയത്. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു വിഗതകുമാരനിലെ കഥാതന്തു. സിലോണിലേക്ക് (ഇപ്പോഴത്തെ ശ്രിലങ്ക) തട്ടിക്കൊണ്ട് പോകപ്പെട്ട തിരുവനന്തപുരത്തെ ഒരു ധനിക പുത്രന്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടിയുടെ പേര് ചന്ദ്രകുമാര്‍. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയെ സിലോണിലെ ഒരു തേയിലത്തോട്ടത്തില്‍ പണിയെടുപ്പിക്കുന്നു. കാലം കുറച്ചു പിന്നിട്ടപ്പോള്‍ യുവത്വത്തിലെത്തിയ നായകനെ തോട്ടമുടമയായ സായിപ്പ് തോട്ടത്തിലെ സൂപ്രണ്ടായി ഉയര്‍ത്തുന്നു. അങ്ങനെയിരിക്കെ ചന്ദ്രകുമാറിന്റെ ഒരു ബന്ധുവായ ജയശ്ചന്ദ്രന്‍ സിലോണിലെത്തുകയും യാദൃശ്ചികമായി ചന്ദ്രകുമാറിനെ കണ്ടു മുട്ടുകയും ചെയ്യുന്നു. രണ്ടു പേരും തിരുവനന്തപുരത്തേക്ക് മടങ്ങുകയും അങ്ങനെ ചന്ദ്രകുമാറിന് തന്റെ കുടുംബവുമായി പുനഃസമാഗമം സാദ്ധ്യമാവുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ.

 

തിരുവനന്തപുരം ക്യാപിറ്റോള്‍ തീയേറ്ററിലും, നാഗര്‍കോവില്‍ പയനിയര്‍ തീയേറ്ററിലും, ആലപ്പുഴ പൂപ്പള്ളി സ്റ്റാര്‍ തീയേറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. രാജ്യത്തിന്‍റെ മറ്റു ഭാഗത്ത് നിന്നുള്ള ചിത്രങ്ങള്‍ അതിന്‌ മുമ്പും കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു എങ്കിലും വിഗതകുമാരന്‌ ഏറെ പഴി കേള്‍ക്കേണ്ടി വന്നു. സമൂഹത്തിലെ യാഥാസ്ഥിതികര്‍ക്ക് ഈ ചിത്രത്തെ സ്വീകരിക്കുവാനോ കുറച്ചെങ്കിലും ഉള്‍ക്കൊള്ളുവാനോ കഴിഞ്ഞിരുന്നില്ല. അവര്‍ ചിത്രത്തെ ശക്തമായി എതിര്‍ത്തു. ചിത്രത്തില്‍ ഒരു സ്ത്രീ തന്നെ സ്ത്രീവേഷം കെട്ടിയതായിരുന്നു പ്രദര്‍ശനം തടസ്സപ്പെടുത്തിയതിന് കാരണമായത്. ക്ഷേത്രകലകളിലും, നാടകങ്ങള്‍ അടക്കമുള്ള സ്റ്റേജ് കലാപരിപാടികളിലും സ്ത്രീവേഷം പുരുഷന്മാര്‍ കെട്ടുന്ന കാലത്ത് ഒരു സിനിമയില്‍ ഒരു സ്ത്രീ അഭിനയിച്ചത് സമൂഹത്തിന് സഹിക്കാവുന്നതായിരുന്നില്ല. മാത്രമല്ല സവര്‍ണ്ണമേധാവിത്വമുള്ള സമയത്ത് പി.കെ റോസി എന്ന അവര്‍ണ്ണസ്ത്രീ നായികാവേഷം കൈകാര്യം ചെയ്തുവെന്നതും അക്കാലത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് റോസി നാടുവിടുകയുണ്ടായി.

 

‘വിഗതകുമാരന്‍’ പ്രദര്‍ശിപ്പിച്ചപ്പോള്‍ ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ വെള്ളിത്തിരയിലേക്ക്‌ കല്ലേറുണ്ടായി, തിരശീല വലിച്ചുകീറി. തിരുവനന്തപുരത്ത് ഒറ്റ പ്രദര്‍ശനത്തില്‍ അവസാനിപ്പിച്ച വിഗതകുമാരന്‍ പിന്നീട് ആലപ്പുഴയില്‍ ഒരാഴ്ചയോളം പ്രദര്‍ശിപ്പിച്ചു എങ്കിലും ചിത്രം സാമ്പത്തികമായി നഷ്ടത്തില്‍ കലാശിച്ചു. സ്‌റ്റുഡിയോ അടച്ചുപൂട്ടി സിനിമ സ്വപ്‌നം അവസാനിപ്പിക്കുക മാത്രമേ ഡാനിയേലിന്‍റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. ഇന്ന് വിഗതകുമാരന്റെ ഒരു പതിപ്പു പോലും നമുക്കു ലഭ്യമല്ല.

 

സിനിമാ നിർമ്മാണം പഠിച്ച് വന്ന്, കേരളത്തിൽ ആദ്യമായി ഒരു ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച്, മലയാളത്തിൽ ആദ്യമായൊരു സിനിമ നിർമ്മിച്ച ജെ.സി. ഡാനിയേൽ എന്നതിനേക്കാൾ, സിനിമ പിടിച്ച് കുടുംബത്തെയൊന്നാകെ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചയാൾ എന്ന നിലയിലായിരുന്നു ബന്ധു മിത്രാദികളും പരിചയക്കാരുമൊക്കെ ജെ.സി. ഡാനിയേലിനെ കണ്ടിരുന്നത്. ചേലക്കാട് കൃഷ്ണൻ എന്ന മാധ്യമ പ്രവർത്തകനിലൂടെ ജെ.ഡി.ഡാനിയേൽ തിരിച്ചറിയപ്പെടുകയും മലയാളം അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്തതോടെയാണ് ഈ കാഴ്ച്ചപ്പാട് മാറിയത്. 2013-ല്‍ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയുടെ ഇതിവൃത്തം മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്‍റെ ചരിത്രമാണ്.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...