Please login to post comment

നെൽസൺ മണ്ടേല

  • admin trycle
  • Apr 12, 2020
  • 0 comment(s)

നെൽസൺ മണ്ടേല

 

ആഫ്രിക്കൻ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെൽസൺ മണ്ടേല, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ്.

 

1918 ജൂലൈ 18 ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌കൈയിലെ എംബാഷെ നദിയുടെ തീരത്തുള്ള മവെസോ എന്ന ചെറിയ ഗ്രാമത്തിലാണ് നെൽസൺ മണ്ടേല ജനിച്ചത്. ഈ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തിൽപ്പെട്ടതാണ് മണ്ടേലയുടെ കുടുംബം. റോളിഹ്‌ലാല മണ്ടേല എന്നായിരുന്നു അദ്ദേഹത്തിന് ജനന സമയത്ത് നൽകിയ പേര്. വർഷങ്ങളോളം ഗോത്രത്തലവന്മാരുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച മണ്ടേലയുടെ പിതാവിന് പ്രാദേശിക കൊളോണിയൽ മജിസ്‌ട്രേറ്റുമായുള്ള തർക്കത്തെത്തുടർന്ന് സ്ഥാനവും പദവിയും നഷ്ടപ്പെട്ടു. പിതാവിന്റെ പദവി നഷ്ടപ്പെട്ടതിനാൽ കുടുംബത്തെ മെവെസോയ്ക്ക് വടക്ക് ചെറിയ ഗ്രാമമായ ഖുനുവിലേക്ക് മാറ്റാൻ അമ്മ നിർബന്ധിതയായി.

 

പിതാവിന്റെ ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം മണ്ടേല മെത്തഡിസ്റ്റ് പള്ളിയിൽ സ്നാനമേറ്റു. വൈകാതെ അദ്ദേഹം തന്റെ കുടുംബത്തിൽ നിന്നും സ്കൂളിൽ ചേരുന്ന ആദ്യത്തെയാളായി മാറി. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പക്ഷപാതം കാരണം അന്ന് എല്ലാ സ്കൂൾ കുട്ടികൾക്കും “ക്രിസ്ത്യൻ” പേരുകൾ നൽകുന്ന പതിവ് നിലനിന്നിരുന്നു, അതിനാൽ മണ്ടേലയുടെ അദ്ധ്യാപകൻ അദ്ദേഹത്തിന്റെ ആദ്യ പേര് നെൽസൺ എന്നാക്കി. മണ്ടേലയ്ക്ക് 12 വയസ്സുള്ളപ്പോൾ, പിതാവ് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിച്ചു. തെംബു ജനതയുടെ ആക്ടിംഗ് റീജന്റായ ചീഫ് ജോംഗിന്തബ ഡാലിന്ദിയേബോയാണ് അദ്ദേഹത്തെ പിന്നീട് ദത്തെടുത്തത്.

 

ഫോർട്ട് ഹെയർ യൂണിവേഴ്സിറ്റി കോളേജിൽ ബിരുദം പഠനം ആരംഭിച്ച മണ്ടേലയ്ക്ക് വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടതിനാൽ അവിടെ നിന്നും ബിരുദം പൂർത്തിയാക്കാനായില്ല. 1943 ൽ ദക്ഷിണാഫ്രിക്ക സർവകലാശാലയിൽ നിന്നും അദ്ദേഹം ബിഎ പൂർത്തിയാക്കി. പിന്നീട് വിറ്റവാട്ടര്‍സ്രാന്റ് സര്‍വ്വകലാശാലയിലും ലണ്ടൻ സര്‍വ്വകലാശാലയിലും നിയമപഠനത്തിന് ചേർന്നു. എന്നാൽ ഇത് പൂർത്തിയാക്കാൻ സാധിച്ചില്ല. 1989 ലാണ് അദ്ദേഹത്തിന് നിയമ ബിരുദം കിട്ടുന്നത്.

 

ജോഹന്നസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ത്തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ ആയിരുന്നു. 1948 ൽ വര്‍ണ്ണവിവേചനം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോളാണ് മണ്ടേല പാർട്ടിയുടെ പ്രമുഖ സഥാനത്തേക്ക് വരുന്നത്. ഈ കാലയളവിൽ നിരവധി സമരങ്ങൾ മണ്ടേലയുടെ നേതൃത്വത്തിൽ നടന്നു. 1960 ൽ നിരായുധരായ ആഫ്രിക്കക്കാരെ പോലീസ് ഷാർപെവില്ലെയിൽ കൊന്നപ്പോൾ അതിനെതിരെ പ്രതികരിച്ച മണ്ടേലയുടെ പാർട്ടി നിരോധിക്കപ്പെട്ടു. 1962 ൽ മണ്ടേല വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഈ തവണ 5 വർഷത്തേക്ക് ശിക്ഷ വിധിച്ചു. പിന്നീട് 1964 മുതൽ 90 വരെയും മണ്ടേല ശിക്ഷിക്കപ്പെട്ടു. മണ്ടേലക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ കാലാവധി ഇതായിരുന്നു. ഇതിനിടയിൽ പലപ്പോഴായി മണ്ഡേലയുമായി സർക്കാർ സന്ധി ചർച്ച നടത്തിയെങ്കിലും എല്ലാം തന്നെ മണ്ടേല നിരാകരിച്ചു. 1990 ഫെബ്രുവരി 11 ന് സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് ആയ ഡി ക്ലെർക് അദ്ദേഹത്തെ വിട്ടയച്ചു.

 

ജയിലിൽ നിന്ന് വിമോചിതനായ മണ്ടേല ആയിരുന്നു പിന്നീട് ANC യെ (ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്) നയിച്ചത്. വര്‍ണ്ണവംശ വ്യത്യാസമില്ലാതെ ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളേയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ടേല 1994 മുതൽ 99 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. 1993 -ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡി ക്ലര്‍ക്കിനോടൊപ്പം അദ്ദേഹം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന ദേശീയബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി 1990 ല്‍ ഭാരതസര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു.

 

മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര്‍ കൊണ്ടാണ് ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത്. ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി മണ്ടേല നടത്തിയ പ്രയത്‌നങ്ങളെ ആദരിക്കാനായി അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 18, നെല്‍സണ്‍ മണ്ടേല ദിനമായി ആചരിക്കുമെന്ന് 2009 നവംബറില്‍ യു. എന്‍. പൊതുസഭ പ്രഖ്യാപിച്ചു. ധീരനായ ഈ പോരാളി 2013 ൽ ലോകത്തോട് വിട പറഞ്ഞു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...