Please login to post comment

കേരളത്തിന്‍റെ തനതായ ദൃശ്യകലാരൂപമായ കഥകളി

  • admin trycle
  • Feb 24, 2020
  • 0 comment(s)

കഥകളി

 

കേരളത്തിന്‍റെ തനതായ ദൃശ്യകലാരൂപമായ കഥകളി എഡി.17-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതലാണ് വികസിച്ചുവന്നത്. അനുഷ്ഠാനകലകളിലെ പല അംശങ്ങളും സമന്വയിപ്പിച്ച് കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടമാണ് കഥകളിയായി പരിണമിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. വെട്ടത്തുസമ്പ്രദായം, കല്ലടിക്കോടന്‍ സമ്പ്രദായം, കപ്ലിങ്ങോടന്‍ സമ്പ്രദായം, കല്ലുവഴിച്ചിട്ട എന്നിങ്ങനെയാണ് കഥകളിയില്‍ ഇതുവരെയുണ്ടായിട്ടുള്ള പരിഷ്കാരങ്ങളറിയപ്പെടുന്നത്. അഭിനയം, സംഗീതം, സാഹിത്യം എന്നീ മൂന്നു കലാരൂപങ്ങളും ചേർന്നതാണ് കഥകളി. ഇതില്‍ മൂന്നിലും ഒരേ സമയം ശ്രദ്ധിച്ചാല്‍ മാത്രമേ കഥകളി ആസ്വദിക്കാന്‍ കഴിയൂ. കഥകളിയുടെ ഭാഷയായ മുദ്രകള്‍ അറിഞ്ഞാല്‍ ഇത് കൂടുതൽ നന്നായി ആസ്വദിക്കാൻ കഴിയും. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ളവരുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു.

 

കഥകളിയിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറില്ല. പശ്ചാത്തലത്തിലെ പാട്ടുകള്‍ക്കനുസരിച്ച് അഭിനയിക്കുന്നു. അതുകൊണ്ട് തന്നെ കഥകളി സംഗീതത്തിലെ സാഹിത്യത്തിന് വലിയ പ്രാധാന്യമുണ്ട്. ആട്ടക്കഥാ സാഹിത്യമെന്നാണത് അറിയപ്പെടുന്നത്. കഥകളിയില്‍ കൂടുതലും ഹൈന്ദവപുരാണങ്ങളിലെ കഥകളാണ് അവതരിപ്പിക്കാറുള്ളത്. മഹാഭാരതത്തിലേയും രാമായണത്തിലെയും അസംഖ്യം കഥകള്‍ കഥകളി സംഗീതമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. നള ചരിതം, ബാലി വിജയം, രാവണോത്ഭവം, കുചേല വൃത്തം, കീചകവധം, നിഴൽക്കൂത്ത്, പൂതനാ മോക്ഷം, സുഭദ്രാഹരണം, സന്താന ഗോപാലം, കർണ്ണശപഥം, ഇങ്ങനെ പോകുന്നു കഥകളുടെ പേരുകള്‍. അടുത്തകാലത്ത് യേശുചരിത്രം, കിംഗ്‌ ലിയര്‍, മാക്ബത്ത്, ടാഗോറിന്റെ ബലിദാനം എന്നിവ അരങ്ങത്ത് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാലും കൂടുതല്‍ പ്രചാരം പഴയ കഥകൾക്ക് തന്നെയാണ്. കോട്ടയത്തു തമ്പുരാന്‍, ഉണ്ണായി വാരിയര്‍, ഇരയിമ്മന്‍ തമ്പി, വയസ്കര മൂസ് തുടങ്ങിയവര്‍ ആണ് പ്രമുഖ ആട്ടക്കഥാ രചയിതാക്കള്‍. 

 

കഥകളിയിലെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നിവ. മറ്റു ഭാരതീയ നൃത്ത രൂപങ്ങള്‍ക്കെന്ന പോലെ തന്നെ കഥകളിയുടെയും അടിസ്ഥാനം ഭരത മുനിയുടെ നാട്യ ശാസ്ത്രമാണ്. പക്ഷെ കഥകളിയില്‍ ഉപയോഗിക്കുന്ന ഹസ്ത മുദ്രകള്‍ക്ക് അടിസ്ഥാനം ഹസ്ത ലക്ഷണ ദീപിക എന്ന പുരാതന ഗ്രന്ഥമാണ്. കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്നു.

