Please login to post comment

നൊബേൽ സമ്മാനം

  • admin trycle
  • Apr 1, 2020
  • 0 comment(s)

നൊബേൽ സമ്മാനം

 

ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകുന്നവർക്ക് നൽകപ്പെടുന്ന ലോകത്തിലെ ഏറ്റവും മഹത്തായ ഒരു പുരസ്‌കാരമാണ് നൊബേൽ സമ്മാനം.

 

ആല്‍ഫ്രഡ് ബേണ്‍ഹാഡ് നോബേല്‍ എന്ന ആല്‍ഫ്രഡ് നോബേലിന്റെ വിൽപത്രത്തിൽ നിന്നാണ് നൊബേൽ സമ്മാനത്തിന്റെ തുടക്കം. ആയുധ വ്യപാരത്തിലൂടെയും ഡൈനാമിറ്റിന്റെ കണ്ടുപിടുത്തത്താലും വളരെ വലിയ ധനികനായി മാറിയ ആളാണ് ആൽഫ്രഡ്‌ നൊബേൽ. ഒരിക്കൽ അദ്ദേഹം ഒരു ഫ്രഞ്ച് പത്രം വായിക്കുന്നതിനിടയിൽ ഒരു ചർമ്മകുറിപ്പ് കണ്ടു "മരണത്തിന്റെ വ്യാപാരി മരിച്ചു" എന്നായിരുന്നു അത്. എന്നാൽ വാർത്ത വായിച്ച അദ്ദേഹം ഞെട്ടി. അദ്ദേഹത്തിന്റെ സഹോദരന്റെ മരണം അദ്ദേഹത്തിന്റെ മരണമായി തെറ്റിദ്ധരിച്ചു പത്രാധിപർ കൊടുത്ത വാർത്തയായിരുന്നു അത്. തന്റെ മഹത്തായ കണ്ടു പിടുത്തമായി കണക്കാക്കിയിരുന്ന ഡയനാമിറ്റിന്റെ ഉപയോഗം മൂലം ലോകം എങ്ങനെ വിഷമിക്കുന്നു ലോകം എങ്ങനെ ഈ കണ്ടു പിടുത്തത്തെ കാണുന്നു എന്നതിന്റെ നേർകാഴ്ച്ചയായിരുന്നു ആ പത്രക്കുറിപ്പ്. ഈ സംഭവം അദ്ദഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. മരണ ശേഷവും തന്നെ ലോകം ഇങ്ങനെ തന്നെ കാണാൻ പാടില്ല എന്നതിൽ നിന്നും വന്ന ആശയമാണ് നൊബേൽ സമ്മാനം.

 

അദ്ദേഹം മരിക്കുന്നതിന് മുൻപ് 1895-ൽ തയ്യാറാക്കിയ വിൽപത്രത്തിൽ തന്റെ സമ്പാദ്യത്തിന്റെ 6 ശതമാനം ബന്ധുക്കൾക്കും ബാക്കി 94 ശതമാനം നൊബേൽ സമ്മാനത്തിനുമായി മാറ്റിവെക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. മൂലധനം സുരക്ഷിതമായ സെക്യൂരിറ്റികളാക്കി നിക്ഷേപിക്കാനും ഓരോ വര്‍ഷവും പ്രസ്തുത നിക്ഷേപത്തിന്റെ പലിശ “മുൻ വർഷത്തിൽ, മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം സമ്മാനിച്ചവർക്ക്” സമ്മാനത്തുകയായി നല്‍കാനും ആയിരുന്നു നോബേലിന്റെ നിര്‍ദ്ദേശം. പലിശയായി ലഭിക്കുന്ന തുക അഞ്ചായി വിഭജിച്ചാണ് സമ്മാനം നല്‍കേണ്ടതെന്നായിരുന്നു നോബേലിന്റെ വിൽപത്രത്തിൽ പറഞ്ഞിരുന്നത്. ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം, ഫിസിയോളജി അല്ലെങ്കിൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം, സാഹിത്യത്തിനുള്ള നോബൽ സമ്മാനം, സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നിവയാണ് അദ്ദേഹത്തിന്റെ വിൽപത്ര പ്രകാരം സ്ഥാപിക്കപ്പെട്ട സമ്മാനങ്ങൾ. 1901 ഡിസംബർ 10 ന് നൊബേലിന്റെ മരണത്തിന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് സമ്മാനങ്ങളുടെ ആദ്യ വിതരണം നടന്നത്. പിന്നീട്, 1969 മുതൽ ബാങ്ക് ഓഫ് സ്വീഡൻ നൊബേലിന്റെ സ്മരണാർത്ഥം സാമ്പത്തിക ശാസ്ത്രത്തിൽ പുരസ്ക്കാരം നൽകി തുടങ്ങി. സാങ്കേതികമായി ഒരു നൊബേൽ സമ്മാനം അല്ലെങ്കിലും, ഇതിനെ നൊബേൽ സമ്മാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തുന്നു. ഇതിന്റെ വിജയികളെ നൊബേൽ സമ്മാന സ്വീകർത്താക്കൾക്കൊപ്പം പ്രഖ്യാപിക്കുകയും, സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ സമ്മാനം നൊബേൽ സമ്മാനദാന ചടങ്ങിൽ വെച്ച് സമ്മാനിക്കുകയും ചെയ്യുന്നു.

