Please login to post comment

കേരളത്തിലെ ചുവര്‍ചിത്രകല

  • admin trycle
  • Aug 1, 2019
  • 0 comment(s)

കേരളത്തിലെ ചുവര്‍ചിത്രകല

 

മനുഷ്യന്‍ ആദ്യമായി അവന്‍റെ ആശയലോകത്തെ പ്രകടിപ്പിച്ചത് ചിത്രങ്ങളിലൂടെയാണ്. പ്രാചീനകാലം മുതല്‍ക്കുതന്നെ ചിത്രകലയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. ഭാരതത്തിലെ ചുവര്‍ചിത്രകലയുടെ പൂര്‍വ്വമാതൃകകള്‍ ചരിത്രാതീതകാലത്ത് രൂപം കൊണ്ടിട്ടുള്ള ഗുഹാചിത്രങ്ങളില്‍ കണ്ടെത്താന്‍ സാധിക്കും. ഭീംബട്ക്ക, മിർസാപൂര്‍, ബാന്ദ, സിംഗാന്‍പൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെയും മെഹബൂബ്നഗര്‍(ആന്ധ്ര), ബല്ലാരി(കര്‍ണ്ണാടക), മല്ലംപാടി(തമിഴ്നാട്) എന്നിവിടങ്ങളിലെയും ഗുഹാചിത്രങ്ങള്‍ നമ്മുടെ ആദിമചിത്രകലയുടെ സവിശേഷതയെ വ്യക്തമാക്കുന്നു. കേരളത്തിലെ മറയൂര്‍, എടയ്ക്കല്‍-തൊവാരി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള പ്രാചീനഗുഹാചിത്രങ്ങളുണ്ട്. താളിയോലയില്‍ വരെ ചിത്രങ്ങള്‍ രേഖപ്പെടുത്തിയ പാരമ്പര്യമുള്ള നാടാണ് കേരളം.

 

ഇന്ത്യയില്‍ രാജസ്ഥാന്‍ കഴിഞ്ഞാല്‍ പുരാതത്വപ്രാധാന്യമുള്ള ചുവര്‍ചിത്രങ്ങള്‍ ധാരാളമായി കാണുന്ന സംസ്ഥാനം കേരളമാണ്. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെയുള്ള ചുവര്‍ചിത്രങ്ങളാണ് കേരളത്തില്‍ കൂടുതലായും കാണുന്നത്. കേരളീയ ചുവര്‍ചിത്രങ്ങളുടെ പ്രധാന പ്രത്യേകത അവയുടെ രേഖാചാരുതയാണ്. വര്‍ണ്ണചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകീയസൗധങ്ങളും മോടിപിടിപ്പിച്ചിരുന്ന പാരമ്പര്യത്തിന്‍റെ അവശേഷിപ്പുകള്‍ ഇന്നും കേരളത്തിലെ ദേവാലയങ്ങളിലും കൊട്ടാരങ്ങളിലുമുണ്ട്. ചുവര്‍ചിത്രങ്ങളോടുകൂടിയ ഇരുന്നൂറോളം സങ്കേതങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഗുഹാക്ഷേത്രങ്ങളെ പിന്തള്ളി സംഘടിത ക്ഷേത്രങ്ങള്‍ കേരളത്തില്‍ രൂപംകൊള്ളാന്‍ തുടങ്ങിയത് എട്ടാം നൂറ്റാണ്ട് മുതലാണ്. ഒമ്പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന തിരുനന്തിക്കരയിലെ ചുവര്‍ചിത്രമാണ് കേരളത്തിലെ ചുമര്‍ചിത്രങ്ങളില്‍ ഏറ്റവും പ്രാചീനം. കേരളീയചുവര്‍ചിത്രങ്ങളെ കാലഗണനാക്രമത്തില്‍ വേര്‍തിരിക്കുവാന്‍ സഹായകമായ തെളിവുകള്‍ വേണ്ടത്ര ലഭിച്ചിട്ടില്ല. 

 

ശൈലീപരമായ പ്രത്യേകതകളെ മുന്‍നിര്‍ത്തി കേരളത്തിലെ ചുവര്‍ചിത്രങ്ങളെ പ്രാഥമികഘട്ടം, പ്രാഥമികാനന്തരഘട്ടം, മധ്യകാലഘട്ടം, മധ്യകാലാനന്തരഘട്ടം എന്നിങ്ങനെ നാലായി തരംതിരിക്കാം. തിരുനന്തിക്കര, കാന്തളൂര്‍, ത്രിവിക്രമമംഗലം, പാര്‍ത്ഥിവപുരം, അനന്തപുരം എന്നീ ക്ഷേത്രങ്ങളിലെയും, ചിതറാല്‍ ഗുഹാക്ഷേത്രത്തിലെയും ചിത്രങ്ങള്‍ പ്രഥമഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. രണ്ടാം ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ് മട്ടാഞ്ചേരിയിലെ രാമായണചിത്രങ്ങളും, തൃശൂര്‍ വടക്കുംനാഥന്‍, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നിവടങ്ങളിലെ ചുമര്‍ചിത്രങ്ങള്‍. അകപ്പറമ്പുപള്ളി, കാഞ്ഞൂര്‍പള്ളി, തിരുവല്ലാപ്പള്ളി, കോട്ടയം ചെറിയപള്ളി, ചേപ്പാടുപള്ളി, അങ്കമാലിപ്പള്ളി തുടങ്ങിയ ക്രൈസ്തവദേവാലയങ്ങളിലെയും, കോട്ടയ്ക്കല്‍, പുണ്ഡരീകപുരം, തൃപ്രയാര്‍, പത്മനാഭസ്വാമീക്ഷേത്രം, കരിവേലപ്പുരമാളിക, പത്മനാഭപുരം കൊട്ടാരം, മട്ടാഞ്ചേരി കൊട്ടാരത്തിന്‍റെ കോവണിത്തളം, കീഴ്ത്തളം എന്നിവ മൂന്നാംഗണത്തില്‍പ്പെടുന്നു. ബാലുശ്ശേരി, തളിക്ഷേത്രം, ലോകനാര്‍കാവ്, പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളില്‍ നാലാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങള്‍ കാണുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതലുള്ള ചുവര്‍ചിത്രങ്ങളാണ് കേരളത്തില്‍ ഇന്ന് കൂടുതലായി കാണുന്നത്. 

 

കേരളത്തിലെ ചുവര്‍ചിത്രങ്ങളില്‍ മതാത്മകമായ പ്രമേയങ്ങളാണ് കൂടുതലായി ചിത്രീകരിച്ച് കാണുന്നത്. ഓരോ ചുവര്‍ചിത്രങ്ങളിലും തനികേരളീയത പ്രകടമാണ്. കേരളീയ ഭൂപ്രകൃതിയും, വേഷാഭൂഷാധികളും, വാദ്യങ്ങളുമൊക്കെ ചിത്രങ്ങളിലുണ്ട്. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നത് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലാണ്. പൂര്‍ണ്ണമായും പ്രകൃത്യാലഭ്യമായ വസ്തുക്കളാണ് ഈ ചിത്രരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

 

സഹായകഗ്രന്ഥം

 

ഡോ.എം.ജി.ശശിഭൂഷണ്‍,കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍,കേരലഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം,1994.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...