Please login to post comment

ബേപ്പൂര്‍

  • admin trycle
  • Mar 27, 2020
  • 0 comment(s)

ബേപ്പൂര്‍

 

കോഴിക്കോട് ജില്ലയിലെ പ്രാചീന തുറമുഖങ്ങളിലൊന്നാണ് ബേപ്പൂര്‍. വയ്പ്പുര, വടപറപ്പനാട് എന്നീ പ്രാചീന പേരുകളിലൊക്കെ അറിയപ്പെട്ടിരുന്ന ഈ സ്ഥലം ഉരു (തടികൊണ്ടുള്ള കപ്പല്‍) വ്യവസായത്തിന് പേരുകേട്ടതാണ്. കരിപ്പ പുതിയ കോവിലകം, മണയത്ത് കോവിലകം, നെടിയാല്‍ കോവിലകം, പനങ്ങാട് കോവിലകം എന്നീ നാല് കോവിലകങ്ങളാണ് ബേപ്പൂര്‍ അംശത്തിന്‍റെ ഭരണം കൈയാളിയിരുന്നതെന്നാണ് ചരിത്രകാരന്മാരുടെ വീക്ഷണം. ചാലിയാര്‍ പുഴ ഒഴുകുന്ന ഈ പ്രദേശം ഇന്ന് കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ രണ്ടു കിലോ മീറ്ററോളം കടലിനുള്ളിലേക്ക് തള്ളി നിൽക്കുന്ന പാത(പുളിമുട്ട്) ഉണ്ട്. ചാലിയാർപുഴ കടലുമായി ചേരുന്നിടത്താണ് ഈ പുളിമുട്ട് സ്ഥിതിചെയ്യുന്നത്.

 

മുമ്പ് പരപ്പ്നാട് എന്നു വിളിച്ചിരുന്ന സ്ഥലനാമം പിന്നീട് വാമൊഴിയിലൂടെ ബേപ്പൂർ ആയതാവണം എന്നാണ് കരുതുന്നത്. ടിപ്പുസുല്‍ത്താന്‍റെ അധിനിവേശ സമയത്ത് ഈ പട്ടണത്തെ സുല്‍ത്താന്‍ പട്ടണം എന്ന് നാമകരണം ചെയ്തിരുന്നു. മത്സ്യബന്ധനം കുലത്തൊഴിലായിട്ടുള്ള(അരയൻമാർ) വരാണ് തീരദേശങ്ങളിൽ താമസിക്കുന്നതിൽ ഭൂരിഭാഗവും.

 

ബ്രിട്ടീഷ് ഭരണകാലത്ത്, കേരളത്തിലെ ആദ്യമായി തീവണ്ടി ഓടിയത് ബേപ്പൂർ മുതൽ തിരൂർ വരെയായിരുന്നു. അറബിക്കടലിന്റെ റാണിയായ കൊച്ചി തുറമുഖം പ്രശസ്തിയാർജിക്കുന്നതിന്‌ എത്രയോമുമ്പ്‌ മലബാറിന്റെ വാണിജ്യ രംഗത്ത് വെളിച്ചംവീശിയ പ്രാചീനതുറമുഖമാണ്‌ ബേപ്പൂർ. ബേപ്പൂരിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കപ്പലുകൾ എത്തിയിരുന്നു. കുരുമുളക്‌, ചുക്ക്‌, അടയ്ക്ക, മരം, നാളികേരം, കശുവണ്ടി മുതലായവയാണ്‌ ബേപ്പൂർ തുറമുഖത്തുനിന്ന്‌ കയറ്റിപ്പോയത്‌. ഇതിനായി ഒരു ബോട്ട് ബിൽഡിംഗ് യാർഡും, ബോട്ട് ജട്ടിയും, കയറ്റുമതി സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നു.

