Please login to post comment

ഡോ. പൽ‌പു

  • admin trycle
  • Mar 26, 2020
  • 0 comment(s)

ഡോ. പൽ‌പു

 

ആധുനിക കേരളശില്പികളിലൊരാളായി കണക്കാക്കപ്പെടുന്ന സാമൂഹിക നവോത്ഥാന നേതാവാണ് ഡോ. പത്മനാഭൻ പൽപു എന്ന ഡോ. പൽ‌പു.  എസ്.എന്‍.ഡി.പിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ധനും കൂടിയാണ്. 1863 നവംബർ 2-ന് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ (പഴയ തിരുവിതാംകൂർ) പേട്ടയിൽ സ്ഥിതിചെയ്യുന്ന നെടുങ്ങോട് എന്ന ഈഴവ കുടുംബത്തിൽ ജനിച്ച അദ്ദേഹം ജീവിതകാലം മുഴുവന്‍ ജാതി വ്യവസ്ഥയുടെ തിക്തഫലങ്ങൾ അനുഭവിച്ചറിയുകയും അതിനെതിരെ പോരാടി വിജയം കൈവരിക്കുകയും ചെയ്ത വ്യക്തിയാണ്. ശ്രീ നാരായണ ഗുരുവിന്റെ ശിക്ഷ്യനായിരുന്ന അദ്ദേഹം പ്രസിദ്ധനായ എഴുത്തുകാരന്‍, ഭിഷ്വഗരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ചിന്തകന്‍ എന്നീ നിലകളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

 

ഡോ. പൽ‌പുവിന്റെ പിതാവ് ഭഗവതി പത്ഭനാഭന്‍ അക്കാലത്ത് തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ ആദ്യമായി ഇംഗ്ലീഷ് പഠിച്ചവരില്‍ ഒരാളായിരുന്നു. പഠിക്കാന്‍ അതി മിടുക്കനായിരുന്ന പൽ‌പുവിന് ഉയര്‍ന്ന ജാതികളും ഭരണകൂടങ്ങളും അവര്‍ണ്ണനെന്ന് വിധിയെഴുതിയത് കാരണം മുമ്പോട്ടുള്ള ജീവിതാവസരങ്ങള്‍ നിഷേധിച്ചിരുന്നു. അച്ഛൻ തന്നെയായിരുന്നു പൽ‌പുവിന്റെ ആദ്യഗുരു. അഞ്ചാം വയസ്സില്‍ 1868­ ല്‍ രാമന്‍ പിള്ള ആശാന്റെ കുടിപ്പള്ളികൂടത്തില്‍ എഴുത്തിനിരുത്തി. പിന്നീട് 1875­ ല്‍ എ.ജെ. ഫെര്‍ണാണ്‍ഡസ് എന്ന ഒരു സായിപ്പ് അദ്ദേഹത്തിന്‍റെ അദ്ധ്യാപകനായി. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവ് സാമ്പത്തികമായി മോശം അവസ്ഥയിൽ ആയിരുന്നു. 1878 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്തെ ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠനം തുടങ്ങി. അക്കാലത്ത് അവര്‍ണ്ണര്‍ക്കായി പ്രത്യേകം ബഞ്ചുകള്‍ നീക്കി വെച്ചിരുന്നു. ജ്യേഷ്ഠന്‍ വേലായുധനും അദ്ദേഹത്തോടൊപ്പം അവര്‍ണ്ണര്‍ക്കായി നീക്കിയിട്ടിരുന്ന ബഞ്ചിലിരുന്ന് പഠിച്ചു.

 

1883­ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായെങ്കിലും ജ്യേഷ്ഠന്‍ വേലായുധന്‍ ഉപരി പഠനത്തിനായി പോയതിനാല്‍ പൽ‌പുവിനെയും കോളേജില്‍ വിടാനുള്ള സാമ്പത്തിക സ്ഥിതി ആ കുടുംബത്തിനുണ്ടായിരുന്നില്ല. ഇംഗ്ലീഷ് ഭാഷ ബാല്യകാലം മുതല്‍ തന്നെ അഭ്യസിച്ച പൽപു ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തുകൊണ്ട് കോളേജില്‍ പഠിക്കാനുള്ള പണം കണ്ടെത്തി. അടുത്ത വര്‍ഷം കോളേജില്‍ ചേർന്ന അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർ സർക്കാർ നടത്തിയ പരീക്ഷയിൽ 4-മനായി എത്തിയ പൽ‌പുവിന് ജാതിയുടെ പേരില്‍ കേരളത്തിലെ വൈദ്യപഠനം നിഷേധിച്ചു. തുടർന്ന് അദ്ദേഹം മദ്രാസ്‌ മെഡിക്കല്‍ കോളജി‍ല്‍ എല്‍.എം.എസ് എന്ന വൈദ്യബിരുദത്തിന് ചേർന്നു. മദ്രാസില്‍ നിന്നും വൈദ്യബിരുദം കരസ്ഥമാക്കി തിരിച്ച് വന്നപ്പോഴും തിരുവിതാംകൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല.

