Please login to post comment

എൽ നിനോ

  • admin trycle
  • Jun 13, 2020
  • 0 comment(s)

എൽ നിനോ

 

പസഫിക്ക് സമുദ്രത്തിൽ രൂപപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ് എൽ നിനോ. സമുദ്രജലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് ഇത്. അതിന്റെ അനന്തരഫലമായി ഭൂഗോളത്തിന്റെ ഇതരഭാഗങ്ങളിൽ അതികഠിനമായ മഴയും, പ്രളയവും, പ്രളയാനന്തര വരൾച്ചയും, കാട്ടുതീയും മറ്റും ഉണ്ടാകുന്നു. മൂന്ന് മുതൽ ഏഴ് വർഷം വരെ നീളുന്ന ഇടവേളകളിൽ പസഫിക്ക് സമുദ്രത്തിലെ ഭൂമദ്ധ്യരേഖാപ്രദേശത്താണ് എൽ നിനോ രൂപം കൊള്ളുന്നത്. കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും.

 

ഈ പ്രതിഭാസത്തിൻറെ ശരിക്കുള്ള പേര് "എൽ നിനോ സതേൺ ഓസിലേഷൻ" എന്നാണ്. സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്നാൽ ഉണ്ണിയേശു എന്നാണർത്ഥം. സമുദ്രജലം ചൂട് പിടിക്കുന്ന ഈ പ്രതിഭാസത്തെ 1600-കളിൽ തെക്കേ അമേരിക്കയിലുള്ള മത്സ്യത്തൊഴിലാളികളാണ് ആദ്യമായി തിരിച്ചറിഞ്ഞത്. 19-ാം നൂറ്റാണ്ടിൽ പെറുവിലെ മുക്കുവരാണ് എൽ നിനോ എന്ന പേര് നൽകിയത്. പസഫിക്ക് സമുദ്രത്തിന്റെ തെക്കേ അമേരിക്കയോടു ചേർന്നുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന ഈ താപവർദ്ധന ക്രിസ്മസിനടുത്ത സമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്.

 

എൽ നിനോ പ്രതിഭാസത്താൽ ആഗോളകാലാവസ്ഥ തകിടം മറിയുന്നു. വരണ്ട പ്രദേശങ്ങളിൽ ശൈത്യവും പേമാരിയും അനുഭവപ്പെടുന്നു. സാധാരണഗതിയിൽ മഴ ലഭിക്കുന്നയിടങ്ങളിൽ വരൾച്ചാ സാധ്യത വർദ്ധിക്കുന്നു. പസഫിക്കിൻറെ പടിഞ്ഞാറൻ മേഖലകളിൽ ചുഴലിക്കാറ്റിന്റെ പ്രഹരശേഷി വർദ്ധിക്കുന്നു. ക്രമേണ കാട്ടുതീയും വരൾച്ചയും ശക്തി പ്രാപിക്കുന്നു. കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങൾക്ക് പുറമേ, ലോകത്തിന്റെ പല ഭാഗങ്ങളിലും വൻതോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എൽ നിനോ വഴിവെയ്ക്കും. ഇത് കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ലോക തലത്തിൽ തിരിച്ചടിയുണ്ടാക്കും. എൽ നിനോ പ്രതിഭാസം ഇന്ത്യയിലെ കാലാവസ്ഥയെയും ബാധിക്കാറുണ്ട്. ഇത് തമ്മിലുള്ള ബന്ധത്തിനെക്കുറിച്ചുള്ള പഠനങ്ങളിൽ പറയുന്നത് രാജ്യത്ത് കഴിഞ്ഞ 132 വർഷത്തിനിടെയുണ്ടായ കഠിനമായ വരൾച്ചാക്കാലത്തെല്ലാം എൽ നിനോ ശക്തിയാർജിച്ചിരുന്നു എന്നതാണ്. ഈ പ്രതിഭാസം ഇന്ത്യൻ മൺസൂണിൻറെയും താളം തെറ്റിക്കാൻ കെല്പുള്ളതാണ്. ഈ പഠനം നടത്തിയത് 2006-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഡോ.കെ.കെ.കൃഷ്ണകുമാറാണ്.