 

3000 കൊല്ലത്തോളം പഴക്കമുണ്ടെന്ന്‌ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്ന ബേപ്പൂർ തുറമുഖം റോമന്‍, ചൈനീസ്, സിറിയന്‍, അറബ് തുടങ്ങിയ വാണിജ്യ ശൃംഖലയുടെ അറബിക്കടലിലെ പ്രധാന കണ്ണിയിലൊന്നായിരുന്നു. സില്‍ക്ക് റൂട്ടിലെ പ്രധാന കേന്ദ്രമായ ബേപ്പൂര്‍ തുറമുഖം വഴിയാണ് കോഴിക്കോട് മെസപ്പെട്ടോമിയയുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. 1225 വരെ പോളനാട്‌ രാജാവായ പോർളാതിരിയുടെ കീഴിലായിരുന്നു ബേപ്പൂർ. റോമക്കാർ ഫോഹാർ എന്നും വിളിച്ചിരുന്ന ബേപ്പൂരിൽ നിന്നും സോളമൻരാജാവിന്‌ സ്വർണവും വെള്ളിയും കയറ്റിയയച്ചിരുന്നു എന്ന് ചരിത്രകാരനായ ഹണ്ടർ പറയുന്നുണ്ട്.

 

ഒരു കാലഘട്ടത്തില്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന് ഏറെ പ്രശസ്തി നല്‍കിയിരുന്നതാണ് ബേപ്പൂരും ഉരു നിര്‍മ്മാണ കേന്ദ്രവും. ഇൻഡോ -പേർഷ്യൻ ബന്ധങ്ങളെ ഊട്ടി വളർത്താൻ ബേപ്പൂർ ഉരുക്കൾ വഹിച്ച പങ്ക് വളരെ വലുതാണ്. പരമ്പരാഗത അറബി വാണിജ്യ നൗകയായ ഉരു നിര്‍മ്മാണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ പണിക്കാര്‍ ബേപ്പൂരാണുണ്ടായിരുന്നത്. എ.ഡി ഒന്നാം നൂറ്റാണ്ട് മുതലാണ് ഇവിടം ഉരുനിര്‍മ്മാണത്തിന്‍റെ കേന്ദ്രമായത്. ചേരമാൻ പെരുമാൾക്ക്‌ മക്കയിലേക്ക്‌ പോവാൻ കപ്പൽ പണിതുകൊടുത്തത്‌ ബേപ്പൂരിലെ ആശാരിമാരായിരുന്നു എന്ന് പറയപ്പെടുന്നു. കോഴിക്കോട്ട്‌ കപ്പലുണ്ടാക്കി വിദേശത്ത്‌ വിറ്റിരുന്നെന്ന്‌ സഞ്ചാരിയായ അൽബറൂനി പറയുന്നുണ്ട്‌. അറബികളായിരുന്നു ബേപ്പൂര്‍ ഉരുക്കളുടെ മുഖ്യ ആവശ്യക്കാര്‍. കടൽസഞ്ചാരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അറബികളുമായി ബന്ധംസ്ഥാപിക്കാനാണ്‌ ബേപ്പൂരിലെ നാട്ടുരാജാക്കന്മാർ കപ്പൽനിർമാണവും കയറ്റുമതിയും വിപുലമാക്കിയത്‌. അവര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉരുക്കളുടെ വലുപ്പവും മറ്റു വിശദാംശങ്ങളും ആദ്യം അറിയിക്കും. ഏതു ഭാരവും ചുമലിൽ ഏറ്റുന്ന, ഏത് ആഴങ്ങളിലും മുങ്ങി നിവരുന്ന ബേപ്പൂരിന്റെ സ്വന്തം ഖലാസികൾ ആണ് ഉരു നിർമ്മാണം നടത്തുന്നത്. ആധുനിക കാലത്തെ പോലെ കപ്പലിന്റെ രൂപരേഖ വരച്ചുണ്ടാക്കുകയോ യന്ത്രോപകരണങ്ങളുടെ സഹായം തേടുകയോ ഒന്നും പണ്ടുണ്ടായിരുന്നില്ല. വിദഗ്ദ്ധരായ പണിക്കാരുടെ മനസ്സിലാണ് ഉരു ആദ്യം രൂപപ്പെടുക. ഒരു കൂട്ടം വിദഗ്ധരായ പണിക്കാര്‍ ചേര്‍ന്ന് കണക്കുകള്‍ തെല്ലും പിഴയ്ക്കാതെ ഉരു ഒരുക്കുന്നു. വലിയ ഒരു ഉരു പണി പൂർത്തിയാകാൻ നാല് വർഷം എങ്കിലും എടുക്കും. ഒരു നിമിഷത്തെ അശ്രദ്ധയോ, മനകണക്കിലെ പിഴവോ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കില്ല. നിതാന്ത ജാഗ്രത ഏറെ ആവശ്യമായ ഈ ജോലിയിൽ പണിക്കാരുടെ സംഘം ചില നിഷ്ഠകള്‍ തെറ്റാതെ പാലിക്കും. നിര്‍മ്മാണ കാലത്ത് പരിപൂര്‍ണ്ണ അച്ചടക്കം നിര്‍ബന്ധമാണ്. നിലമ്പൂർതേക്ക് കൊണ്ട് മാത്രം ആയിരുന്നു ആദ്യകാലത്ത് ഉരു നിർമ്മിച്ചിരുന്നത്. തേക്കിന്റെ ലഭ്യത കുറവും, വിലയും കാരണം പൂർണ്ണമായി തേക്ക് ഉപയോഗിക്കുക ഇന്ന് ബുദ്ധിമുട്ടാണ്. അതിനാൽ ചില ഭാഗങ്ങൾ നിർമ്മിക്കാൻ മറ്റ് മരങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്.