 

കഥകളിക്ക് അനേകം ചടങ്ങുകളുണ്ട്. കേളി, അരങ്ങുകേളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിവയാണ് അവ. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം തുടങ്ങിയവയാണ് കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഒരു കഥ പൂര്‍ണ്ണ രൂപത്തില്‍ അവതരിപ്പിക്കുവാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ വേണ്ടി വരും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കഥകളിയുടെ വേഷവിധാനങ്ങളാണ്. കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചാണ് മുഖത്തെഴുത്തും, വേഷവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പുരുഷ കഥാപാത്രത്തിന്റെ മുഖത്തെഴുത്ത് പൂര്‍ത്തിയാക്കാന്‍ 3 മണിക്കൂര്‍ മുതല്‍ 5 മണിക്കൂര്‍ വരെ സമയം വേണ്ടി വരും. കുറഞ്ഞത് നാലഞ്ചു വര്‍ഷത്തെയെങ്കിലും പരിശീലനം ആവശ്യമുള്ള കലാരൂപമാണ് കഥകളി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നാശോന്മുഖമായിരുന്ന ഈ കലാരൂപത്തിന്റെ തിരിച്ചു വരവിനു കാരണം കലാമണ്ഡലത്തിന്റെ രൂപീകരണമാണ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ആണതിന് വേണ്ടി പ്രയത്‌നിച്ചത്.

 

കഥകളിയില്‍ അവതരിപ്പിക്കപ്പെടുന്ന പ്രധാന വേഷങ്ങള്‍ ആറു തരമാണ് , പച്ച, കത്തി, താടി, കരി, മിനുക്ക്‌, പഴുപ്പ് എന്നിവ. ഇവയില്‍ ചിലവയ്ക്ക് , ചില വ്യതിയാനങ്ങളോടെ പല രൂപങ്ങള്‍ കാണാം. എങ്കിലും അടിസ്ഥാന വേഷങ്ങള്‍ ഇവയാണ്. അവതരിപ്പിക്കപ്പെടുന്ന കഥാ പാത്രത്തിന്റെ സ്വഭാവവും സ്ഥാനവും അനുസരിച്ചാണ് ഒരു കഥാപാത്രത്തിന് ഏതു വേഷം വേണമെന്ന് തീരുമാനിക്കുക.

 

പച്ച വേഷം - പൊതുവേ സാത്വികരും കുലീനരുമായ രാജാക്കന്മാരുടെ വേഷമാണിത്. ഉദാഹരണം മഹാഭാരതത്തിലെ അർജുനനന്‍, നളന്‍ എന്നിവർക്കെല്ലാം പച്ച വേഷമാണ്. മുഖം വടിച്ചു മനയോല തേച്ച് വിവിധ നിറങ്ങള്‍ ചാലിച്ച് മുഖത്ത് തേയ്ച്ച് ഈ രൂപം സൃഷ്ടിക്കുന്നു. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിന് വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു. പച്ച വേഷത്തിന്റെ ഒരുവകഭേദമാണ് ഭാഗവാന്‍ ശ്രീകൃഷ്ണന്റെ മുടി വേഷം. സാധാരണ വൃത്താകൃതിയില്‍ഉള്ള കിരീടത്തിന്റെസ്ഥാനത് മുകളിലോട്ടു നീണ്ടിരിക്കുന്ന കിരീടം ആണ് കൃഷ്ണന്റെത്.

 

കത്തി വേഷം - ക്രൂരസ്വഭാവമുള്ള രാജാക്കന്മാർക്ക് സാധാരണയായി നൽകുന്ന വേഷമാണ് കത്തിവേഷം. രാവണൻ, ദുര്യോധനൻ, കീചകൻ,ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർ ഇതില്‍ പെടുന്നു. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

 

താടി വേഷം - മൂന്നു തരത്തിലുള്ള താടി വേഷങ്ങളാണ് കെട്ടാറുള്ളത്. ഹനുമാന്‍, നന്ദികേശ്വരന്‍ മുതലായ സാത്വിക സ്വഭാവമുള്ളവർക്ക് വെള്ളത്താടി, താമസ സ്വഭാവമുള്ള ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, ത്രിഗർത്തന്‍ മുതലായവർക്ക് ചുവന്ന താടി, ദുഷ്ട കഥാപാത്രങ്ങൾക്ക് കറുത്ത താടി എന്നിങ്ങനെയാണ്.

 

കരി വേഷം - കാട്ടാളന്‍, കാട്ടാളസ്ത്രീ മുതലായ താമസസ്വഭാവികളായ വനചാരികൾക്കാണ് കരി വേഷം ഉപയോഗിക്കുന്നത്. ഇതില്‍ പുരുഷ കഥാപാത്രങ്ങൾക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

 

മിനുക്ക്‌ വേഷം - കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു. ചെറിയ രീതിയില്‍ സ്തനത്തിന്റെ രൂപം ചുവന്ന ആഭരണത്തോടൊപ്പം കാണാം.

 

പഴുപ്പ് വേഷം - ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് മാത്രമാണ് പഴുപ്പുവേഷം. ഉദാഹരണം:ആദിത്യൻ, ശിവൻ, ബലഭദ്രൻ.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...