 

നൊബേലിന്റെ മരണശേഷം, അദ്ദേഹത്തിന്റെ വിൽപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും അദ്ദേഹത്തിന്റെ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുമായി നൊബേൽ ഫൗണ്ടേഷൻ രൂപീകരിച്ചു. വിൽപത്രപ്രകാരം നാല് വ്യത്യസ്ത സ്ഥാപനങ്ങൾക്കാണ് സമ്മാനങ്ങൾ നൽകാൻ അധികാരം നൽകിയത്, ഇവയിൽ മൂന്ന് സ്വീഡിഷ് സ്ഥാപനങ്ങളും ഒരു നോർവീജിയൻ സ്ഥാപനവുമാണ് ഉള്ളത്. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കും ഒപ്പം സാമ്പത്തിക ശാസ്ത്രത്തിനുമുള്ള സമ്മാനങ്ങൾ നൽകുന്നു. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള സമ്മാനം നൽകുന്നു. സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള സമ്മാനം നൽകുന്നു. ഓസ്ലോ ആസ്ഥാനമായുള്ള നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിനുള്ള സമ്മാനം നൽകുന്നത്. ഫണ്ടുകളുടെ നിയമപരമായ ഉടമയും ഫംഗ്ഷണൽ അഡ്മിനിസ്ട്രേറ്ററും ആയ നൊബേൽ ഫൗണ്ടേഷൻ, അവാർഡ് നൽകുന്ന സ്ഥാപനങ്ങളുടെ ജോയിന്റ് അഡ്മിനിസ്ട്രേറ്റീവ് ബോഡിയായി പ്രവർത്തിക്കുന്നു. പക്ഷേ സമ്മാന ചർച്ചകളിലോ തീരുമാനങ്ങളിലോ ഇവരെ പരിഗണിക്കുന്നില്ല, അവ ഈ നാല് സ്ഥാപനങ്ങളുടെ മാത്രം അധികാരമായി നിലനിൽക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് നൊബേൽ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുക.

 

ഓരോ സമ്മാനത്തിനും ആയിരത്തോളം പേർ നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നു, കൂടാതെ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം സാധാരണയായി 100 മുതൽ 250 വരെയാണ്. നൊബേൽ സമ്മാന ജേതാക്കൾ, സമ്മാനദാന സ്ഥാപനങ്ങളിലെ അംഗങ്ങൾ, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ എന്നീ മേഖലകളിലെ വിദഗ്ധർ, വിവിധ സർവകലാശാലകളിലെയും അക്കാദമികളിലെയും ഉദ്യോഗസ്ഥരും അംഗങ്ങളും എന്നിവർ നാമനിർദ്ദേശം ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. നാമനിർദ്ദേശം ചെയ്യുന്നവർ തങ്ങളുടെ സ്ഥാനാർത്ഥികളുടെ യോഗ്യത വിശദീകരിക്കുന്ന ഒരു രേഖാമൂലമുള്ള നിർദ്ദേശം നൽകണം. നാമനിർദ്ദേശങ്ങൾ അവാർഡ് വർഷത്തിലെ ജനുവരി 31-നോ അതിനുമുമ്പോ നൊബേൽ കമ്മിറ്റികൾക്ക് സമർപ്പിക്കണം. ഫെബ്രുവരി ഒന്നിന് ഓരോ സമ്മാന വിഭാഗത്തിനും ഒന്ന് എന്ന നിലയിൽ ആറ് നൊബേൽ കമ്മിറ്റികൾ ലഭിച്ച നാമനിർദ്ദേശങ്ങൾ സംബന്ധിച്ച പരിശോധനകൾ ആരംഭിക്കുന്നു. ഓരോ നോമിനിയുടെയും സംഭാവനയുടെ മൗലികതയും പ്രാധാന്യവും നിർണ്ണയിക്കാൻ കമ്മിറ്റികളെ സഹായിക്കുന്നതിന് പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിക്കാറുണ്ട്. സെപ്റ്റംബറിലോ ഒക്ടോബർ തുടക്കത്തിലോ നൊബേൽ കമ്മിറ്റികൾ അവരുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സമ്മാനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ ശുപാർശകൾ സമർപ്പിക്കുന്നു. ഒരു കമ്മിറ്റിയുടെ ശുപാർശ സാധാരണയായി പിന്തുടരുന്നു, പക്ഷേ സ്ഥിരമായി ഇത് പാലിക്കപ്പെടണമെന്നില്ല. ഈ സ്ഥാപനങ്ങളിലെ ചർച്ചകളും വോട്ടെടുപ്പും എല്ലാ ഘട്ടങ്ങളിലും രഹസ്യമാണ്. അവാർഡ് നൽകുന്നവരുടെ അന്തിമ തീരുമാനം നവംബർ 15 നകം എടുക്കണം. സമാധാന സമ്മാനം ഒഴികെയുള്ള സമ്മാനങ്ങൾ വ്യക്തികൾക്ക് മാത്രമേ നൽകാവൂ, എന്നാൽ സമാധാന സമ്മാനം ഒരു സ്ഥാപനത്തിനും നൽകാവുന്നതാണ്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...