 

കപ്പലുകളേയും വലിയ ബോട്ടുകളേയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മയാണ് ഉരുവിനുള്ളത്. ഇന്നും ബേപ്പൂരിലെ ഉരു നിര്‍മ്മാണ ശാല തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലല്‍ നിന്നും ആള്‍ക്കാര്‍ എത്താറുണ്ട്. ഇപ്പോൾ ആകൃതികളിൽ വ്യത്യാസങ്ങൾ വരുത്തി, കൂടുതൽ ആധുനിക സൌകര്യങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് ഉരു നിർമ്മിക്കുന്നത്. പ്രധാനമായും ആവശ്യക്കാർ അറബികൾ ആയതിനാൽ അറബിക് മാതൃകയിൽ ആണ് ഏറെയും. ഒമാൻ, ഖത്തർ, സൗദി, കുവൈത്ത്, ഈജിപ്റ്റ്, ദുബായ് എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നും, ഉരു നിർമ്മിക്കുന്നു. ഖത്തര്‍ രാജകുടുംബത്തിന് അടുത്തിടെ ആഡംബര ഉരു നിര്‍മ്മിച്ച് നല്‍കിയത് ബേപ്പൂരിലെ ഉരു നിര്‍മ്മാണ ശാലയിലെ വിദഗ്ദരാണ്. ജപ്പാനിലേക്കും ബേപ്പൂർ നിന്നും ഉരുക്കൾ നിർമ്മിച്ച് കൊണ്ട് പോയിരുന്നു. എങ്കിലും ബേപ്പൂര്‍ ഉരു നിര്‍മ്മാണം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗള്‍ഫ് അടക്കമുള്ള മേഖലകളിലേക്ക് വ്യാപാരസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഉരു ഇന്ന് ടുറിസം, സ്വകാര്യ ആവശ്യങ്ങള്‍ക്കും മാത്രമാണ് ഉപയോഗിക്കുന്നത്.

 

പടവ്, ബിരീക്ക്, കൊട്ടിയ, സാംബൂക്ക്, ബഹല, പത്തെമാർ അങ്ങനെ പലതരത്തിൽ പെട്ട ഉരുക്കൾ ബേപ്പൂരിൽ ഉണ്ടാക്കി വരുന്നു. 300 മുതൽ 600 ടൺ വരെ എങ്കിലും ഭാരം വിവിധ തരം ഉരുക്കൾക്ക് ഉണ്ടാകും. ഏതാണ്ട് അറുനൂറോളം കുടുംബങ്ങൾ നേരിട്ടും ആയിരങ്ങൾ പരോക്ഷമായും ഉരു നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നു. പണി തീർത്ത ഉരു നീറ്റിൽ തള്ളി ഇറക്കുന്നത് ഒരു വലിയ ഉത്സവം ആണ്.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...