Please login to post comment

കുമാരനാശാൻ

  • admin trycle
  • Apr 3, 2020
  • 0 comment(s)

കുമാരനാശാൻ

 

"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ " കുമാരനാശാന്റെ വളരെ പ്രശസ്തമായ വരികളാണിത്. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. കവി, തത്ത്വചിന്തകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ വ്യക്തിയായിരുന്ന കുമാരനാശാനോളം 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ സ്വാധീനിച്ച മറ്റൊരു കവിയില്ല. മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം, കാരണം ആശാനോളം കൊണ്ടാടപ്പെട്ടതോ ആശാനോളം പഠിക്കപ്പെട്ടതോ ആയ മറ്റൊരു കവിയില്ല.

 

1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്ങാടി നാരായണന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായിട്ടാണ് കുമാരനാശാൻ ജനിച്ചത്. കുമാരു എന്നായിരുന്നു യഥാര്‍ത്ഥ പേര്. തുണ്ടത്തിൽ പെരുമാളാശാന്റെ അടുത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലയാളകവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയായ കുമാരനാശാൻ ചെറുപ്പത്തിൽ തന്നെ കാവ്യരചനയിൽ താല്പര്യം കാണിച്ചിരുന്നു. “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“, “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നിവ അദ്ദേഹം ആ കാലഘട്ടത്തിൽ എഴുതിയ കൃതികളാണ്.

 

ശ്രീനാരായണ ഗുരുവുമായുള്ള കണ്ടുമുട്ടൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഏകദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ താമസിച്ച കുമാരു ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാലയും ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ശ്രീനാരായണ ഗുരുവിന്റെ ഉപദേശപ്രകാരം ഉപരിപഠനം നടത്താൻ തീരുമാനിച്ച കുമാരനാശാൻ ബാംഗ്ലൂരുവിലും കൽക്കത്തയിലുമായി പഠനം പൂർത്തീകരിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിന് പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്‌. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ ബംഗാളിസാഹിത്യത്തെ നവോത്ഥാനത്തിലേക്ക് നയിച്ച കാലത്താണ് ആശാൻ കൽക്കത്തയിലെത്തിയത്. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നതും ഇക്കാലത്താണ്.

 

കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് അരുവിപ്പുറത്ത് മടങ്ങിയെത്തിയ കുമാരനാശാൻ അവിടെവെച്ച് “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങൾ രചിച്ചു. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായ ആശാന്‍, ശ്രീനാരായണഗുരുവിന്റേയും ഡോ.പല്പുവിന്റേയും നേതൃത്വത്തില്‍ 1903 ൽ എസ്.എന്‍.ഡി.പി. യോഗം രൂപീകരിച്ചപ്പോള്‍ പ്രഥമ യോഗം സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി.

 

ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി.  മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ്. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രസിദ്ധീകരിച്ചതോടെയാണ് ആശാന്‍ കൂടുതൽ പ്രശസ്തനാവുന്നത്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കിയ ആശാന്റെ പ്രസിദ്ധമായ കൃതികളിൽ ചിലതാണ്, "വീണപൂവ്","നളിനി", "ലീല", "ചണ്ഡാലഭിക്ഷുകി", "കരുണ" എന്നിവ. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ "ചിത്രയോഗ" നിരൂപണം പ്രശസ്തമാണ്. വള്ളത്തോളിന്റെ മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാൻ, ആശയ ഗാംഭീരൻ, സ്​നേഹ ഗായകൻ എന്നീ വിശേഷണങ്ങളും നേടിയിട്ടുണ്ട്. 1922ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ കുമാരനാശാന് ഇംഗ്ലണ്ടിലെ വെയിൽസ്​ രാജകുമാരനില്‍ നിന്ന്​ പട്ടും വളയും സമ്മാനമായി ലഭിച്ചിട്ടുണ്ട്.

 

1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ ശ്രീമൂലം പ്രജാസഭയിലും 1920ല്‍ തിരുവിതാംകൂർ നിയമസഭയിലും ആശാൻ അംഗമായിട്ടുണ്ട്. 1918ലായിരുന്നു ആശാന്റെ വിവാഹം. ഭാനുമതിയാണ് ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനുവരി 16-ന് പല്ലനയാറ്റിൽ റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് കുമാരനാശാൻ അന്തരിച്ചത്.  തിരുവനന്തപുരം ജില്ലയിൽ, തോന്നയ്കലില്‍ ആശാൻ താമസിച്ചിരുന്ന വീട് ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ‘മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ’ ഭാഗമാണ്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...