Please login to post comment

തകഴി ശിവശങ്കരപ്പിള്ള

  • admin trycle
  • Apr 29, 2020
  • 0 comment(s)

തകഴി ശിവശങ്കരപ്പിള്ള

 

കുട്ടനാടിന്‍റെ ഇതിഹാസകാരന്‍ എന്ന് പേരെടുത്ത സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന്‍റെ മലയാളത്തിലെ പ്രചാരകനായിരുന്ന അദ്ദേഹം. നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തകഴിയുടെ ഭാഷ തകഴിയിലെയും കുട്ടനാട്ടിലെയും സാധാരണക്കാരന്റെ ഭാഷയായിരുന്നു. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന ഭാഷ പൊടിപ്പുംതൊങ്ങലുമില്ലാതെ, തട്ടുംതടവുമില്ലാതെ തകഴി ഭംഗിയായി പറഞ്ഞുതന്നു. സാമൂഹികപരിവര്‍ത്തനം എഴുത്തിലൂടെ ലക്ഷ്യമാക്കിയ അദ്ദേഹത്തിന്‍റെ നോവലുകളില്‍ വ്യക്തിയേക്കാള്‍ സമൂഹത്തിന്‍റെ ചിത്രമാണ് പ്രതിഫലിക്കുന്നത്. കേരളമോപ്പസാങ് എന്നും അദ്ദേഹം അറിയപ്പെടുന്നു.

 

1912 ഏപ്രില്‍ 17 ന് പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ തകഴിയിൽ ആണ് അദ്ദേഹത്തിന്റെ ജനനം. അച്ഛന്റെയും ചക്കംപുറത്തു കിട്ടു ആശാന്റെയും അടുത്ത് നിന്ന് നിലത്തെഴുത്ത് പഠിച്ച അദ്ദേഹം തകഴി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ച ശേഷം വൈക്കം ഹൈസ്‌ക്കൂളിലും കരുവാറ്റ സ്‌ക്കൂളിലുമായി ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചു. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന തകഴി അവിടെനിന്നും പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌.

 

13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. കേസരിയുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ അദ്ദേഹം ചെറുകഥാരംഗത്ത്‌ സജീവമായി. പിന്നീട് അദ്ദേഹം നോവലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തകഴിയുടെ ആദ്യ നോവലായ "ത്യാഗത്തിനു പ്രതിഫലം" 1934 ലാണ് പ്രസിദ്ധീകരിച്ചത്. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയെ (കാത്ത) അദ്ദേഹം വിവാഹം ചെയ്തു. പിന്നീട് അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ച തകഴി 1936 മുതല്‍ 1957 വരെ അമ്പലപ്പുഴയില്‍ വക്കീലായി ജോലി ചെയ്തിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായ അദ്ദേഹം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്.

 

ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ, അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, ഏണിപ്പടികൾ, ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ, കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ, പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി, വെള്ളപ്പൊക്കത്തില്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഇരുപത്തിയഞ്ച് നോവലുകളും ഇരുന്നൂറോളം കഥകളും പ്രസിദ്ധപ്പെടുത്തിയ ഈ കഥാകാരന്റെ മിക്ക കൃതികളും പല വിദേശഭാഷയിലേക്കും നിരവധി ഭാരതീയ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.

 

ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. 1956 മാര്‍ച്ച് ഏഴിനാണ് ചെമ്മീന്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. തനിക്ക് പരിചിതമായ ഒരു ജനവിഭാഗം കൊണ്ടാടുന്ന ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച അവതരിപ്പിക്കുകയായിരുന്നു തകഴി ഈ നോവലിലൂടെ. നീര്‍ക്കുന്നവും തൃക്കന്നപ്പുഴയും കടലും കടലിന്‍റെ മക്കളും കഥാപാത്രങ്ങളാകുന്ന ചെമ്മീന്‍ കടലുമായി ബന്ധപ്പെട്ട ഒരു പുരാവൃത്തത്തിന്‍റെ പശ്ചാത്തലത്തില്‍ അനശ്വരമായ ഒരു പ്രണയകഥ അനാവരണം ചെയ്യുന്നു. കറുത്തമ്മയും മത്സ്യമൊത്തവ്യാപാരിയുമായ പരീക്കുട്ടിയുടെയും പ്രണയമാണ് ഇതിവൃത്തമെങ്കിലും കടലോരപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട മിത്താണ് കഥാതന്തു. ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം ചെമ്മീന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍, ജാപ്പനീസ് എന്നിങ്ങനെ പതിനഞ്ചിലധികം വിദേശഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ആദ്യമായി ചെക്ക് ഭാഷയിലേക്കാണ് തര്‍ജ്ജമ ചെയ്യപ്പെട്ടത്. ഇംഗ്ലീഷ് പരിഭാഷ ഇംഗ്ലണ്ടിലും അമേരിക്കയിലും പ്രസിദ്ധപ്പെടുത്തിയെന്ന ബഹുമതിയും ചെമ്മീന്‍ എന്ന നോവലിനുണ്ട്. യുനെസ്കോയുടെ നേതൃത്വത്തിലാണ് എല്ലാ യൂറോപ്യന്‍ ഭാഷയിലേക്കും ഈ നോവല്‍ തര്‍ജ്ജമ ചെയ്തത്. ലോകത്തില്‍ ഏറ്റവുമധികം വില്ക്കപ്പെടുന്ന മലയാളപുസ്തകങ്ങളുടെ കൂട്ടത്തില്‍ ചെമ്മീനുണ്ട്. ആദ്യമായി ഒരു മലയാള നോവലിന് ദേശീയ പുരസ്കാരം ലഭിക്കുന്നത് ഈ ചെമ്മീനിലൂടെയാണ്. 1958-ല്‍ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്‍റായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നാണ് ഈ പുരസ്കാരം എഴുത്തുകാരന്‍ സ്വീകരിച്ചത്.

 

തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ചിത്രം കൂടിയാണിത്. ഷീല, മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷീലയുടെ കറുത്തമ്മയും, മധുവിന്‍റെ പരീക്കുട്ടിയും ഇന്നും മലയാളികള്‍ മറക്കാത്ത കഥാപാത്രങ്ങളായി മാറിയത് ചെമ്മീനിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ്. എസ്. എല്‍ പുരം സദാനന്ദന്‍ തിരക്കഥയെഴുതിയ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ മാര്‍ക്വസ് ബര്‍ട്ട്ലി ആയിരുന്നു. വയലാറായിരുന്നു ഗാനരചയിതാവ്. മാനസമൈനേ വരൂ, കടലിനക്കര പോണോരേ, പെണ്ണാളേ പെണ്ണാളേ , പുത്തന്‍ പണക്കാരേ തുടങ്ങിയ ഗാനങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു.

 

കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഈ കഥാകാരന് 1974-ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, 1984-ല്‍ ജ്ഞാനപീഠം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചെമ്മീന്‍ എന്ന കൃതിക്ക് 1958 ലെ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും, ഏണിപ്പടികള്‍ എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും, 1980-ല്‍ കയര്‍ എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചു. 1985-ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ച അദ്ദേഹം 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...