 

പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽ നിനോയ്ക്ക് വഴിവെയ്ക്കുന്നത്. സാധാരണയായി, ഇന്തോനേഷ്യയ്ക്കും ഫിലിപ്പീൻസിനും സമീപം പടിഞ്ഞാറൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ചൂടുവെള്ളം മധ്യരേഖയോട് ചേർന്ന് തെക്കേ അമേരിക്കയുടെ തീരത്തേക്ക് മാറുമ്പോഴാണ് എൽനിനോ ആരംഭിക്കുന്നത്. ഇങ്ങനെ പ്രവഹിക്കുന്ന ചൂടുകൂടിയ സമുദ്രജലം മത്സ്യങ്ങളുൾപ്പെടെയുള്ള ജലജീവികളുടെയും നാശത്തിന് കാരണമാകും. മാത്രവുമല്ല, ജലത്തിന്റ ധാതുഘടനയിൽ മാറ്റം ഉണ്ടാക്കുകയും പോഷകമൂല്യങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകും. മത്സ്യസമ്പത്ത് കുറയുന്നതോടെ കടൽ പക്ഷികളുടെ പട്ടിണി മരണത്തിനും ഇത് ഇടയാക്കും. മാത്രമല്ല എൽ നിനോ കാലത്ത് പസഫിക് സമുദ്രത്തിൽ കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്കു സഞ്ചരിക്കുന്ന ട്രേഡ് വിൻഡ്‌സ്‌ (Trade Winds) നിലയ്ക്കുകയോ ദുർബലമാവുകയോ ചെയ്യും. എതിർദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവർധിക്കും.

 

1983ൽ സംഭവിച്ച എൽ നിനോ ഇഫക്ട് ഇന്തോനേഷ്യയിൽ കടുത്ത ക്ഷാമത്തിനും ദുരന്തങ്ങളുടെ ഒരു ഘോഷയാത്രയ്ക്കു തന്നെയും കാരണമായി. ഓസ്ട്രേലിയയിലെ കാട്ടുതീയും കാലിഫോർണിയയിലെ കൊടുങ്കാറ്റുകളും പേമാരിയും പെറൂവിയൻ തീരങ്ങളിലെ ആൻകെവി മത്സ്യത്തിന്റെ ഉന്മൂല നാശവും എൽ നിനോ പ്രതിഭാസത്തിന്റെ അനന്തര ഫലങ്ങളാണ്. 1982–83 കാലയളവിനുള്ളിൽ എൽ നിനോ പ്രതിഭാസംകൊണ്ടുണ്ടായ കാലാവസ്ഥാ വ്യതിയാനം കൊണ്ടുമാത്രം ഭൂമുഖത്താകെ രണ്ടായിരത്തിൽപരം ആളുകൾ മരിക്കുകയും 1200 കോടി ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. 1997–98 കാലയളവിലുണ്ടായ എൽ നിനോ പ്രതിഭാസം കുറേക്കൂടി ഭീകരമായിരുന്നു. അമേരിക്കൻ ഭൂഖണ്ഡങ്ങളെയൊന്നാകെ വെള്ളപ്പൊക്കം വിഴുങ്ങി. കൊടുങ്കാറ്റുകൾ ചൈനയെ യുദ്ധക്കളമാക്കി. ആസ്ട്രിയ വരണ്ടുണങ്ങി. തെക്കുകിഴക്കൻ ഏഷ്യയും ബ്രസീലും കാട്ടുതീയുടെ വന്യത അനുഭവിച്ചു. ഇന്തോനേഷ്യ നാൽപതു വർഷങ്ങൾക്കിടയിലുണ്ടായ ഏറ്റവും തീവ്രമായ വരൾച്ചയും ക്ഷാമവും നേരിട്ടു. മെക്സിക്കൻ നഗരങ്ങൾ നൂറു വർഷങ്ങൾക്കിടയിൽ ആദ്യമായി മഞ്ഞുമൂടിക്കിടന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂൺ കാറ്റുകളുടെ സഞ്ചാരം തടസപ്പെട്ടു. ക്രമം തെറ്റിയ കാലാവസ്ഥയ്ക്കും മേഘസ്ഫോടനത്തെത്തുടർന്നുണ്ടാകുന്ന പേമാരിയ്ക്കും അതു കാരണമായി.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...