 

അക്കാലത്ത് പിന്നോക്ക സമുദായക്കാര്‍ സഹിച്ചിരുന്ന എല്ലാ യാതനകളും സഹിക്കേണ്ടി വന്ന ഡോ പൽ‌പു, ഈഴവ സമുദായത്തിൽ പെട്ട ആളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണ രംഗത്തേക്ക് കടക്കുന്നത്. ജാതിയുടെ പേരില്‍ കേരളത്തില്‍ ജോലി നിഷേധിക്കപ്പെട്ട അദ്ദേഹം 1890 ഡിസംബറിൽ മദ്രാസ് സംസ്ഥാനത്ത് വാക്‌സിൻ ഡിപ്പോ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. പിൽക്കാലത്ത് മൈസൂരിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടി. വാക്സിൻ നിർമ്മാണ രംഗത്തെക്കുറിച്ച് കൂടുതൽ പഠിക്കുവാനായി മൈസൂർ ഗവണ്മെന്റ് അദ്ദേഹത്തെ യൂറിപ്പിലേക്ക് അയക്കുവാൻ തീരുമാനിച്ചു. എന്നാൽ ഈ കാലഘട്ടത്തിലായിരുന്നു ബാംഗ്ലൂരിൽ പ്ളേഗ് പടർന്നു പിടിക്കുന്നത്. സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം അദ്ദേഹം പ്ളേഗ് കമ്മീഷണറായി നിയമിതനായി. വളരെ വിജയകരമായി അന്ന് നിലനിന്നിരുന്ന പ്രതിസന്ധികളെ അദ്ദേഹം തരണം ചെയ്തു. ഡോ. പൽ‌പുവിന്റെ മികവ് കണക്കിലെടുത്തു മൈസൂർ സർക്കാർ അദ്ദേഹത്തെ ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനത്തിനു അയച്ചു. കമ്മ്യൂണിറ്റി മെഡിസിനിൽ ഫെല്ലോഷിപ്പും, ഡി.പി.എച്ചും കരസ്ഥമാക്കി അദ്ദേഹം തിരിച്ചെത്തി. പിന്നീട് മൈസൂരില്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ആയ അദ്ദേഹം ബാംഗ്ലൂരില്‍ സാനിറ്ററി കമ്മീഷണറുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റ്‌, ഡെപ്യൂട്ടി കമ്മിഷണര്‍, ജയില്‍ സൂപ്രണ്ട്‌ എന്നീ പദവികളും അലങ്കരിച്ചു. 1917-18 കാലത്ത്‌ ബറോഡ സര്‍ക്കാരിന്‍റെ ആരോഗ്യകാര്യ ഉപദേഷ്ടാവായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സമുദായ ഉന്നമനത്തിനായും സേവനത്തിനായും ജോലി വേണ്ടെന്നു വെച്ചു. 

 

പിന്നാക്ക സമുദായങ്ങള്‍ക്കു വേണ്ടി പല പത്രങ്ങളിലും മാസികകളിലും എഴുതിയ അദ്ദേഹം, ബാരിസ്റ്റര്‍ ജി.പി. പിള്ളയെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ സ്വാധീനിച്ച്‌ കോണ്‍ഗ്രസില്‍ പിന്നാക്ക സമുദായക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിപ്പിച്ചു. കേരളചരിത്രത്തിലെ സുപ്രധാന സംഭവങ്ങളായ മലയാളി മെമ്മോറിയല്‍, ഈഴവ മെമ്മോറിയല്‍ എന്നിവയുടെ പ്രധാന സംഘാടകരിലൊരാള്‍ കൂടിയായ പൽ‌പുവിനെ റിട്ടി ലൂക്കോസ് ഈഴവരുടെ രാഷ്ട്രപിതാവെന്നും സരോജിനി നായിഡു ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗത്തിന്‌ പിന്നോക്കക്കാര്‍ക്കും അവകാശമുണ്ടെന്നു കാണിച്ച്‌ 1896 സെപ്റ്റംബർ 3 നു സമർപ്പിച്ച ഭീമഹർജ്ജിയായിരുന്നു  ‘ഈഴവ മെമ്മോറിയൽ’. സംഘടിച്ച്‌ ശക്തി നേടുക എന്ന ആശയം പ്രാവര്‍ത്തികമാക്കി സ്വസമുദായത്തിന്‍റെയും പിന്നോക്ക സമുദായങ്ങളുടെയും ഉന്നതിക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു. എസ്‌.എന്‍.ഡി.പി യുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഡോ.പൽ‌പുവിന്റെ സംഭാവനകള്‍ വളരെ വലുതാണ്. മഹാകവി കുമാരനാശാന്‍റെ ഉന്നത വിദ്യാഭ്യാസത്തിനും ഡോ.പൽ‌പു കാരണമായി. 1950 ലാണ് ഡോ.പൽ‌പു അന്തരിച്ചത്‌.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...